ADVERTISEMENT

കാറുകളിൽ ഡ്രൈവർക്കു പിന്നാലെ മുൻ സീറ്റ് യാത്രികനും എയർബാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. യാത്രാവാഹനങ്ങളിൽ മുൻസീറ്റ് യാത്രികർക്ക് എയർബാഗ് നിർബന്ധമാക്കുന്ന കരട് വിജ്ഞാപനം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കി. നിലവിൽ മുൻസീറ്റ് യാത്രികനുള്ള എയർബാഗിനെ അനിവാര്യതയ്ക്കു പകരം ആഡംബരമായാണു പല വാഹന നിർമാതാക്കളും പരിഗണിക്കുന്നതെന്നതാണു പോരായ്മ. കഴിഞ്ഞ വർഷമാണു യാത്രാവാഹന ഡ്രൈവർമാർക്കുള്ള എയർബാഗ് ഇന്ത്യയിൽ നിർബന്ധമാക്കിയത്. 

എന്നാൽ വാഹന വ്യവസായത്തിനു നിഷ്കർഷിക്കുന്ന മാനദണ്ഡമായ എ ഐ എസ് പ്രകാരം നിർബന്ധമാക്കിയ സുരക്ഷാ ഉപകരണങ്ങളിൽ ഡ്രൈവറുടെ ഭാഗത്തെ എയർബാഗ് മാത്രമാണ് ഉൾപ്പെടുത്തിയത് എന്നതിനാൽ ചില നിർമാതാക്കൾ മുൻസീറ്റ് യാത്രികർക്കുള്ള എയർബാഗ് ഒഴിവാക്കുകയായിരുന്നു. വിലയുടെ കാര്യത്തിൽ കടുത്ത മത്സരം നിലനിൽക്കുന്ന ബജറ്റ് ഹാച്ച്ബാക്ക് വിഭാഗത്തിലാണ് ഈ പ്രവണത പ്രകടം; ഓപ്ഷനൽ വ്യവസ്ഥയിൽ മാത്രമാണ് ഈ വിഭാഗത്തിൽ മുൻസീറ്റ് യാത്രികനുള്ള എയർബാഗ് ലഭ്യമാവുന്നത്. ഈ സാഹചര്യം ഒഴിവാക്കാൻ എ ഐ എസിൽ ഭേദഗതി വരുത്തി എല്ലാ യാത്രാവാഹനത്തിലും മുൻസീറ്റ് യാത്രികർക്കും എയർബാഗ് നിർബന്ധമാക്കിയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്. 

2021 ഏപ്രിൽ ഒന്നിനോ അതിനുശേഷമോ നിർമ്മിക്കുന്ന പുതിയ മോ‍ഡലുകളിലും നിലവിലുള്ള മോഡലുകളുടെ കാര്യത്തിൽ 2021 ജൂൺ ഒന്നിനു ശേഷവും ഇരട്ട എയർബാഗ് നിർബന്ധമാണെന്ന് വിജ്ഞാപനം വ്യക്തമക്കുന്നു.

അതേസമയം, മുന്തിയ വകഭേദങ്ങളിൽ മിക്കതിലും ഇപ്പോൾ തന്നെ മുന്നിൽ ഇരട്ട എയർബാഗ് ലഭ്യമാണ്. എങ്കിലും മാരുതി സുസുക്കിയുടെ ‘ഓൾട്ടോ’, ‘എസ് പ്രസൊ’, ‘സെലേരിയൊ’ തുടങ്ങിയവയുടെ എൻട്രി ലവൽ വകഭേദങ്ങളിൽ ഡ്രൈവർക്കു മാത്രമാണ് എയർബാഗിന്റെ സുരക്ഷ ഉള്ളത്. ‘വാഗൻ ആറി’ലാവട്ടെ ഡ്രൈവർ എയർബാഗ് സ്റ്റാൻഡേഡ് വ്യവസ്ഥയിലും സഹഡ്രൈവർ എയർബാഗ് ഓപ്ഷനൽ വ്യവസ്ഥയിലുമാണു ലഭിക്കുക. വാനായ ‘ഈകൊ’യിലാവട്ടെ ഓപ്ഷനൽ വ്യവസ്ഥയിൽ പോലും മുൻസീറ്റ് യാത്രികന് എയർബാഗ് ലഭ്യമല്ല.

ഫ്രഞ്ച് നിർമാതാക്കളായ റെനോയുടെ ‘ക്വിഡി’ലും ഡ്രൈവർക്കു മാത്രമാണ് എയർബാഗ്; ‘ആർ എക്സ് ടി’ വകഭേദം മുതലാണ് ഓപ്ഷനൽ വ്യവസ്ഥയിൽ കോഡ്രൈവർ എയർബാഗ് ലഭിക്കുന്നത്. നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ ‘റെഡിഗൊ’യിലും ഡ്രൈവർ എയർബാഗ് മാത്രമാണു സ്റ്റാൻഡേഡ് വ്യവസ്ഥയിൽ ലഭ്യമാവുന്നത്. ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയിയും ‘സാൻട്രോ’യുടെ താഴ്ന്ന വകഭേദങ്ങളിൽ ഡ്രൈവർ എയർബാഗ് മാത്രമാണ് ഘടിപ്പിക്കുന്നത്; മുൻസീറ്റ് യാത്രികന് ഓപ്ഷനൽ വ്യവസ്ഥയിൽ എയർബാഗ് ലഭ്യമാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ‘ബൊലേറൊ’യിലും ഡ്രൈവറുടെ ഭാഗത്തു മാത്രമാണ് എയർബാഗുള്ളത്. 

English Summary: Front Passenger Airbag  Mandatory for All Cars Sold in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com