Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില പ്രഖ്യാപിക്കും മുമ്പേ തരംഗമായി പുതിയ സ്വിഫ്റ്റ്, ലഭിക്കുന്നത് മികച്ച ബുക്കിങ്

swift-2018 New Swift

നിരത്തിലെത്തുംമുമ്പു തന്നെ ആവശ്യക്കാരേറിയതോടെ പുത്തൻ ‘സ്വിഫ്റ്റി’നായുള്ള കാത്തിരിപ്പും നീളുമെന്ന് ഉറപ്പായി. ഔപചാരികമായ അരങ്ങേറ്റം പോലും കഴിയാത്ത പുത്തൻ ‘സ്വിഫ്റ്റ്’ ലഭിക്കാൻ ആറു മുതൽ എട്ട് ആഴ്ച വരെ കാത്തിരിക്കേണ്ട സ്ഥിതിയാണെന്നാണു ഡീലർമാർ നൽകുന്ന സൂചന. പുതിയ ‘സ്വിഫ്റ്റ്’ സ്വന്തമാക്കാനെത്തുന്നവരുടെ തിരക്ക് പരിഗണിക്കുമ്പോൾ കാറിനുള്ള കാത്തിരിപ്പ് നാലു മാസം വരെ നീണ്ടാലും അത്ഭുതപ്പെടാനില്ലെന്നും ഡീലർമാർ വ്യക്തമാക്കുന്നു

Maruti Suzuki Swift 2018 | Fasttrack | Manorama Online

അഡ്വാൻസായി 11,000 രൂപ ഈടാക്കി കഴിഞ്ഞ 17 മുതലാണ് പുതിയ ‘സ്വിഫ്റ്റി’നുള്ള ബുക്കിങ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങിയത്. അതേസമയം വിവിധ ഡീലർഷിപ്പുകളാവട്ടെ അതിനു മുമ്പു തന്നെ പുതിയ ‘സ്വിഫ്റ്റി’നുള്ള ബുക്കിങ് ഏറ്റെടുക്കുന്നുണ്ടായിരുന്നു. 

maruti-swift-3 Swift 2018

പുതിയ ‘സ്വിഫ്റ്റി’ൽ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷ(എ എം ടി)നുള്ള വകഭേദത്തിനാണ് കൂടുതൽ ആവശ്യക്കാരെന്ന സവിശേഷതയുമുണ്ട്; മൊത്തം ബുക്കിങ്ങിൽ 65 ശതമാനത്തോളം ഈ കാറിനാണത്രെ. പെട്രോൾ എൻജിനുള്ള ‘വി എക്സ് ഐ’, ‘സെഡ് എക്സ് ഐ’,  ഡീസൽ എൻജിനുള്ള ‘വി ഡി ഐ’, ‘സെഡ് ഡി ഐ’ വകഭേദങ്ങളാണ് ഓട്ടോ ഗീയർ ഷിഫ്റ്റ്(എ ജി എസ്) സൗകര്യത്തോടെ ലഭിക്കുക. പുതിയ ‘സ്വിഫ്റ്റ്’ എത്തുന്നതോടെ രണ്ടു പുതിയ നിറങ്ങളും മാരുതി സുസുക്കി അവതരിപ്പിക്കുന്നുണ്ട്: പ്രൈം ലൂസന്റ് ഓറഞ്ചും മിഡ്നൈറ്റ് ബ്ലൂവും.

അടുത്ത മാസം ആദ്യം നടക്കുന്ന ഓട്ടോ എക്സ്പോയിലാവും പുതിയ ‘സ്വിഫ്റ്റി’ന്റെ ഔപചാരിക അരങ്ങേറ്റം. പുതിയ കാറിനു നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് 15,000 രൂപയോളം വിലയേറുമെന്നാണു സൂചന.