Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യക്ക് 7 കോടിയുടെ റോള്‍സ് റോയ്‌സ് സമ്മാനിച്ച് മലയാളി നിര്‍മാതാവ്

sohan-roy-rolls-royce Sohan Roy & Abhini Sohan Roy

വിവാഹ വാര്‍ഷികത്തിന് ഭാര്യയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നല്‍കിയിരിക്കുന്നു മലയാളി നിര്‍മാതാവും സംവിധായകനും ഏരിസ് ഗ്രൂപ്പിന്റെ മേധാവിയുമായ സോഹന്‍ റോയ്. തങ്ങളുടെ ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് സോഹന്‍ റോയ് ഭാര്യ അഭിനിക്ക് 7 കോടിയുടെ റോള്‍സ് റോയ്‌സ് കള്ളിനന്‍ സമ്മാനിച്ചത്. ഇതോടെ ലോകത്തിലെ ഏറ്റവും വില കൂടിയ ആഡംബര എസ്‌യുവി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി എന്ന പേരും അഭിനിക്ക് സ്വന്തം.

rolls-royce-cullinan-sohan-roy

കഴിഞ്ഞ ജൂണിലാണ് സോഹന്‍ റോയ് കള്ളിനന്‍ ബുക്കുചെയ്തത്. റോള്‍സ് റോയ്‌സിന്റെ തന്നെ ആഡംബര കാര്‍ ഗോസ്റ്റും സോഹന്‍ റോയ്‌ സ്വന്തമായുണ്ട്. മുമ്പ് ഇന്ത്യന്‍ വിപണിയിലും കള്ളിനന്‍ അവതരിപ്പിച്ചിരുന്നു. പൂര്‍ണമായും കസ്റ്റമൈസ്ഡ് രീതിയില്‍ നിര്‍മിച്ച വാഹനം ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കും, സൗകര്യങ്ങള്‍ക്കും അനുസൃതമായി നിര്‍മിക്കുന്നതിനാല്‍ ഇതേ പോലെ മറ്റൊരു വാഹനം ഉണ്ടാകില്ലെന്ന് സാരം.

ആഡംബരത്തിന്റെ പര്യയമാണെങ്കിലും ലോകത്തിലെ ഏറ്റവും വേഗമുള്ള ലക്ഷ്വറി എസ്‌യുവികളിലൊന്നാണ് കള്ളിനൻ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബ്രിട്ടിഷ് വാഹന നിര്‍മാതാക്കളായ റോള്‍സ് റോയ്‌സ് നിര്‍മിക്കുന്ന ആദ്യ എസ് യു വിയും കള്ളിനന്‍ തന്നെ. ദക്ഷിണാഫ്രിക്കന്‍ ഖനിയില്‍ നിന്ന് 1905ല്‍ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനന്‍ ഡയമണ്ടില്‍ നിന്നാണു പുത്തന്‍ എസ് യു വിക്കുള്ള പേര് റോള്‍സ് റോയ്‌സ് കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും ആഡംബരം നിറച്ച എസ് യു വിയുടെ വില 3.25 ലക്ഷം ഡോളര്‍. (ഏതാണ്ട് 2.15 കോടി രൂപയ്ക്കു തുല്യമാണിതെങ്കിലും ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുമ്പോള്‍ നികുതിയടക്കം ഇരട്ടിവിലയാകും). 563 ബിഎച്ച്പി കരുത്തും 850 എന്‍എം കുതിപ്പുശേഷിയുമുള്ള 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 പെട്രോള്‍ എന്‍ജിനൊപ്പം ഓള്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ സ്റ്റീയര്‍ സംവിധാനങ്ങളുമുണ്ട്. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍.

ഏതിനം പ്രതലത്തിലും ഓടിക്കാന്‍ വേണ്ടി വിവിധ ഡ്രൈവ് മോഡുകളുണ്ട്. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ്. ഫാന്റത്തില്‍ ഉപയോഗിക്കുന്ന പുത്തന്‍ അലൂമിനിയം നിര്‍മിത സ്‌പേസ് ഫ്രെയിം ഷാസി തന്നെയാണ് കള്ളിനന്റേത്. 5.341 മീറ്റര്‍ നീളവും 2.164 മീറ്റര്‍ വീതിയുമുള്ള ഭീമാകാരന്‍ കാറിന് 3.295 മീറ്റര്‍ വീല്‍ബേസ് ഉണ്ട്.

ആറടിപ്പൊക്കമാണു കള്ളിനന്. 3 ബോക്‌സ് ശൈലിയെന്നു കമ്പനി വിളിക്കുന്ന ഡിസൈന്‍, ഭീമാകാരത്വം തന്നെയാണു ലക്ഷ്യമിടുന്നത്. ഉള്ളിലെ സ്ഥലസൗകര്യം അത്യാഡംബരം നിറഞ്ഞ ക്യാബിനു വഴിയൊരുക്കുന്നു. 4സീറ്റ്, 5സീറ്റ് ഓപ്ഷനുകളില്‍ കിട്ടും. നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, വൈല്‍ഡ് ലൈഫ് ആന്‍ഡ് പെഡ്‌സ്ട്രിയന്‍ വാണിങ് സിസ്റ്റം, അലേര്‍ട്‌നെസ് അസിസ്റ്റ്, പനോരമിക് ദൃശ്യത്തോടുകൂടിയ ക്യാമറ സിസ്റ്റം, ഓള്‍റൗണ്ട് വിസിബിലിറ്റി ആന്‍ഡ് ഹെലികോപ്റ്റര്‍ വ്യൂ, ആക്ടീവ് ക്രൂസ് കണ്‍ട്രോള്‍, കൊളിഷന്‍ വാണിങ് തുടങ്ങി അനേകം സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.