Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില്‍ക്കാനുണ്ട് മുന്‍ പ്രസിഡന്റിന്റെ വിമാനങ്ങളും 30 ആഡംബര കാറുകളും

luxury-cars-planes Image Source- Twitter

ബോയിങ് 727, ബൊംബാര്‍ഡിയര്‍ ചലഞ്ചര്‍ 601, ഇലുഷിന്‍ ഐ62 എം എന്നീ വിമാനങ്ങളും റോൾസ് റോയ്സ്, ബെന്റ്ലി, ഹമ്മർ തുടങ്ങി 30 ൽ അധികം ആഡംബരക്കാറുകളും വിൽക്കാനുണ്ട്. ആവശ്യക്കാരുണ്ടെങ്കിൽ നേരെ ‌ആഫ്രിക്കൻ‌ രാജ്യമായ ഗാംബിയക്ക് വിട്ടോളൂ... അധികാരം പോയി രാജ്യം വിട്ട മുൻ പ്രസിഡന്റ് യഹിയ ജമെഹയുടേതാണ് കോടികൾ വിലയുള്ള ആ ആഡംബരങ്ങള്‍.

കഴിഞ്ഞ വർഷം അധികാരത്തിൽ നിന്ന് പുറത്തായ മുൻ പ്രസിഡന്റിന്റെ വാഹന ശേഖരം വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത് ഇപ്പോഴത്തെ സർക്കാരാണ്. രാജ്യത്തെ പറ്റിച്ച് സ്വന്തമാക്കിയ സ്വത്തുക്കളാണ് ഇതെന്നാണ് നിലവിലത്തെ പ്രസി‍ഡന്റിന്റെ ആരോപണം. ഗാംബിയയുടെ തലസ്ഥാനമായ ബഞ്ജുളിലെ വിമാനത്താവളത്തിലാണ് വിമാനങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. പ്രസി‍‍ഡന്റിനും ഉന്നത ഉദ്യോഗസ്ഥർക്കും സഞ്ചരിക്കാനായി വാങ്ങിയ വിമാനങ്ങളിപ്പോൾ പൊടിയിൽ കുളിച്ച് വിമാനത്താവളത്തിൽ ആർക്കും വേണ്ടാതെ കിടക്കുകയാണ്. 

ആഡംബര കാറുകളുടെ ശേഖരം യഹിയ ജമെഹയുടെ ഓഫീസ് ഗ്യാരേജിലാണ് സൂക്ഷിച്ചിരിക്കുന്നത്. രണ്ട് ബുള്ളറ്റ് പ്രൂഫ് ഹമ്മറുകളും അഞ്ച് റോൾസ് റോയ്സും ബെന്റ്ലിയും മെഴ്‍സഡീ‍സും ബിഎംഡബ്ല്യുവും അടക്കം ഏകദേശം 30 ആ‍ഡംബര കാറുകളുണ്ടിവിടെ. ഇവയെല്ലാം ലേലം ചെയ്യുന്നതിലൂടെ 10 ദശലക്ഷം ഡോളർ (എകദേശം 68.4 കോടി രൂപ) ലഭിക്കുമെന്നാണ്  സർക്കാർ പ്രതീക്ഷിക്കുന്നത്.

22 വർഷത്തെ യഹിയ ജമെഹയുടെ ഭരണം രാജ്യത്തെ താറുമാറാക്കി എന്നാണ് നിലവിലെ സർക്കാർ പറയുന്നത്. 2016 ൽ ഇലക്ഷൻ തോറ്റെങ്കിലും അധികാരത്തിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന ജമാ 2017 ൽ രാജ്യം വിടുകയായിരുന്നു. രാജ്യത്തിന്റെ സ്വന്തുക്കൾ ജമെഹ അടിച്ചുമാറ്റിയെന്നും പുതിയ പ്രസിഡന്റ് ആരോപിക്കുന്നു.