Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർച്ചിൽ കാർ വില കൂട്ടുമെന്നു സ്കോഡ ഇന്ത്യ

Skoda Kodiaq Skoda Kodiaq

ഇറക്കുമതി ചെയ്ത കാറുകൾക്കും കാർ നിർമാണത്തിനുള്ള കിറ്റുകൾക്കും കസ്റ്റംസ് ഡ്യൂട്ടി ഉയർത്താനുള്ള തീരുമാനത്തിന്റെ അലയടികൾ ഇന്ത്യൻ വാഹന വിപണിയിൽ ദൃശ്യമായി തുടങ്ങി. കാർ ഇറക്കുമതിക്കും കിറ്റ് ഇറക്കുമതിക്കുമുള്ള കസ്റ്റംസ് ഡ്യൂട്ടി നിരക്ക് ഉയർത്തുമെന്ന് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടയിലാണ് പ്രഖ്യാപനമുണ്ടായത്.

ഈ തീരുമാനത്തിന്റെ പ്രത്യാഘാതമായി ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോയാണ് മാർച്ച് ഒന്നു മുതൽ കാർ വില വർധിപ്പിക്കുമെന്നു പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാർ തീരുമാനം സൃഷ്ടിക്കുന്ന അധിക ബാധ്യത പൂർണമായും ഉപയോക്താക്കൾക്കു കൈമാറില്ലെന്നാണു സ്കോഡ നൽകുന്ന സൂചന. അതുകൊണ്ടുതന്നെ ആദ്യ ഘട്ടത്തിൽ സ്കോഡ കാർ വിലയിൽ ഒരു ശതമാനം വർധനയാണു നടപ്പാവുക; ഇതോടെ വിവിധ മോഡലുകളുടെ വിലയിൽ 10,000 മുതൽ 35,000 രൂപ വരെ വർധന നിലവിൽ വരും. ഇക്കൊല്ലം തന്നെ നാലു ശതമാനം വരെ വില വർധന കൂടി പ്രതീക്ഷിക്കാമെന്നാണു സ്കോഡ നൽകുന്ന സൂചന; ഇതോടെ കാർ വിലയിൽ ഒന്നര ലക്ഷം രൂപയുടെ വരെ വർധനയാണ് സ്കോഡ നടപ്പാക്കുക. 

സ്കോഡ ഓട്ടോ ഇന്ത്യയിൽ വിൽക്കുന്ന കാറുകളുടെ 55% ഘടകങ്ങളാണു പ്രാദേശികമായി സമാഹരിക്കുന്നത്. പ്രധാനമായും എൻജിൻ, ഗീയർബോക്സ് ഇറക്കുമതി തുടരുന്ന സ്കോഡയുടെ നിർമാണശാല മഹാരാഷ്ട്രയിലെ ഔറംഗബാദിലാണു പ്രവർത്തിക്കുന്നത്. ഇന്ത്യൻ കാർ വിപണിയിൽ അഞ്ചു ശതമാനം വിഹിതം മോഹിക്കുന്ന സ്കോഡ പ്രാദേശിക ഘടകങ്ങളുടെ വിഹിതം 60% ആക്കി ഉയർത്താനും ശ്രമിക്കുന്നുണ്ട്. നിലവിൽ ഇന്ത്യൻ കാർ വിപണിയിൽ രണ്ടു ശതമാനം വിഹിതമാണ് സ്കോഡയ്ക്കുള്ളത്. 

സ്കോഡയുടെ ഔറംഗബാദ് ശാലയുടെ വാർഷിക ഉൽപ്പാദനശേഷി 40,000 യൂണിറ്റാണ്. ‘ഒക്ടേവിയ’, ‘സുപർബ്’, ‘കോഡിയാക്’ എന്നിവയാണ് സ്കോഡ ഈ ശാലയിൽ നിർമിക്കുന്നത്. കമ്പനിയുട എൻട്രി ലവൽ മോഡലായ ‘റാപിഡി’ന്റെ നിർമാണം മാതൃസ്ഥാപനമായ ഫോക്സ്വാഗനു പുണെയ്ക്കടുത്ത് ചക്കനിലുള്ള ശാലയിലാണ്. ‍