ADVERTISEMENT

അമേരിക്കയിലെ ലോക കോടീശ്വരൻ എലൻ മസ്കിനും അദ്ദേഹത്തിന്റെ വൈദ്യുത കാർ ബ്രാൻഡ് ടെസ്‌ലയ്ക്കും പരിചയപ്പെടുത്തൽ വേണ്ട. ‘പബ്ജി’ തലമുറ  സൂപ്പർ സ്റ്റാർ പദവിയോടെ കാണുന്നയാളാണു മസ്ക്. മുതിർന്നവരാകട്ടെ ‘വൗ’ എന്ന് അതിശയം കൂറാതെ മസ്കെന്നും ടെസ്‌ലയെന്നും പറയാറില്ല. അതുകൊണ്ടല്ലേ 2016ൽ ടെസ്‌ല മോഡൽ–3 എന്ന ഇലക്ട്രിക് പോഷ് കാർ അവതരിപ്പിക്കുന്ന കാര്യം പറഞ്ഞയുടൻ, കാള പെറ്റെന്നു കേട്ട മട്ടിൽ, 1000 ഡോളർ നൽകി നമ്മുടെ സൂപ്പർ സ്റ്റാറുകൾ പോലും അത് ബുക്ക് ചെയ്തത്. 

അന്നത്തെ ബുക്കിങ് ആഹ്വാനം വെറും തള്ളായിപ്പോയി ഇന്ത്യയെ സംബന്ധിച്ചിടത്തോളം. ടെസ്‌ല മോഡൽ–3 ഇവിടാർ‌ക്കും കിട്ടീലാ....പക്ഷേ, പറഞ്ഞ സമയത്തുതന്നെ അമേരിക്കയിലും യൂറോപ്പിലും ചൈനയിലുമൊക്കെ മോഡൽ–3 ഓടിത്തുടങ്ങി. അമേരിക്കയ്ക്കു പുറമെ യൂറോപ്പിലും ചൈനയിലും ടെസ്‌ല മോഡൽ–3 ഉൾപ്പെടെയുള്ള കാറുകൾ നിർമിക്കുന്നുമുണ്ട്. 

അൽപം ലേറ്റായാലും, മോഡൽ–3 ഇക്കൊല്ലം ഇന്ത്യയിൽ വിൽപനയ്ക്കെത്തും എന്ന പ്രതീക്ഷ വീണ്ടും ഉണർന്നിരിക്കുകയാണ്. ഇക്കൊല്ലം ടെസ്‌ല ഇവിടെ വിൽപന തുടങ്ങുമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും സാക്ഷാൽ എലൻ മസ്കും കഴിഞ്ഞയാഴ്ച ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ആദ്യമെത്തുന്നത് മോഡൽ–3 തന്നെയാകാനേ തരമുള്ളൂ. അതാണ് ഏറ്റവും വില കുറഞ്ഞ ടെസ്‌ല കാർ. 

ഫുൾ ചാർജിൽ 500 കിലോമീറ്റർ വരെ ഓടുന്ന കാറാണ് മോഡൽ–3. പരമാവധി വേഗം മണിക്കൂറിൽ 162 കിലോമീറ്റർ. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വേണ്ടത് വെറും 3.2 സെക്കൻഡ്. സൂപ്പർ കാർ എന്നു നിസ്സംശയം പറയാവുന്നയാണ് മോഡൽ–3, മോഡൽ–എസ്, മോഡൽ എക്സ്–, മോഡൽ–വൈ എന്നീ കാറുകളെല്ലാം. ഈ മികവും ബദൽ ഊർജമാർഗങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള പ്രതിജ്ഞാബദ്ധതയും ടെസ്‌ലയെ ഓഹരിവിപണിയുടെയും ഡാർലിങ് ആക്കിയിട്ടുണ്ട്. ഓഹരിയുടെ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ലോകത്ത് ഏറ്റവും മൂല്യമുള്ള കാർ കമ്പനിയാണ് ടെസ്‌ല.

അങ്ങനെയൊരു കമ്പനി ഇന്ത്യയിൽ കാലുറപ്പിക്കുന്നത് രാജ്യത്തിന്റെ വൈദ്യുത വാഹന മോഹങ്ങൾക്കു തീർച്ചയായും തിളക്കമേറ്റും. പക്ഷേ ടെസ്‌ല ‘ദാ വരുന്നു’ എന്ന മട്ടിൽ ഇവിടേക്കെത്തുമോ? എത്തിയാൽത്തന്നെ വിലയിൽ പേടിച്ച് ജനം അകലാനിടയില്ലേ... പല കാര്യങ്ങളിലും വ്യക്തത വരാനുണ്ട്.

കാർ വിൽപന നേരിട്ടു നടത്തുന്നതാണ് ടെസ്‌ലയുടെ രീതി. മറ്റു കാർ കമ്പനികളുടേതുപോലെ സ്വകാര്യ സംരംഭകർ തുടങ്ങുന്ന ഷോറൂമുകൾ വഴിയാകില്ല വിൽപന എന്നർഥം. ഓൺലൈൻ ബുക്കിങ് നടത്തുക, വണ്ടി വീട്ടിലോ കമ്പനി ഇന്ത്യയിൽ തുടങ്ങുന്ന വിൽപനകേന്ദ്രത്തിലോ എത്തും. എത്ര വിൽപന കേന്ദ്രങ്ങളുണ്ടാകുമെന്നും ഇപ്പോൾ വ്യക്തമല്ല. 

ഇറക്കുമതി ചെയ്താണു വിൽപനയെന്ന് മന്ത്രി ഗഡ്കരിതന്നെ പറ‍ഞ്ഞിട്ടുണ്ട്. വിദേശത്തു നിർമിക്കുന്ന കാർ ഇവിടെ എത്തിച്ചുവിൽക്കുമ്പോൾ വിലയെക്കാൾ ഇറക്കുമതിനികുതി കൊടുക്കണം.  നിലവിൽ ഏകദേശം 30 ലക്ഷം രൂപ– 42 ലക്ഷം രൂപയ്ക്കു തുല്യമാണ് അമേരിക്കയിൽ മോഡൽ–3 വേരിയന്റുകളുടെ വില. ഭീമമായ ഇറക്കുമതിച്ചുങ്കം നൽകി ഇന്ത്യയിൽ എത്രയെണ്ണം വിൽക്കാനാകും!!

വൈദ്യുത വാഹനമെന്ന നിലയിൽ സർ‌ക്കാർ ഇളവു നൽകുമോ എന്ന് ഇതുവരെ ആരും വ്യക്തമാക്കിയിട്ടില്ല.

ഒരു മോഡൽ ഒരു വർഷം 2500 എണ്ണമേ ഇറക്കുമതി ചെയ്യൂ എന്നാണെങ്കിൽ ഇന്ത്യൻ മാനദണ്ഡങ്ങൾക്കനുസൃതമായ മാറ്റങ്ങൾ വരുത്തുന്ന കാര്യത്തിൽ (ഹോമൊലൊഗേഷൻ) ഇളവുണ്ട്. ആഡംബര ബ്രാൻഡുകളുടെ പല മോഡലുകളും ഈ ‘2500’ വ്യവസ്ഥയിലൊതുങ്ങിയാണു വിൽപന. ടൊയോട്ട വെൽഫയർ, ഫോക്സ്‌വാഗൻ ടിഗ്വാൻ, ടി–റോക് എന്നിങ്ങനെ കഴിഞ്ഞ വർഷം ഇന്ത്യയിൽ പേരെടുത്ത പല മോഡലുകളും ഈ രീതിയാണു സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യൻ നിരത്തുകൾക്ക് അനുയോജ്യമെന്നുറപ്പാക്കാനുള്ള ഹോമൊലൊഗേഷനും അതിന്റെ അംഗീകാരവും വേണ്ടാത്തതിനാൽ ഒരുപാടു സമയലാഭവുമുണ്ട്. ഏതെങ്കിലും രാജ്യാന്തര നിലവാരം പാലിക്കണം, സ്റ്റീയറിങ് സംവിധാനം വലതുവശത്തായിരിക്കണം, മൈൽ അല്ല കിലോമീറ്ററാണു പ്രദർശിപ്പിക്കേണ്ടത് എന്നിങ്ങനെ ഏതാനും നിബന്ധനകളേ പാലിക്കേണ്ടതുള്ളൂ. ഈ രീതിയിലുള്ള കച്ചവടം വിലയിരുത്തിയശേഷം ഇന്ത്യയിൽ മാർക്കറ്റ് ഉണ്ടെന്നുകണ്ടാൽമാത്രം ടെസ്‌ല ഇവിടെ അസംബ്ലിങ് തുടങ്ങിയേക്കും. മഹാരാഷ്ട്ര സർക്കാർ ഇതിനായി കമ്പനിയെ ക്ഷണിച്ചിട്ടുണ്ട്.

ഇറക്കുമതിക്കു മറ്റൊരു വെല്ലുവിളിയാകാൻ സാധ്യത, ചൈനീസ് വിലാസമാണ്. യൂറോപ്പിൽനിന്നോ അമേരിക്കയിൽനിന്നോ എത്തിക്കുന്നതിനെക്കാൾ എളുപ്പം ചൈനയിൽനിന്ന് എത്തിക്കുന്നതാണ്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ചൈനയിൽനിന്നുള്ള ഇറക്കുമതി പ്രോൽസാഹിപ്പിക്കുമോ എന്നത് കാത്തിരുന്നുകാണണം.

ഇന്ത്യൻ വിപണിയിൽ ഇത്രയും ഉയർന്ന വിലയിൽ ഇലക്ട്രിക് കാറുകൾ എത്തുന്നത് ഇനി അതിശയമല്ല എന്നതാണ് ടെസ്‌ലയ്ക്ക് ആശ്വാസമാകുന്ന സംഗതി. മെഴ്സിഡീസ് ഇക്യുസി വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. മറ്റ് ആഡംബര ബ്രാൻഡുകളുടെയും വൈദ്യുത കാർ ഇക്കൊല്ലം പ്രതീക്ഷിക്കുന്നുണ്ട്.

ഇലക്ട്രിക് കാർ വിപണിയിൽ ടാറ്റ നെക്സോൺ ആണ് ഇപ്പോഴത്തെ താരം. ഇന്ത്യൻ നിർമിതമാണെന്നതും വില 20 ലക്ഷത്തിൽത്താഴെയാണെന്നതും ഇതിനു വലിയ കുതിപ്പേകുന്നുണ്ട്.

English Summary: Tesla Cars Price in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com