Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത കാർ: സർക്കാർ നയം കാത്തു ഹോണ്ട

honda-cars-logo

വൈദ്യുത കാറുകൾ സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ നയപ്രഖ്യാപനത്തിനു ശേഷം മാത്രമേ ഇന്ത്യയിൽ ഇത്തരം വാഹനങ്ങൾ അവതരിപ്പിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കൂ എന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട. വൈദ്യുത വാഹനങ്ങൾക്കു സ്വതന്ത്രമായ നിലനിൽപ്പില്ലെന്നു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ യോയ്ചിരൊ ഊനൊ ഓർമിപ്പിച്ചു. ചാർജിങ് കേന്ദ്രങ്ങളും വൈദ്യുത ലഭ്യതയുമടക്കമുള്ള ആവാസ വ്യവസ്ഥയുടെ പിൻബലത്തോടെ മാത്രമാണു വൈദ്യുത വാഹനങ്ങൾക്കു നിലനിൽക്കാനാവുക. അതുകൊണ്ടുതന്നെ ഇത്തരം വാഹനങ്ങൾക്ക് അനുകൂല വ്യവസ്ഥയുണ്ടാവുക സുപ്രധാനമാണ്. വൈദ്യുത വാഹന മേഖലയ്ക്കുള്ള മാർഗരേഖയും പദ്ധതിയുമൊക്കെ പൂർത്തിയാവുന്ന മുറയ്ക്ക് ഈ വിഭാഗത്തിൽ അനുയോജ്യമായ മോഡലുകൾ അവതരിപ്പിക്കുമെന്നും ഊനൊ അറിയിച്ചു. 

നിലവിൽ ആഡംബര സെഡാനായ ‘അക്കോഡി’ന്റെ സങ്കര ഇന്ധന വകഭേദം മാത്രമാണ് ഹോണ്ട വിൽപ്പനയ്ക്കെത്തിക്കുന്നത്. എന്നാൽ ചരക്ക്, സേവന നികുതി(ജി എസ് ടി) നടപ്പായതോടെ ഹൈബ്രിഡ് ‘അക്കോഡ്’ വിൽപ്പനയ്ക്കു തടസ്സമായി. ഇതുവരെ 90 യൂണിറ്റ് മാത്രമാണ് ഹോണ്ട ഇന്ത്യയിൽ വിറ്റത്. 

മലിനീകരണ നിയന്ത്രണത്തിലെ ഭാരത് സ്റ്റേജ് ആറ് നിലവാരം കൈവരിക്കുക ഹോണ്ടയെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമല്ലെന്നും ഊനൊ വ്യക്തമാക്കി. 2018 — 19 സാമ്പത്തിക വർഷം മൂന്നു മോഡൽ അവതരണങ്ങൾക്കാണു ഹോണ്ട തയാറെടുക്കുന്നത്: പുതുതലമുറ ‘അമെയ്സ്’, പ്രീമിയം സെഡനായ ‘സിവിക്’, സ്പോർട്ട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘സി ആർ — വി’. ഇതോടെ ഇന്ത്യൻ കാർ വിപണിയിൽ 80% വിഭാഗത്തിലും കമ്പനിക്കു സാന്നിധ്യമാവുമെന്നും ഹോണ്ട അവകാശപ്പെടുന്നു. കോംപാക്ട് എസ് യു വി വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനി ആലോചിക്കുന്നുണ്ടെന്നും ഊനൊ വെളിപ്പെടുത്തി. 

അതേസമയം വിവിധോദ്ദേശ്യ വാഹന(എം പി വി) വിഭാഗത്തിൽ തിരിച്ചെത്താൻ ഹോണ്ടയ്ക്കു പരിപാടിയില്ലെന്നും ഊനൊ അറിയിച്ചു. ഇന്ത്യയിൽ നിന്നു പിൻവലിച്ച ‘മൊബിലിലൊ’യ്ക്കു പകരം മോഡൽ ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.