Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനുവരിയിൽ വില വർധിപ്പിക്കുമെന്നു ഫോഡും

ford-freestyle-1 Ford Freestyle

പുതുവർഷത്തിൽ ഇന്ത്യയിലെ വാഹന വില വർധിപ്പിക്കുമെന്നു യു എസ് നിർമാതാക്കളായ ഫോഡ് പ്രഖ്യാപിച്ചു. ഉൽപ്പാദന ചെലവ് ഉയർന്നതു പരിഗണിച്ച് വിവിധ മോഡലുകളുടെ വിലയിൽ രണ്ടര ശതമാനം വരെ വർധനയാണു ജനുവരി ഒന്നിനു പ്രാബല്യത്തിലെത്തുകയെന്നും കമ്പനി അറിയിച്ചു. ഉൽപന്ന വില ക്രമാതീതമായി ഉയർന്നതും വിദേശ നാണയ വിനിമയ നിരക്കിലെ ചാഞ്ചാട്ടവുമാണ് വാഹന വില വർധന അനിവാര്യമാക്കുന്നതെന്നു ഫോഡ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ്, സെയിൽസ് ആൻഡ് സർവീസ്) വിനയ് റെയ്ന വിശദീകരിച്ചു.

ഡൽഹി ഷോറൂമിൽ 5.23 ലക്ഷം രൂപ വിലമതിക്കുന്ന കോംപാക്ട് യൂട്ടിലിറ്റി വാഹനമായ ‘ഫ്രീസ്റ്റൈൽ’ മുതൽ 74.62 ലക്ഷം രൂപ വിലയുള്ള സ്പോർട്സ് കാറായ ‘മസ്താങ്’ വരെ നീളുന്നതാണു ഫോഡിന്റെ ഇന്ത്യയിലെ മോഡൽ ശ്രേണി. നേരത്തെ പുതുവർഷത്തിൽ വാഹന വില വർധിപ്പിക്കുമെന്നു ടാറ്റ മോട്ടോഴ്സും പ്രഖ്യാപിച്ചിരുന്നു. ഉൽപ്പാദന ചെലവ് ഉയർന്നതും ഇന്ധന വിലയേറിയതും പരിഗണിച്ചാണു ജനുവരി ഒന്നു മുതൽ വിവിധ മോഡലുകളുടെ വില 40,000 രൂപ വരെ വർധിപ്പിക്കുന്നതെന്നാണു കമ്പനിയുടെ വിശദീകരണം. 

വിപണിയിലെ വെല്ലുവിളികളും ഉൽപ്പാദന ചെലവിലെ വർധനയും സാമ്പത്തിക മേഖലയിൽ നിന്നുള്ള വിവിധ സമ്മർദങ്ങളുമൊക്കെയാണു വാഹന വില കൂട്ടൽ അനിവാര്യമാക്കുന്നതെന്നു ടാറ്റ മോട്ടോഴ്സ് പ്രസിഡന്റ്(പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ്) മയങ്ക് പരീക്ക് അറിയിച്ചു. 

ഇന്ത്യയിലെ മിക്കവാറും വാഹന നിർമാതാക്കൾ ജനുവരി ഒന്നു മുതൽ വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ടൊയോട്ട കിർലോസ്കർ മോട്ടോർ, ബി എം ഡബ്ല്യു, റെനോ, ഇസൂസു മോട്ടോർ, ഫോക്സ്വാഗൻ, സ്കോഡ തുടങ്ങിയ കമ്പനികളാണ് ഇതുവരെ വിലവർധന പ്രഖ്യാപിച്ചത്. ഉൽപ്പാദന ചെലവിലെ വർധനയും ഡോളറുമായുള്ള വിനിമയത്തിൽ രൂപ നേരിടുന്ന മൂല്യത്തകർച്ചയുമൊക്കെയാണു വില വർധനയ്ക്കു കാരണമായി വിവിധ കമ്പനികൾ നിരത്തുന്നത്. 

പുതുവർഷം മുതൽ പുതിയ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘മരാസൊ’യുടെ വില വർധിപ്പിക്കുമെന്നു  മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം)യും പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി ഒന്നു മുതൽ കാറിന്റെ വിലയിൽ 30,000 മുതൽ 40,000 രൂപയുടെ വരെ വർധനയാണു പ്രാബല്യത്തിലെത്തുന്നത്.