Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റയുടെ ‘നെക്സൻ എ എം ടി’ എക്സ്പോയിൽ

Tata Nexon Tata Nexon

ഓട്ടോ എക്സ്പോയിൽ ടാറ്റ മോട്ടോഴ്സിന്റെ പവിലിയനിൽ ശ്രദ്ധാകേന്ദ്രമാവുക ഉൽപ്പാദനസജ്ജമായ ‘എക്സ് 451’ ഹാച്ച്ബാക്കും ‘എച്ച് ഫൈവ്’ എസ് യു വിയുമൊക്കെയാവും. പക്ഷേ ഇതോടൊപ്പം കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ കമ്പനിക്കു ശക്തമായ മുന്നേറ്റം നേടിക്കൊടുത്ത ‘നെക്സ’ന്റെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) വകഭേദവും ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കും. പെട്രോൾ, ഡീസൽ വകഭേദങ്ങളുടെ എ എം ടി പതിപ്പ് പുറത്തിറക്കാനാണു കമ്പനിയുടെ പദ്ധതി.

രാജ്യത്തെ കോംപാക്ട് എസ് യു വി വിപണിയിൽ നിലവിൽ ഫോഡിനു മാത്രമാണ് ഓട്ടമാറ്റിക് വകഭേദം ലഭ്യമാവുന്നത്; പെട്രോൾ എൻജിനുള്ള ‘ഇകോസ്പോർട്ടി’നൊപ്പമാണ് കമ്പനി ആറു സ്പീഡ് ടോർക് കൺവട്ടർ യൂണിറ്റ് ലഭിക്കുക. ‘ഇകോ സ്പോർട്ടി’നെ നേരിടാനായി നിലവിൽ പെട്രോൾ, ഡീസൽ എൻജിനുകൾക്കു കൂട്ടായെത്തുന്ന ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ നിന്നു വികസിപ്പിച്ചെടുത്ത എ എം ടി ട്രാൻസ്മിഷൻ സഹിതമാവും ടാറ്റ ‘നെക്സ’ന്റെ വരവ്. 

ട്രാൻസ്മിഷനിലെ പരിഷ്കാരത്തിനപ്പുറം രൂപത്തിലോ സാങ്കേതികവിഭാഗത്തിലോ മാറ്റമൊന്നുമില്ലാതെയാവും എ എം ടി ‘നെക്സൻ’ എത്തുക. അതുകൊണ്ടുതന്നെ എ എം ടിയാണോ മാനുവൽ ട്രാൻസ്മിഷനാണോ ‘നെക്സ’നെന്നു കാഴ്ചയിൽ തിരിച്ചറിയുകയും പ്രയാസമാവും. ടാറ്റയുടെ പതിവു ശൈലി പരിഗണിക്കുമ്പോൾ ഇടത്തരം വകഭേദമായ ‘എക്സ് ടി എ’യിലും മുന്തിയ വകഭേദമായ ‘എക്സ് സെഡ് എ’യിലുമാവും ‘നെക്സണി’ൽ എ എം ടി ഇടംപിടിക്കുക. 

‘ഇകോ സ്പോർടു’മായി ശക്തമായ മത്സരം ലക്ഷ്യമിട്ട് ആകർഷക വിലയ്ക്കാവും ടാറ്റ ‘നെക്സൻ എ എം ടി’ വിൽപ്പനയ്ക്കെത്തിക്കുകയെന്നാണു പ്രതീക്ഷ. ടാറ്റ ശ്രേണിയിൽ എ എം ടി സഹിതം വിൽപ്പനയ്ക്കെത്തുന്ന അഞ്ചാമതു മോഡലാവും ‘നെക്സൻ’; നിലവിൽ ‘നാനോ’,  ‘സെസ്റ്റ്’, ടിയാഗൊ’, ‘ടിഗൊർ’ എന്നിവയിലാണ് എ എം ടി സംവിധാനമുള്ളത്.