Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാമിൽറ്റൻ 2020 വരെ മെഴ്സിഡീസിനൊപ്പം

Lewis-Hamilton Lewis Hamilton

രണ്ടു വർഷം കൂടി ജർമൻ ടീമായ മെഴ്സീഡിസിനൊപ്പം തുടരാൻ ഫോർമുല വൺ ലോക ചാംപ്യനായ ലൂയിസ് ഹാമിൽറ്റൻ തീരുമാനിച്ചു. 2020 ഫോർമുല വൺ സീസൺ വരെ മെഴ്സീഡിസിനായി മത്സരിക്കാനാണു ബ്രിട്ടീഷ് ഡ്രൈവറായ ഹാമിൽറ്റനും ടീമുമായി കരാറായത്. കരാർ കാലാവധി നീട്ടിയത് ഔപചാരികത മാത്രാണെന്നായിരുന്നു ലൂയിസ് ഹാമിൽറ്റന്റെ പ്രതികരണം. കഴിഞ്ഞ ശൈത്യകാലത്തു തന്നെ താൻ ടീം മേധാവി ടോട്ടോ വുൾഫുമായി വിശദ ചർച്ച നടത്തിയിരുന്നു. അക്കാര്യങ്ങൾ കരാറാക്കി ഒപ്പു വയ്ക്കുകയെന്ന ചടങ്ങ് മാത്രമാണ് ഇപ്പോൾ നടന്നത്. ഈ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള തയാറെടുപ്പുകളുമായി മുന്നോട്ടു പോകുമെന്നും ഹാമിൽറ്റൻ വ്യക്തമാക്കി.

രണ്ടു ദശാബ്ദത്തോളമായി മെഴ്സീഡിസ് റേസിങ് കുടുംബത്തിലെ അംഗമാണു താനെന്നും ഹാമിൽറ്റൻ ഓർമിപ്പിച്ചു. ഇപ്പോൾ അനുഭവിക്കുന്നതു പോലുള്ള ആഹ്ലാദം മുമ്പ് ലഭിച്ചിട്ടില്ല. ട്രാക്കിലായാലും പുറത്തായാലും ടീമും താനും ഒരേ തലത്തിലാണ്. ഭാവിയിൽ കൂടുതൽ മത്സരങ്ങൾ ജയിക്കാനുള്ള തയാറെടുപ്പിലാണെന്നും ഹാമിൽറ്റൻ വെളിപ്പെടുത്തി. വരുംവർഷങ്ങളിലും ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ മെഴ്സീഡിസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നു ഹാമിൽറ്റൻ പ്രതീക്ഷ പ്രകടിപ്പിച്ചു. 

മക്ലാരനായി മത്സരിച്ചിരുന്ന ഹാമിൽറ്റൻ 2013ലാണ് മെഴ്സീഡിസിനൊപ്പം ചേരുന്നത്. തുടർന്ന് ഇതു വരെ 44 ഗ്രാൻപ്രികൾ വിജയിച്ച ഹാമിൽറ്റൻ  മൂന്നു ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പും സ്വന്തമാക്കി. 2020 ആകുന്നതോടെ മെഴ്സീഡിസിനൊപ്പം എട്ടു സീസണുകളാവും ഹാമിൽറ്റൻ പൂർത്തിയാക്കുക.

അതേസമയം ഹാമിൽറ്റനുമായുള്ള കരാറിന്റെ അന്തിമ വ്യവസ്ഥകൾ ഈ ആഴ്ച പൂർത്തിയാക്കാനാവുമെന്നു മെഴ്സീഡിസ് ടീം പ്രിൻസിപ്പൽ ടോട്ടോ വുൾഫ് പ്രത്യാശിച്ചു. ഫോർമുല വണ്ണിൽ ഹാമിൽറ്റന്റെ തറവാടാണു മെഴ്സീഡിസ് എ എം ജി പെട്രോണാസ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്നോട്ടുള്ള പ്രയാണത്തിൽ വിജയത്തിന്റെ കൂടുതൽ അധ്യായങ്ങൾ രചിക്കാൻ ഈ കൂട്ടുകെട്ടിനു സാധിക്കുമെന്നും വുൾഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അടുത്ത സീസണിലും വൽത്തേരി ബോത്താസ് തന്നെയാവും ഹാമിൽറ്റന്റെ സഹഡ്രൈവറെന്നാണു സൂചന. എന്നാൽ ഇതു സംബന്ധിച്ച പ്രഖ്യാപനമൊന്നും മെഴ്സീഡിസ് ഇതു വരെ നടത്തിയിട്ടില്ല.  ഞായറാഴ്ച ഹോക്കൻഹൈമിൽ ജർമൻ ജി പി അരങ്ങേറാനിരിക്കെ ഈ സീസണിലെ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്താണു ഹാമിൽറ്റൻ; എട്ടു പോയിന്റ് ലീഡോടെ ഫെറാരിയുടെ ജർമൻ ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റലാണ് ഒന്നാം സ്ഥാനത്ത്.