Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ ഒറ്റവർഷം 50 ഡീലർഷിപ് തുറന്നു റെനോ

Renault Kwid Live For More Reloaded Renault Kwid Live For More Reloaded

കഴിഞ്ഞ വർഷം ഇന്ത്യയിൽ 50 പുതിയ ഡീലർഷിപ്പുകൾ തുറന്നെന്നു ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ. ഇതോടെ രാജ്യത്തെ മൊത്തം ഡീലർഷിപ്പുകളുടെ എണ്ണം 320 ആയി ഉയർന്നെന്നും കമ്പനി അറിയിച്ചു. വിപണന ശൃംഖല വിപുലീകരണത്തിൽ മികച്ച വളർച്ചയാണു കൈവരിച്ചതെന്നാണു കമ്പനിയുടെ വിലയിരുത്തൽ. 2011 മേയിൽ വെറും 14 ഡീലർഷിപ്പുകളാണു കമ്പനിക്കുണ്ടായിരുന്നത്. 2016 അവസാനിക്കുമ്പോഴേക്കാവട്ടെ ഡീലർഷിപ്പുകളുടെ എണ്ണം 270 ആയി ഉയർന്നു.

ഇന്ത്യൻ വാഹന വ്യവസായ ചരിത്രത്തിലെ തന്നെ മികച്ച മുന്നേറ്റമാണ് ഡീലർഷിപ് ശൃംഖല വിപുലീകരണത്തിൽ കമ്പനി കൈവരിച്ചതെന്നാണു റെനോ ഇന്ത്യയുടെ അവകാശവാദം. ഒറ്റ വർഷത്തിനിടെ 50 പുതിയ ഡീലർഷിപ്പുകൾ തുറക്കുക എന്നത് അപൂർവ നേട്ടമാണ്. ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായി വിസകിപ്പിച്ച പുതുതലമുറ സെയിൽസ് ഔട്ട്ലെറ്റ് ആശയമായ ‘റെനോ സ്റ്റോർ’ കൺസപ്റ്റിൽ അധിഷ്ഠിതമാണു റെനോയുടെ എല്ലാ ഡീലർഷിപ്പുകളുമെന്നും കമ്പനി വിശദീകരിച്ചു. ഇന്ത്യയിൽ ശക്തമായ അടിത്തറ സൃഷ്ടിക്കാൻ കഴിഞ്ഞ ഏതാനും വർഷമായി ഊർജിത ശ്രമമാണു റെനോ നടത്തുന്നത്. 

എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡ്’ മികച്ച വിജയം നേടിയതും കമ്പനിയുടെ മുന്നേറ്റത്തിന് ഊർജം പകരുന്നുണ്ട്. അടുത്തയിടെ വിപണിയിലെത്തിയ സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘കാപ്ചറും’ മികച്ച പ്രതികരണം സൃഷ്ടിച്ചെന്നാണു റെനോയുടെ അവകാശവാദം.