എക്സൈഡ് ഇൻഡസ്്ട്രീസ് ലിമിറ്റഡ് തികച്ചും പരിപാലന വിമുക്തമായ ബാറ്ററികൾ പുറത്തിറക്കി. പൂർണമായും സീൽ ചെയ്തതും പരിപാലനം ഒട്ടും ആവശ്യമില്ലാത്തതുമായ ബാറ്ററിയാണ് ‘അഡ്വാൻസ്’ എന്നാണ് എക്സൈഡിന്റെ അവകാശവാദം. ആഫ്റ്റർമാർക്കറ്റ് വിഭാഗത്തിനായി ഡിസ്റ്റിൽഡ് വാട്ടർ നിറയ്ക്കേണ്ടാത്ത തരം ബാറ്ററി വിൽപ്പനയ്ക്കെത്തുന്നത് ഇതാദ്യമാണെന്നും എക്സൈഡ് അറിയിച്ചു.
പരിപാലനം ആവശ്യമില്ലെന്നതിനു പുറമെ ബാറ്ററിയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന ‘മാജിക് ഐ’ സംവിധാനവും ‘അഡ്വാൻസി’ന്റെ സവിശേഷതയാണ്. ബാറ്ററിയുടെ പ്രവർത്തനക്ഷമത സംബന്ധിച്ചു കൃത്യമായ സൂചന നൽകുന്ന ‘മാജിക് ഐ’ സംവിധാനവും ഇന്ത്യയിൽ ഇതാദ്യമാണെന്ന് എക്സൈഡ് അവകാശപ്പെടുന്നു.
അതേസമയം പുതുമകളും അധിക സൗകര്യങ്ങളുമൊക്കെയായി എത്തുന്ന ‘അഡ്വാൻസി’ന്റെ വില സംബന്ധിച്ച് എക്സൈഡ് സൂചനയൊന്നും നൽകിയിട്ടില്ല. ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള എല്ലാ കാർ മോഡലുകളിലും ഉപയോഗിക്കാൻ അനുയോജ്യമായ ‘അഡ്വാൻസ്’ ബാറ്ററികൾ വിപണിയിലിറക്കുമെന്നും എക്സൈഡ് ഇൻഡസ്ട്രീസ് വ്യക്തമാക്കുന്നു. 15 മാസ വാറന്റിയോടെയാണ് എക്സൈഡ് ‘അഡ്വാൻസ്’ വിൽപ്പനയ്ക്കെത്തുക.