Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അപാച്ചെ ആർ ആർ 310’ വിലയിൽ 8000 രൂപ വർധന

TVS Apache RR 310 TVS Apache RR 310

പ്രാരംഭ വിലയെന്ന നിലയിൽ 2.05 ലക്ഷം രൂപ വില നിശ്ചയിച്ചായിരുന്നു കഴിഞ്ഞ ഡിസംബറിൽ ടി വി എസ് മോട്ടോർ കമ്പനി ‘അപാച്ചെ ആർ ആർ 310’ വിൽപ്പനയ്ക്കെത്തിച്ചത്. ഈ പരിമിതകാല ആനുകൂല്യം എത്രകാലം തുടരുമെന്നു ടി വി എസ് ‘അപാച്ചെ ആർ ആർ 310’ അവതരണവേളയിൽ വ്യക്തമാക്കിയിരുന്നില്ല. പുതിയ സാമ്പത്തിക വർഷം ആരംഭിച്ച വേളയിൽ ശബ്ദകോലാഹലമില്ലാതെ ടി വി എസ് ‘അപാച്ചെ ആർ ആർ 310’ ബൈക്കിനു വില വർധിപ്പിച്ചെന്നാണു കമ്പനിയുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നത്. പ്രാരംഭ വിലയെ അപേക്ഷിച്ച് 8,000 രൂപ വർധനയോടെ 2.13 ലക്ഷം രൂപയ്ക്കാണു കമ്പനി ഇപ്പോൾ മഹാരാഷ്ട്രയിലെ ഷോറൂമുകളിൽ ‘അപാച്ചെ ആർ ആർ 310’ വിൽക്കുന്നത്. 

മഹാരാഷ്ട്രയ്ക്കൊപ്പം തമിഴ്നാട്ടിലും തെലങ്കാനയിലും പുതുച്ചേരിയിലുമൊക്കെ ‘അപാച്ചെ ആർ ആർ 310’ വില 2.13 ലക്ഷം രൂപയിലെത്തുമ്പോഴും കേരളത്തിൽ ബൈക്കിന്റെ വില മാറിയിട്ടില്ലെന്നു വേണം കരുതാൻ. വെബ്സൈറ്റിലെ വിവരമനുസരിച്ച് 1,99,999 രൂപയാണു ബൈക്കിന്റെ കേരളത്തിലെ ഷോറൂം വില. അതേസമയം അസം, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, ഝാർഖണ്ട്, കർണാടക, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഢിലും 2.23 ലക്ഷം രൂപയാണു ബൈക്കിന്റെ ഷോറൂം വില. 

ഈ വർധനയെ തുടർന്ന് ‘കെ ടി എം ആർ സി 390’, ‘അപാച്ചെ ആർ ആർ 310’ ബൈക്കുകൾ തമ്മിൽ വിലയിരുള്ള അന്തരം 13,000 രൂപയായി കുറഞ്ഞിട്ടുണ്ട്. ഡൽഹിയിൽ ‘അപാച്ചെ ആർ ആറി’ന് 2.23 ലക്ഷം രൂപ വിലയുള്ളപ്പോൾ ‘ആർ സി 390’ 2.36 ലക്ഷം രൂപയ്ക്കു ലഭിക്കും. ബി എം ഡബ്ല്യുവിന്റെ ‘ജി 310 ആർ’ ആധാരമാക്കി സാക്ഷാത്കരിച്ച ‘അപാച്ചെ ആർ ആർ 310’ ആണു ടി വി എസ് ശ്രേണിയിലെ ഏറ്റവും വിലയേറിയ ബൈക്ക്. തമിഴ്നാട്ടിലെ ഹൊസൂരിലുള്ള ശാലയിലാണു കമ്പനി ഈ ബൈക്ക് നിർമിക്കുന്നത്; ബി എം ഡബ്ല്യുവിനു വേണ്ടിയുള്ള ബൈക്കുകളും ഇതേ ശാലയിലാണു നിർമിക്കുന്നത്.

‘അപാച്ചെ ആർ ആർ 310’ ബൈക്കിനു കരുത്തേകുന്നത് 312 സി സി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ്; 9,000 ആർ പി എമ്മിൽ 34 ബി എച്ച് പി വരെ കരുത്തും 7,700 ആർ പി എമ്മിൽ 27.3 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. മണിക്കൂറിൽ 160 കിലോമീറ്ററാണു ബൈക്കിനു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം.