Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജാജ് സൗജന്യ ഇൻഷുറൻസ് പിൻവലിച്ചു

bajaj-logo

ബൈക്കുകൾക്കൊപ്പം  അനുവദിച്ചിരുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതികൾ ഓഗസ്റ്റ് 31ന് ശേഷം പ്രാബല്യത്തിലുണ്ടാവില്ലെന്ന് ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ്. ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിട്ടി(ഐ ആർ ഡി എ) അഞ്ചു വർഷ കാലാവധിയുള്ള തേഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും ബജാജ് ഓട്ടോ വിശദീകരിച്ചു. ‘പ്ലാറ്റിന’, ‘ഡിസ്കവർ’, ‘പൾസർ 150’, ‘പൾസർ എൻ എസ് 160’, ‘വി’ ശ്രേണിയിലെ മോട്ടോർ സൈക്കിളുകൾക്കാണു ബജാജ് ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്തിരുന്നത്.

സെപ്റ്റംബർ ഒന്നിനകം ഈ ബൈക്കുകൾ വാങ്ങുന്നവർക്ക് ഇൻഷുറൻസ് പ്രീമിയത്തിൽ ഇളും ലഭിച്ചിരുന്നു; ‘പ്ലാറ്റിന’യ്ക്ക് 4,800 രൂപയും ‘പൾസർ 160 എൻ എസി’ന് 8,000 രൂപയുമായിരുന്നു പ്രീമിയം. കൂടാതെ ‘സി ടി 100’, ‘പ്ലാറ്റിന’, ‘ഡിസ്കവർ’, ‘വി’, ‘പൾസർ’ തുടങ്ങിയവയ്ക്ക് രണ്ടു വർഷത്തെ സൗജന്യ സർവീസും ബജാജ് ഓട്ടോ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ബജാജ് മോട്ടോർ സൈക്കിൾ ശ്രേണിക്ക് സമ്പൂർണമായി അഞ്ചു വർഷത്തെ സൗജന്യ വാറന്റിയും ലഭ്യമായിരുന്നു.

എന്നാൽ സെപ്റ്റംബർ ഒന്നു മുതൽ ഈ വാഗ്ദാനങ്ങളൊന്നും പ്രാബല്യത്തിലുണ്ടാവില്ലെന്ന് ബജാജ് ഓട്ടോ അറിയിച്ചിട്ടുണ്ട്. അതേസമയം കൂടുതൽ ഉപയോക്താക്കൾക്ക് ഈ ആനുകൂല്യങ്ങൾ ലഭ്യമാവാൻ വെള്ളിയാഴ്ച രാത്രി 11 വരെ ഷോറൂമുകൾ പ്രവർത്തിക്കുമെന്നും കമ്പനി വെളിപ്പെടുത്തി. ഇരുചക്രവാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷയുടെ കാലാവധി അഞ്ചു വർഷമാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് ഐ ആർ ഡി എ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ പുതിയ മോട്ടോർ സൈക്കിളുകളുടെ വിലയിൽ 3,000 രൂപയുടെ വരെ വർധന നിലവിൽ വരുമെന്നും ഐ ആർ ഡി എ കരുതുന്നു.