Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടോറിക്ഷയുടെ ബദലോ ക്വാഡ്രിസൈക്കിൾ ?

bajaj-qute Bajaj Qute

നാലുചക്രവാഹനമായ ക്വാഡ്രിസൈക്കിളിനെ പുതിയ വാഹന വിഭാഗമായി കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇതോടെ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ക്വാഡ്രിസൈക്കിളായ ‘ക്യൂട്ടി’ന് ഇന്ത്യൻ നിരത്തിലെത്താനുള്ള പ്രധാന തടസ്സവും നീങ്ങി. ക്വാഡ്രിസൈക്കിളിനു ബാധകമായ നിലവാരം സംബന്ധിച്ച അന്തിമവിജ്ഞാപനമാണു ചൊവ്വാഴ്ച കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയത്. ക്വാഡ്രിസൈക്കിളിന്റെ ഭാരം, മലിനീകരണ നിലവാരം, സുരക്ഷാ മാനദണ്ഡം തുടങ്ങിയ കാര്യങ്ങളിലൊക്കെ ഇതോടെ വ്യക്തത കൈവന്നിട്ടുണ്ട്. 

Bajaj RE 60 - Qute

യാത്രാവാഹന ആവശ്യത്തിനുള്ള ക്വാഡ്രിസൈക്കിളിന് അനുവദനീയമായ പരമാവധി ഭാരം 475 കിലോഗ്രാമാണ്; യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനം സമഗ്രമായ ക്രാഷ് ടെസ്റ്റും വിജയിക്കേണ്ടതുണ്ട്. പരമ്പരാഗത ഇന്ധനങ്ങളിൽ ഓടുന്നവയ്ക്കു പുറമെ വൈദ്യുത, സങ്കര ഇന്ധന ക്വാഡ്രിസൈക്കിളുകൾക്കും അനുമതി ലഭിച്ചിട്ടുണ്ട്.

ക്വാഡ്രിസൈക്കിൾ സംബന്ധിച്ച അന്തിമ അനുമതിയാണ് ഇപ്പോൾ വിജ്ഞാപനം ചെയ്തതെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു. ഇതോടെ ഏതു ക്വാഡ്രിസൈക്കിൾ നിർമാതാവിനും അവരുടെ വാഹനം ഇന്ത്യയിൽ വിൽക്കാനാവും. യൂറോപ്യൻ നിലവാരത്തെ അപേക്ഷിച്ച് ഉയർന്ന മാനദണ്ഡമാണ് ക്വാഡ്രിസൈക്കിളുകൾക്കായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രാലയം അവകാശപ്പെട്ടു. മറ്റു യാത്രാവാഹനങ്ങൾക്കു ബാധകമായ സുരക്ഷാ നിലവാരം തന്നെയാണു ക്വാഡ്രിസൈക്കിളുകളുടെ കാര്യത്തിലും പിന്തുടർന്നിരിക്കുന്നത്. ക്രാഷ് ടെസ്റ്റ് വിജയിക്കണമെന്ന വ്യവസ്ഥയും ക്വാഡ്രിസൈക്കിളുകൾക്ക് ബാധകമാക്കിയിട്ടുണ്ട്. 

സുരക്ഷാ നിലവാരം സംബന്ധിച്ച നിയമനടപടികളിൽ കുരുങ്ങിക്കിടന്ന ക്വാഡ്രിസൈക്കിൾ വിൽപ്പനയ്ക്കാണു മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനത്തോടെ മോചനമായിരിക്കുന്നത്. ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ)യിൽ നിന്നുള്ള സ്പഷ്ടീകരണം കൂടി ലഭിക്കുന്നതോടെ ഇന്ത്യയിൽ ക്വാഡ്രിസൈക്കിൾ വിൽപ്പനയ്ക്കെത്തിക്കാമെന്ന കണക്കുകൂട്ടലിലാണു ബജാജ് ഓട്ടോ. ഈ വിഭാഗം വാഹനങ്ങൾക്ക് സർക്കാരിന്റെ അംഗീകാരമില്ലെന്നു ചൂണ്ടിക്കാട്ടി ക്വാഡ്രിസൈക്കിളിനെതിരെ സുപ്രീം കോടതിയിൽ നടക്കുന്ന നിയമപോരാട്ടങ്ങൾക്കും പുതിയ വിജ്ഞാപനത്തോടെ വിരമാമമാവുമെന്നാണു പ്രതീക്ഷ.