Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോക്‌സ്‌വാഗൻ മേധാവിക്കു പ്രതിഫലം 81.72 കോടി രൂപ

matthias-muller

വരുമാനം റെക്കോഡിലെത്തിയതോടെ ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൻ ഗ്രൂപ് മേധാവി മത്തിയാസ് മ്യുള്ളറുടെ ശമ്പളത്തിലും 40% വർധന. 1.014 കോടി ഡോളർ(ഏകദേശം 81.72 കോടി രൂപ) ആണു ചീഫ് എക്സിക്യൂട്ടീവ് മത്തിയാസ് മ്യുള്ളർക്കു കഴിഞ്ഞ ദിവസം വേതനമായി നൽകിയതെന്നു ഫോക്‌സ്‌വാഗൻ അറിയിച്ചു. 2016ൽ 73 ലക്ഷം യൂറോ(ഏകദേശം 58.83 കോടി രൂപ) ആയിരുന്നു മ്യുള്ളറുടെ വാർഷിക വേതനം. കമ്പനിയെ പിടിച്ചു കുലുക്കിയ ‘ഡീസൽഗേറ്റ്’ വിവാദത്തിന്റെയും തുടർന്നു നിക്ഷേപകരിൽ നിന്നുയർന്ന വിമർശനങ്ങളുടെയും പശ്ചാത്തലത്തിലാണ് ഫോക്‌സ്‌വാഗൻ എക്സിക്യൂട്ടീവുകൾക്കുള്ള വേതന വിതരണത്തിന്റെ വ്യവസ്ഥകൾ പരിഷ്കരിച്ചതും. 

ജർമൻ ആഡംബര കാർ നിർമാതാക്കളായ ഡെയ്മ്ലറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡീറ്റർ സെച്ചിന് 86 ലക്ഷം യൂറോ(ഏകദേശം 69.31 കോടി രൂപ)യായിരുന്നു കഴിഞ്ഞ വർഷത്തെ പ്രതിഫലമായി ലഭിച്ചത്. തുടർച്ചയായ രണ്ടാം വർഷത്തെ വിൽപ്പന കണക്കെടുപ്പിലും ഔഡിയെയും ബി എം ഡബ്ല്യുവിനെയും പരാജയപ്പെടുത്തിയതിനുള്ള അംഗീകാരമായാണ് സെച്ചിന്റെ വാർഷിക വേതനം. എന്നാൽ ഗ്രൂപ്പിന്റെ പ്രകടനത്തിന്റെ മികവിൽ സെച്ചിനെ അപേക്ഷിച്ച് 20 ശതമാനത്തോളം അധികവേതനമാണ് മ്യുള്ളർ (64) സ്വന്തമാക്കിയത്. ഫോക്‌സ്‌വാഗൻ ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവായി 2020 വരെ തുടരാനാണു മ്യുള്ളർക്കു കരാറുള്ളത്. 

ഫോക്സ്വാഗൻ ഗ്രൂപ്പിന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തന ലാഭം 2016നെ അപേക്ഷിച്ച് ഇരട്ടിയോളമായി ഉയർന്നിരുന്നു. ‘പുകമറ’ വിവാദത്തിന്റെ പശ്ചാത്തലത്തിൽ വൈദ്യുത കാറുകളിലേക്കും സ്വയം ഓടുന്ന കാറുകളിലേക്കും പുരോഗമിക്കാനുള്ള ഗവേഷണത്തിന്റെ കനത്ത ചെലവുകൾക്കിടയിലാണ് കമ്പനി ഈ നേട്ടം കൊയ്തത് എന്നതും ശ്രദ്ധേയമാണ്.  മുമ്പുള്ള രണ്ടു വർഷത്തെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഫോക്‌സ്‌വാഗൻ മ്യുള്ളറുടെ 2016ലെ വേതനം നിശ്ചയിച്ചത്. എന്നാൽ പുതിയ വ്യവസ്ഥകൾ നടപ്പായതോടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ പരമാവധി വേതനം ഒരു കോടി യൂറോ(80.59 കോടിയോളം രൂപ)യായും മറ്റ് ഉയർന്ന തസ്തികകളിലുള്ളവരുടേത് 55 ലക്ഷം യൂറോ(ഏകദേശം 44.32 കോടി രൂപ) ആയും നിജപ്പെടുത്തിയിരുന്നു.