Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മഹാത്മാവിന്റെ’ യാത്രകൾ, അദ്ദേഹം സഞ്ചരിച്ച വാഹനങ്ങളും

Vehicles Used By Mahatma Gandhi കടപ്പാട്: ഫോട്ടോ ഡിവിഷൻ, ഗവ. ഓഫ് ഇന്ത്യ

ഒക്ടോബർ 2, നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം  ജന്മദിനം. ലോകം കണ്ട ഏറ്റവും വലിയ നേതാക്കളിൽ അതുല്യനായിരുന്ന അദ്ദേഹത്തിന്റെ  ജീവിതം എക്കാലത്തും അറിഞ്ഞുപഠിക്കേണ്ട ഒരു പാഠപുസ്തകം തന്നെയാണ്.  സംസാരത്തിൽ മാത്രമല്ല, പ്രവൃത്തിയിലും എളിമ സൂക്ഷിച്ച ആ മഹാത്മാവിന്റെ യാത്രകളിലധികവും കാൽനടയായിട്ടായിരുന്നു. എങ്കിലും ചിലപ്പോഴൊക്കെ അദ്ദേഹം സവാരിക്കായി വാഹനങ്ങൾ ഉപയോഗിച്ചിരുന്നു. ഇന്ത്യ മുഴുവൻ സഞ്ചരിച്ച് അഹിംസയുടെ തത്വം പ്രചരിപ്പിച്ച മഹാത്മജി അക്കാലത്ത് പ്രശസ്തമായ പല വാഹനങ്ങളും യാത്രയ്ക്കായി തിരഞ്ഞെടുത്തിട്ടുണ്ട്. ഗാന്ധിജിയെയും കൊണ്ടു യാത്ര ചെയ്ത അക്കാലത്തെ  വാഹനങ്ങളിൽ ചിലതിനെ പരിചയപ്പെടാം. 

ഫോഡ് മോഡൽ ടി

Ford Model T

ലോകത്തിലെ ആദ്യ മാസ് പ്രൊഡക്‌ഷൻ കാറാണ് ഫോഡ് മോഡൽ ടി. സാക്ഷാൽ ഹെൻറി ഫോഡിന്റെ ആശയത്തിൽ പിറന്ന കാർ നിരവധി അവസരങ്ങളിൽ മഹാത്മാ ഗാന്ധി  ഉപയോഗിച്ചിട്ടുണ്ട്. 1927 ൽ ബറേലി സെൻട്രൽ ജയിലിൽനിന്നു പുറത്തിറങ്ങിയതിനു ശേഷം ഉത്തർപ്രദേശിലെ  റാലിയെ അഭിസംബോധന ചെയ്യാൻ ഗാന്ധിജി എത്തിയത് ഫോഡ് മോഡൽ ടിയിലായിരുന്നു. 1908 ലാണ് മോഡല്‍ ടി ആദ്യമായി പുറത്തിറങ്ങുന്നത്. ലോകത്ത് ഏറ്റവും അധികം വിറ്റ കാറുകളിലൊന്നാണത്. 20 വർഷ കാലയളവിൽ 16.5 ദശലക്ഷം കാറുകളാണ് പുറത്തിറങ്ങിയത്. 20 എച്ച്പി എൻജിൻ ഉപയോഗിച്ചിരുന്ന കാറിന് 2 ഗീയറാണുണ്ടായിരുന്നത്. 

പക്കാർഡ് 120

അമേരിക്കൻ കാർ നിർമാതാക്കളായ പക്കാർഡ് മോട്ടർ കമ്പനി 1935 മുതൽ 1937 വരെ നിർമിച്ച കാറാണ് പക്കാർഡ് 120. ഇന്ത്യൻ വ്യവസായിയായ ഘൻശ്യാം ദാസ് ബിർളയുടെ ഉടമസ്ഥതയിലുള്ള പക്കാർഡ് 120 കാറായിരുന്നു 1940 കളിൽ ഗാന്ധിജി യാത്രയ്ക്കായി ഉപയോഗിച്ചുകൊണ്ടിരുന്നത്. കൂടാതെ ഡൽഹി ക്ലോത്ത് ആൻഡ് ജനറൽ മിൽസ് സ്ഥാപകൻ ലാല ശ്രീറാമിന്റെ കാറും മഹാത്മാ ഗാന്ധിയെ വഹിച്ചുകൊണ്ട് സഞ്ചരിച്ചിട്ടുണ്ട്. ഇരു കാറുകൾക്കും വെള്ള നിറമായിരുന്നു. 110 ബിഎച്ച്പി കരുത്തുള്ള എൻജിനാണ് പക്കാർഡ് 120. രണ്ട് ഡോർ കൂപ്പേ, രണ്ട് ഡോർ കൺവേർട്ടബിൾ, നാലു ഡോർ സെഡാന്‍ എന്നീ വകഭേദങ്ങളിൽ കാർ ലഭ്യമായിരുന്നു. 

സ്റ്റുഡ്ബേക്കർ പ്രസിഡന്റ്

അമേരിക്കയിലെ സ്റ്റുഡ്ബേക്കർ കമ്പനിയുടെ പ്രീമിയം കാറാണ് പ്രസിഡന്റ്. 1926 മുതൽ 1942 വരെയാണ് കമ്പനി പ്രസിഡന്റ് കാറുകൾ നിർമിച്ചത്. കർണാടക സന്ദർശനവേളയിലാണ് സ്റ്റുഡ്ബേക്കർ പ്രസിഡന്റിൽ ഗാന്ധിജി സഞ്ചരിച്ചത്. ഗാന്ധിജി അന്ന് ഉപയോഗിച്ച കാർ ആരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു എന്നതിനെ സംബന്ധിച്ചു യാതൊരു വ്യക്തതയുമില്ല.