Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റയില്‍ നിന്നെത്തുന്ന ബലേനൊ എതിരാളിയുടെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

tata-premium-hatchback..

ടിയാഗോയും നെക്‌സണും സൃഷ്ടിച്ച അനുകൂല തരംഗം മുതലെടുക്കാനെത്തുന്ന പ്രീമിയം ഹാച്ച്ബാക്കിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ടാറ്റ പുറത്തുവിട്ടു. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ മാരുതി ബലേനൊ ഹ്യുണ്ടേയ് എലൈറ്റ് ഐ 20 തുടങ്ങിയ കാറുകളുമായി മത്സരിക്കാനെത്തുന്ന കാറിനെ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ പ്രദര്‍ശിപ്പിക്കും. എക്‌സ് 451 എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന വാഹനത്തിന്റെ പേര് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായി എത്തുന്ന ചെറു കാര്‍ പുതിയ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും (എഎംപി) നിര്‍മിക്കുക.

വരും തലമുറ ടാറ്റ വാഹനങ്ങളുടെ ഇംപാക്റ്റ് ഡിസൈന്‍ ലാഗ്വേജ് 2.0 ല്‍ പുറത്തിറങ്ങുന്ന ആദ്യ വാഹനമായിരിക്കും പ്രീമിയം ഹാച്ച്ബാക്ക്. ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍ തുടങ്ങിയ വാഹനങ്ങള്‍ ഇംപാക്റ്റ് ഡിസൈന്‍ ലാഗ്വേജ് 1.0 പ്രകാരം ഡിസൈന്‍ ചെയ്ത വാഹനങ്ങളായിരുന്നു.

ടിയോഗോയെക്കാള്‍ വലിപ്പമുള്ള വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങള്‍ കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. ടാറ്റയുടെ പുതു തലമുറ കാറുകളെപ്പോലെ സ്‌റ്റൈലന്‍ ലുക്കും ധാരാളം ഫീച്ചറുകളുമായിട്ടാകും പുതിയ കാര്‍ പുറത്തിറങ്ങുക. നെക്‌സോണില്‍ ഉപയോഗിക്കുന്ന 1.2 ലീറ്റര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിനും ടിയാഗോയിലെ 1.05 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാകും പുതിയ കാറിന് കരുത്തേകുക. ഡീസല്‍ എന്‍ജിന് കൂട്ടായി (വി ജി ടി)വേരിയബില്‍ ജോമട്രി ടര്‍ബോയും ഉണ്ടാകും. ഓട്ടോഎക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന വാഹനം ഈ വര്‍ഷം തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.