Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറു ഹാച്ച്ബാക്കുമായി സ്കോഡ

skoda-logo

എൻട്രി ലവൽ വിഭാഗത്തിനായി വികസിപ്പിക്കുന്ന പുതിയ പ്ലാറ്റ്ഫോം അടിത്തറയാവുന്ന കാറുകൾ മൂന്നു വർഷത്തിനകം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കാനാവുമെന്നു സ്കോഡയ്ക്കു പ്രതീക്ഷ. പ്രധാനമായും ഇന്ത്യയിൽ വിൽക്കാൻ ലക്ഷ്യമിടുന്ന പുതിയ എൻട്രി ലവൽ കാറിന്റെ പ്ലാറ്റ്ഫോം വികസിപ്പിക്കാനുള്ള ദൗത്യം ചെക്ക് നിർമാതാക്കളായ സ്കോഡയെയാണു ജർമൻ ഗ്രൂപ്പായ ഫോക്‌സ്‍വാഗൻ ഏൽപ്പിച്ചിരുന്നത്.

ടാറ്റ മോട്ടോഴ്സിന്റെ സഹകരണത്തോടെ വില കുറഞ്ഞ കാർ വികസിപ്പിക്കാനുള്ള ശ്രമം പാളിയതോടെ കഴിഞ്ഞ ഓഗസ്റ്റിലാണു സ്കോഡ സ്വന്തം നിലയ്ക്ക് ഈ ഉദ്യമം ഏറ്റെടുത്തത്. ഫോക്സ്വാഗന്റെ ‘എം ക്യു ബി എ സീറോ’ പ്ലാറ്റ്ഫോം ആധാരമാക്കി ഈ ദൗത്യം പൂർത്തിയാക്കാനാവുമോ എന്നായിരുന്നു സ്കോഡയുടെ ആദ്യ പരീക്ഷണം. എന്തായാലും 2021 ആകുന്നതോടെ ഈ പുത്തൻ പ്ലാറ്റ്ഫോമിലുള്ള കാറുകൾ ഇന്ത്യയിൽ വിൽക്കാനാവുമെന്നാണു സ്കോഡ ചീഫ് എക്സിക്യൂട്ടീവ് ബെൺഹാഡ് മെയറുടെ പ്രതീക്ഷ. ആദ്യ ഘട്ടത്തിൽ പ്രതിവർഷം മൂന്നു ലക്ഷം യൂണിറ്റിന്റെ ഉൽപ്പാദനവും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഫോക്സവാഗൻ ബ്രാൻഡുമായി ഈ പ്ലാറ്റ്ഫോം പങ്കിടുമെന്നും മെയർ വ്യക്തമാക്കുന്നു.  2020 ആകുന്നതോടെ കാർ വിൽപ്പനയിൽ ചൈനയ്ക്കും യു എസിനും പിന്നാലായി ആഗോളതലത്തിൽ തന്നെ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുമെന്നാണു പ്രതീക്ഷ. 

പുത്തൻ എൻട്രി ലവൽ കാറിനു പുറമെ ഇലക്ട്രിക് മൊബിലിറ്റി, ഡിജിറ്റലൈസേഷൻ രംഗങ്ങളിലും കനത്ത നിക്ഷേപത്തിനു സ്കോഡ തയാറെടുക്കുന്നുണ്ട്. അടുത്ത അഞ്ചു വർഷത്തിനിടെ ഈ രംഗത്ത് 250 കോടി ഡോളർ(ഏകദേശം 16,261 കോടി രൂപ) ആവും കമ്പനി നിക്ഷേപിക്കുക. 2025 ആകുന്നതോടെ ബാറ്ററിയിൽ ഓടുന്ന 10 മോഡലുകളെങ്കിലും വിൽപ്പനയ്ക്കെത്തിക്കുകയാണു സ്കോഡയുടെ ലക്ഷ്യം. 

ആഗോളതലത്തിൽ 15 കേന്ദ്രങ്ങളിലായി 12 ലക്ഷം കാറുകളാണു സ്കോഡ ഉൽപ്പാദിപ്പിക്കുന്നത്; അടുത്ത ദശാബ്ദത്തിന്റെ മധ്യത്തോടെ ഉൽപ്പാദനം 20 ലക്ഷമായി ഉയരുമെന്നാണു മെയറുടെ പ്രതീക്ഷ. 2020 ആകുന്നതോടെ ചൈനയിലെ വാഹന വിൽപ്പന ഇരട്ടിയായി വർധിപ്പിച്ച ആറു ലക്ഷം യൂണിറ്റാക്കാനാവുമെന്നും അദ്ദേഹം കരുതുന്നു.