Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുത്തൻ സുരക്ഷാ നടപടികളുമായി ഓല കാബ്സ്

UBER-INDIA/

യാത്രക്കാരുടെ, പ്രത്യേകിച്ചു വനിതകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള രണ്ടു പുതിയ സംവിധാനങ്ങൾ നടപ്പാക്കാൻ കാബ് അഗ്രിഗേറ്റർമാരായ ഓല തയാറെടുക്കുന്നു. നിലവിൽ ഇരു സംവിധാനങ്ങളും പരീക്ഷണ ഘട്ടത്തിലാണെന്ന് കമ്പനി വെളിപ്പെടുത്തി.  തുടർന്ന് ആദ്യ ഘട്ടമെന്ന നിലയിൽ മിക്കവാറും പുണെയിലാവും പുതിയ സുരക്ഷാ സംവിധാനങ്ങൾ അവതരിപ്പിക്കുകയെന്നും ഓല കാബ്സ് അറിയിച്ചു.

ഓല കാബ്സിന്റെ കാറുകളിൽ യാത്ര ചെയ്യുന്നവരെ തട്ടിക്കൊണ്ടു പോവുകയും ലൈംഗിക അതിക്രമത്തിനു വിധേയമാക്കുകയും ചെയ്യുന്ന ധാരാളം സംഭവങ്ങൾ അടുത്തയിടെ റിപ്പോർട്ട് ചെയ്തിരുന്നു. മിക്കവാറും അവസരങ്ങളിൽ കാർ ഡ്രൈവർ നിശ്ചിത പാതയിൽ നിന്നു വ്യതിചലിച്ചു സഞ്ചരിച്ചാണ് അക്രമം നടത്തിയതെന്നും കമ്പനി കണ്ടെത്തിയിരുന്നു.

ഈ സാധ്യത തടയുകയാണ് പുതിയ സുരക്ഷാ സംവിധാനങ്ങളിൽ ഒന്നിന്റെ ദൗത്യം. ഡ്രൈവർ നിശ്ചിത പാതയിൽ നിന്നു വ്യതിചലിച്ചാൽ ഉടൻ യാത്രക്കാരെ ഫോണിൽ വിളിച്ച് ഇതു സംബന്ധിച്ച വിവരം നൽകാനാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്. യാത്രക്കാരന്റെ അറിവില്ലാതെയാണു റൂട്ട്മാറ്റമെങ്കിൽ നിർദിഷ്ട പാതയിലേക്കു മടങ്ങിയെത്താൻ ഡ്രൈവർക്ക് കമ്പനി കർശന നിർദേശം നൽകും. ഒപ്പം വ്യവസ്ഥ ലംഘിച്ചതിനു ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഓല കാബ്സ് അറിയിച്ചു.

‘ഡ്രൈവർ സെൽഫി പദ്ധതി’ എന്നാണ് ഓല കാബ്സ് പരീക്ഷിക്കുന്ന രണ്ടാം സുരക്ഷാ സംവിധാനത്തിന്റെ പേര്. ഈ പദ്ധതിയിൽ കാറിനൊപ്പമുള്ള സെൽഫിയെടുത്ത് അയയ്ക്കാൻ ഡ്രൈവർമാരോട് ഓല കാബ്സ് എക്സിക്യൂട്ടീവുകൾ നിർദേശിക്കും. നിർദേശം ലഭിച്ചാലുടൻ തന്നെ ഡ്രൈവർ സെൽഫി എടുത്ത അയയ്ക്കണമെന്നാണു വ്യവസ്ഥ. കമ്പനി രേഖകൾ പ്രകാരമുള്ള ഡ്രൈവറല്ല കാർ ഓടിക്കുന്നതെങ്കിൽ അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ഓലയുടെ തീരുമാനം.

പങ്കാളികളായ ഡ്രൈവർമാരുടെ  പൊലീസ് പരിശോധന നടത്തിയ വിവരങ്ങൾ കമ്പനിയുടെ പക്കലുണ്ടെന്നാണ് ഓല കാബ്സിന്റെ അവകാശവാദം. അതുകൊണ്ടുതന്നെ, സെൽഫി ലഭിക്കുന്നതോടെ യഥാർഥ ഡ്രൈവറാണോ കാർ ഓടിക്കുന്നതെന്ന് ഉറപ്പാക്കാൻ കമ്പനിക്കു സാധിക്കുമെന്ന് ഓല കാബ്സ് വിശദീകരിക്കുന്നു.