Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചു ലക്ഷം ഹ്യുണ്ടേയ് ഐ 20

hyundai-elite-i20-1

ഹ്യുണ്ടേയ്‌യുടെ പ്രീമിയം ഹാച്ച്ബാക്കായ ഐ 20 വിൽപ്പന അഞ്ചു ലക്ഷം യൂണിറ്റ് പിന്നിട്ടു. കഴിഞ്ഞ മാസമാണ് ഐ ട്വന്റിയുടെ മൊത്തം വിൽപ്പന അഞ്ചു ലക്ഷം കവിഞ്ഞത്. ജൂൺ തുടങ്ങുമ്പോൾ അഞ്ചു ലക്ഷത്തിലെത്താൻ 8,57 യൂണിറ്റിന്റെ വിൽപ്പനയാണ് ഐ ട്വന്റിക്ക് ആവശ്യമായിരുന്നത്; കഴിഞ്ഞ മാസം 10,664 യൂണിറ്റിന്റെ വിൽപ്പനയാണ് ഐ 20 കൈവരിച്ചത്. പ്രതിമാസം 10,916 യൂണിറ്റിന്റെ ശരാശരി വിൽപ്പനയാണ് ഐ 20 രേഖപ്പെടുത്താറുള്ളത്. പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ മാരുതി സുസുക്കി ബലേനൊയുമായി കടുത്ത പോരാട്ടമാണ് ഐ 20 കാഴ്ചവയ്ക്കുന്നത്; ജൂണോടെ ബലേനൊയുടെ മൊത്തം വിൽപ്പന നാലു ലക്ഷം യൂണിറ്റ് പൂർത്തിയാക്കിയിരുന്നു. 

സൗകര്യങ്ങളിലും സംവിധാനങ്ങളിലും യാത്രാസുഖത്തിലും സുരക്ഷിതത്വത്തിലും ട്രാൻസ്മിഷൻ സാധ്യതയിലുമൊന്നും ‘ഐ ട്വന്റി’യും ‘ബലേനൊ’യുമായി കാര്യമായ വ്യത്യാസമില്ല; എങ്കിലും കുടുംബസമേതമുള്ള യാത്രകൾക്ക് അനുയോജ്യമായ, മികച്ച സന്തുലനമുള്ള  ഹാച്ച്ബാക്കെന്ന നിലയിൽ ‘ഐ 20’ നേരിയ മുൻതൂക്കം നേടുന്നുണ്ടെന്നാണു വിലയിരുത്തൽ.നാലു വർഷം മുമ്പ് 2014ലായിരുന്നു ‘ഐ ട്വന്റി’യുടെ രംഗപ്രവേശം; 77,947 യൂണിറ്റ് വിൽപ്പനയാണ് 2014 — 15ൽ കാർ കൈവരിച്ചത്. അടുത്ത സാമ്പത്തിക വർഷം 1,27,962 യൂണിറ്റും 2016 — 17ൽ 1,26,304 യൂണിറ്റും കഴിഞ്ഞ സാമ്പത്തിക വർഷം 1,36,182 യൂണിറ്റ് വിൽപ്പനയുമാണ് ‘ഐ 20’ കൈവരിച്ചത്.

കരുത്തേറിയതും എന്നാൽ ഇന്ധനക്ഷമതയേറിയതുമായ 1.4 ലീറ്റർ ഡീസൽ എൻജിനാണ് ഇപ്പോഴത്തെ ‘ഐ ട്വന്റി’യുടെ മികവ്; ഈ എൻജിൻ എത്തിയതോടെ പെട്രോൾ ‘ഐ ട്വന്റി’യെ അപേക്ഷിച്ച് അധിക വിൽപ്പന നേടാൻ ഡീസൽ പതിപ്പിനു സാധിക്കുന്നുണ്ട്. 

‘ബലേനൊ’യെ അപേക്ഷിച്ച് ഒരു വർഷത്തെ പ്രായക്കൂടുതലുള്ള ‘ഐ ട്വന്റി’യുടെ നവീകരിച്ച പതിപ്പ് കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണ് ഹ്യുണ്ടേയ് അനാവരണം ചെയ്തത്. പരിഷ്കരിച്ച മുൻ ഗ്രിൽ, അലോയ് വീൽ, ബംപർ, ടെയ്ൽ ലാംപ് എന്നിവയൊക്കെയായി എത്തിയ പുത്തൻ ‘ഐ ട്വന്റി’യിൽ 1.2 ലീറ്റർ പെട്രോൾ എൻജിനൊപ്പം സി വി ടി ഗീയർബോക്സും ലഭ്യമാക്കി. ഇതോടെ ‘ബലേനൊ’ ഓട്ടമാറ്റിക്കിനെ ഫലപ്രദമായി നേരിടാൻ ‘ഐ ട്വന്റി’ക്കു സാധിച്ചെന്നാണു ഹ്യുണ്ടേയിയുടെ വിലയിരുത്തൽ.