Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘റോയൽ’ ലുക്കിൽ എത്തുന്നു പുതിയ ബുള്ളറ്റുകൾ

royal-enfield-thunderbird Royal Enfield Thunderbird, Representative Image

‘തണ്ടർബേഡ് 500 എക്സ്’, ‘തണ്ടർബേഡ് 350 എക്സ്’ എന്നിവ അവതരിപ്പിക്കാൻ റോയൽ എൻഫീൽഡ് ഒരുങ്ങുന്നു. ഫെബ്രുവരി 22ന് ഇരു മോഡലുകളുടെയും അരങ്ങേറ്റം നടത്താനാണ് ഐഷർ ഗ്രൂപ്പിന്റെ ഇരുചക്രവാഹന നിർമാണവിഭാഗമായ റോയൽ എൻഫീൽഡിന്റെ പദ്ധതി. വിപണനോദ്ഘാടനത്തിനു മുന്നോടിയായി ‘തണ്ടർബേഡ് 500 എക്സ്’ ഡീലർഷിപ്പുകളിൽ എത്തിയതായാണ് സൂചന. അടുത്തയിടെയാണു റോയൽ എൻഫീൽഡ് ‘ഹിമാലയൻ എഫ് ഐ സ്ലീറ്റ് എഡീഷൻ’ വിൽപ്പനയ്ക്കെത്തിച്ചത്. 

തിളക്കമാർന്ന നിറമുള്ള ടാങ്കും മെക്കാനിക്കൽ ഭാഗങ്ങളിൽ കറുപ്പ് നിറവുമായാണ് ഇരു ബൈക്കുകളുടെയും വരവ്. സാങ്കേതികവിഭാഗത്തിൽ ‘തണ്ടർബേഡ് 500’, ‘തണ്ടർബേഡ് 350’ എന്നിവയിൽ നിന്നു മാറ്റമൊന്നുമില്ലാതെയാവും ‘എക്സ്’ പതിപ്പുകൾ എത്തുക. പുത്തൻ ഹാൻഡ്ൽ ബാർ, സിംഗിൾ പീസ് സീറ്റ്, കറുപ്പ് അലോയ് വീൽ, ട്യൂബ്രഹിത ടയർ തുടങ്ങിയവയാവും ‘തണ്ടർബേഡ് 500 എക്സി’ലെ മാറ്റങ്ങൾ. 

എൻജിനും എക്സോസ്റ്റിനുമൊക്കെ കറുപ്പ് നിറമാണു റോയൽ എൻഫീൽഡ് തിരഞ്ഞെടുത്തിരിക്കുന്നത്. ‘തണ്ടർബേഡ് 500 എക്സി’ൽ തിളക്കമാർന്ന ചുവപ്പ്, വെളുപ്പ്, മഞ്ഞ അഥവാ നീല കോൺട്രാസ്റ്റിങ് പെയ്ന്റിങ്ങും ഇതിന് അനുയോജ്യമായ റിം സ്ട്രൈപ്പുകളുമുണ്ടാവും. പിൻഭാഗത്തെ വൃത്തിയാക്കാനായി ബാക്ക്റസ്റ്റും കമ്പനി ഒഴിവാക്കിയിട്ടുണ്ട്; ഒപ്പം ഗ്രാബ് റയിലും കറുപ്പു നിറത്തിലാക്കി. ചുരുക്കത്തിൽ യുവതലമുറയെ ലക്ഷ്യമിട്ട് കൂടുതൽ സ്പോർട്ടി രൂപത്തിലാവും ‘തണ്ടർബേഡ് 500 എക്സി’ന്റെ വരവ്.  ‘തണ്ടർബേഡ് 500 എക്സി’നു സമാനമായ മാറ്റങ്ങളും പരിഷ്കാരങ്ങളുമായിട്ടാണ് ‘തണ്ടർബേഡ് 350 എക്സും’ എത്തുന്നത്. 

‘തണ്ടർബേഡ് 500 എക്സി’നു കരുത്തേകുന്നത് 499 സി സി, സിംഗിൾ സിലിണ്ടർ എൻജിനാണ്; 27.2 പി എസ് വരെ കരുത്തും 41.3 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ‘തണ്ടർബേഡ് 350 എക്സി’ലുള്ളതാവട്ടെ സാധാരണ ‘ബുള്ളറ്റി’ലെ 346 സി സി, സിംഗിൾ സിലിണ്ടർ എൻജിനാണ്; 21 പി എസ് വരെ കരുത്തും 20 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. രണ്ട് എൻജിനുകൾക്കും കൂട്ട് അഞ്ചു സ്പീഡ് ഗീയർബോക്സാണ്.