Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ പുതുനിക്ഷേപത്തിനു ഫോക്സ്‌വാഗൻ

volkswagen-recall

ഇന്ത്യയ്ക്കായി പുതിയ ഉൽപന്നശ്രേണി യാഥാർഥ്യമാക്കാൻ കൂടുതൽ നിക്ഷേപത്തിനുള്ള സാധ്യത ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ ഗ്രൂപ് പരിഗണിക്കുന്നു.  ഘട്ടം ഘട്ടമായി പുതിയ നിക്ഷേപത്തിനുള്ള സാധ്യതയാണു നിലവിൽ ഫോക്സ്‌വാഗൻ ഗ്രൂപ് പരിശോധിക്കുന്നതെന്നു കമ്പനി വക്താവ് വിശദീകരിച്ചു. പരിഷ്കരിച്ച മോഡലുകൾക്കു പുറമെ പൂർണമായും പുതുതായി വികസിപ്പിച്ച വാഹന ശ്രേണിക്കു വരെ കമ്പനി മുതൽമുടക്കിയേക്കുമെന്നും വക്താവ് സൂചിപ്പിച്ചു. 

വിൽപ്പന സാധ്യതയേറിയ മോലഡുകൾക്ക് ആഗോളതലത്തിൽ സ്വീകാര്യമായ പ്ലാറ്റ്ഫോം വികസനത്തിനായി ഫോക്സ്‌വാഗൻ ഗ്രൂപ് സ്കോഡ ഓട്ടോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ‘എം ക്യു ബി എ 0 ഐ എൻ’ പ്ലാറ്റ്ഫോം അടിത്തറയാക്കി ഈ ലക്ഷ്യം കൈവരിക്കുകയാണു സ്കോഡയുടെ ദൗത്യം. കൂട്ടിയിടി ചെറുക്കുന്നതിലും മലിനീകരണ നിയന്ത്രണത്തിലുമൊക്കെ കർശന നിലവാരം നടപ്പാവുന്ന 2020 ആകുമ്പോഴേക്ക് ഇന്ത്യൻ സാഹച്യങ്ങൾക്ക് അനുയോജ്യമായ പ്ലാറ്റ്ഫോം അവതരിപ്പിക്കാനാവും സ്കോഡയുടെ ശ്രമം. ഈ ഗ്ലോബൽ ആർക്കിടെക്ചറിന്റെ പിൻബലത്തിൽ വ്യാപക വിൽപ്പന ലക്ഷ്യമിട്ടുള്ള പുത്തൻ മോഡലുകൾ പുറത്തിറക്കാനാണു സ്കോഡയുടെയും ഫോക്സ്വാഗന്റെയും നീക്കം.

ഗ്രൂപ്പിൽപെട്ട ഫോക്സ്വാഗൻ, ഔഡി, സ്കോഡ ബ്രാൻഡുകൾക്കെല്ലാം നിലവിൽ ഇന്ത്യയിൽ സാന്നിധ്യമുണ്ട്. ‘പോളോ’, ‘അമിയൊ’, ‘വെന്റോ’, ‘പസറ്റ്’ തുടങ്ങിയ കാറുകളാണു നിലവിൽ ഫോക്സ്‌വാഗൻ ശ്രേണിയിൽ നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ളത്. സ്കോഡയും ഫോക്സ്വാഗനും സഹകരിച്ചു പ്രവർത്തിക്കുമെങ്കിലും ഔഡി സ്വന്തം നിലയ്ക്കുള്ള മോഡലുകളാവും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുക.

പുണെയ്ക്കടുത്ത് ചക്കനിലുള്ള ശാല മൂന്നു ഷിഫ്റ്റ് പ്രവർത്തിച്ചാൽ പ്രതിവർഷം രണ്ടു ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയാണു ഫോക്സ്‌വാഗനുള്ളത്. ഫോക്സ്വാഗനു പുറമെ സ്കോഡ ശ്രേണിയിലെ കാറുകളും ഇവിടെ നിർമിക്കുന്നുണ്ട്. പോരെങ്കിൽ ഭാവിയിലെ ആവശ്യം വിലയിരുത്തി ഈ ശാലയുടെ ശേഷി ഉയർത്താനാവുമെന്നും കമ്പനി വ്യക്തമാക്കുന്നു.