Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1963 മോഡൽ ‘മെഗാ സ്റ്റാർ’ വില 470 കോടി രൂപ!

Ferrari-250-GTO Ferrari GTO, Representation Image

പ്രായം കൂടും തോറും സൗന്ദര്യവും മൂല്യവും വർധിക്കുന്ന ഒന്നിനെക്കുറിച്ചു  മലയാളികളോട് ചോദിച്ചാൽ അവർക്കു അതിനു ഒരു ഉത്തരമേയുണ്ടാകുകയുള്ളൂ. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. എന്നാൽ ഇവിടെ ഒരു വ്യക്തിയല്ല, ഈ ചോദ്യത്തിന് ഉത്തരം. ഇതൊരു കാറാണ്. മെഗാ സ്റ്റാർ എന്ന വിശേഷണത്തിന് തീർത്തും അർഹനായ ഫെരാരി 250 ജി ടി ഒ. ഒരു തട്ടലോ, മുട്ടലോ ചളുക്കമോ ഏൽക്കാത്ത, 55 വയസ്സിന്റെ നിറയൗവനത്തിൽ നിൽക്കുന്ന ഇവനെ വിൽക്കാൻ തീരുമാനിച്ചാൽ ഏതൊരു കാർപ്രേമിയും അറിയാതെയെങ്കിലും വിലയാരാഞ്ഞു പോകും.

ചോദിച്ചറിഞ്ഞവരും കേട്ടറിഞ്ഞവരും ഞെട്ടുന്ന തുകയ്ക്കാണ് ഈ അൻപത്തഞ്ചുകാരൻ സുന്ദരൻ വിറ്റുപോയത്. വിലയെത്രയെന്നല്ലേ? 70 ദശലക്ഷം അമേരിക്കൻ ഡോളർ (ഏകദേശം 470 കോടി രൂപ). ഇതോടെ ലോകത്തിലെ ഏറ്റവും വിലയുള്ള കാര്‍ എന്ന ഖ്യാദിയും ഈ കാറിന് സ്വന്തം. വെതർടെക് ഉടമ ഡേവിഡ് മെക്നീൽ എന്ന കോടീശ്വരനാണ് ഈ ഫെരാരിയെ പൊന്നും വില കൊടുത്ത് സ്വന്തമാക്കിയത്.

ഫെരാരിയുടെ ഏറ്റവും മികച്ച കാർ, ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്സ് കാർ തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുള്ള ഒരേ ഒരു കാറാണ് ഫെരാരി 250 ജിടിഒ. 1962 മുതൽ 1964 വരെ മാത്രം നിർമിച്ച ഇൗ കാറിന്റെ 39 യൂണിറ്റുകൾ മാത്രമെ പുറത്തിറങ്ങിയിട്ടുള്ളൂ. ജിടി റേസുകളിൽ പങ്കെടുക്കാൻ നിർമിച്ച ഫെരാരി നിരവധി റേസുകളിൽ ജയിച്ചു മുന്നേറി. പുറത്തിറങ്ങിയപ്പോൾ 18000 ഡോളർ (11 ലക്ഷം രൂപ) ആയിരുന്നു ജിടിഒ 250യുടെ വില. നേരത്തെ മറ്റൊരു ഫെരാരി 250 ജിടിഒ 38 ദശലക്ഷം ഡോളറിന് ലേലത്തിൽ പോയിട്ടുണ്ട്.

3 ലിറ്റർ ടിപ്പോ എൻജിൻ ഘടിപ്പിച്ചിരിക്കുന്ന 250 ജിടിഒയ്ക്ക് 300 ബിഎച്ച്പി കരുത്തുണ്ട്. മണിക്കൂറിൽ 280 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന ഈ കാർ പൂജ്യത്തില്‍ നിന്ന് 100 കി.മീ വേഗത്തിലെത്താൻ 5.8 സെക്കന്റ് മാത്രം മതി.