Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ നിന്നു യന്ത്രഘടക കയറ്റുമതി ഉയർത്താൻ ഹോണ്ട

honda-cars-logo

ഇന്ത്യയിൽ നിർമിച്ച യന്ത്രഘടകങ്ങളുടെ കയറ്റുമതി കുത്തനെ ഉയർത്താൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സിനു പദ്ധതി. നടപ്പു സാമ്പത്തിക വർഷം യന്ത്രഘടക കയറ്റുമതിയിൽ നിന്ന് 1,500 കോടി രൂപ നേടനാവുമെന്നാണു ഹോണ്ട കാഴ്സ് ഇന്ത്യയുടെ പ്രതീക്ഷ. 2016 — 17ൽ നേടിയ 1,140 കോടി രൂപ വരുമാനത്തെ അപേക്ഷിച്ച് 31.57% അധികാണിത്. യന്ത്രഘടകങ്ങൾക്കു പുറമെ ഇന്ത്യയിൽ നിന്നുള്ള വാഹന കയറ്റുമതി വർധിപ്പിക്കാനും ഹോണ്ട കാഴ്സ് ഇന്ത്യയ്ക്കു പദ്ധതിയുണ്ട്. ഇക്കൊല്ലത്തെ കാർ കയറ്റുമതി ആറായിരത്തോളം യൂണിറ്റാവുമെന്ന് കമ്പനി സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) ജ്ഞാനേശ്വർ സെൻ വെളിപ്പെടുത്തി.

കഴിഞ്ഞ ഏപ്രിൽ — ഡിസംബർ കാലത്ത് 4,114 കാറുകളാണു ഹോണ്ട കാഴ്സ് കയറ്റുമതി ചെയ്തത്; മുൻവർഷം ഇതേ കാലത്തെ കയറ്റുമതിയെ അപേക്ഷിച്ച് 4.87% അധികാണിത്. ഇക്കാലത്തിനിടെ 2,719 കാറുകളും 1,395 സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളുമാണ് ഹോണ്ട കയറ്റുമതി ചെയ്തത്. 2016 — 17ന്റെ ആദ്യ ഒൻപതു മാസക്കാലത്തിനിടെ 3,923 യൂണിറ്റായിരുന്നു ഹോണ്ട ഇന്ത്യയുടെ കയറ്റുമതി; ഇതിൽ 2,902 കാറുകളും 1,021 യൂട്ടിലിറ്റി വാഹനങ്ങളുമായിരുന്നു. നടപ്പു സാമ്പത്തികവർഷം ഇതുവരെ യൂട്ടിലിറ്റി വാഹന കയറ്റുമതിയിൽ 36.63% വർധനയാണു ഹോണ്ട കാഴ്സ് കൈവരിച്ചത്; അതേസമയം കാർ കയറ്റുമതിയിൽ 6.30% ഇടിവു നേരിട്ടെന്ന് വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം)യുടെ കണക്കുകൾ വ്യക്തമാക്കുന്നു. 

കഴിഞ്ഞ ജൂലൈ മുതൽ ഇന്ത്യയിൽ നിർമിച്ച 1.6 ലീറ്റർ ഡീസൽ എൻജിൻ തായ്ലൻഡിലേക്കും ഫിലിപ്പൈൻസിലേക്കും ഹോണ്ട കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യൻ മോഡൽശ്രേണിയിലെ കാറുകൾക്കൊന്നും ഹോണ്ട നിലവിൽ ഈ എൻജിൻ ഉപയോഗിക്കുന്നില്ല; പക്ഷേ 2013 മുതൽ രാജസ്ഥാനിലെ തപുകര ശാലയിൽ ഈ എൻജിന് ആവശ്യമായ ഘടകങ്ങൾ നിർമിക്കുന്നുണ്ട്. കൂടാതെ യു കെയിൽ വിൽക്കുന്ന ‘സിവിക്കി’ലും ‘സി ആർ — വി’യിലും ഇടംപിടിക്കുന്ന ഈ എൻജിന് ആവശ്യമായ ഘടകങ്ങൾ ഹോണ്ട ബ്രിട്ടനിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. പോരെങ്കിൽ മാനുവൽ ട്രാൻസ്മിഷൻ, ഡീസൽ എൻജിൻ നിർമാണത്തിനു ഹോണ്ടയ്ക്കുള്ള ഏറ്റവും വലിയ ശാലയുമാണ് തപുകരയിലേത്.