ADVERTISEMENT

സൂപ്പർഹിറ്റായി മുന്നേറുകയാണ് മഹീന്ദ്രയുടെ എസ്‍യുവി ഥാർ. ഡിസംബർ മാസം മാത്രം ഥാറിന് 6500 ബുക്കിങ്ങുകൾ ലഭിച്ചു എന്നാണ് മഹീന്ദ്ര അറിയിക്കുന്നത്. അതിൽ 50 ശതമാനവും ഓട്ടമാറ്റിക് വകഭേദത്തിനാണെന്നും മഹീന്ദ്ര പറയുന്നു. പുറത്തിറങ്ങി ആദ്യ മാസത്തിൽ തന്നെ 20000 ബുക്കിങ്ങുകൾ ഥാറിന് ലഭിച്ചിരുന്നു.

കോവിഡ് 19 സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിൽ കഴിഞ്ഞ ഒക്ടോബറിലാണു പുതുതലമുറ ഥാർ അരങ്ങേറ്റം കുറിച്ചത്. അവതരണത്തിനു മുമ്പ് തന്നെ വിപണിയുടെ ശ്രദ്ധ ആകർഷിക്കാൻ ഥാറിനായി കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്താൻ ലേലത്തിനു വച്ച ആദ്യ ഥാർ 1.11 കോടി രൂപ വാഗ്ദാനം ചെയ്താണ് ഡൽഹി സ്വദേശി ആകാശ് മിൻഡ സ്വന്തമാക്കിയത്. ഥാറി’നു ലഭിച്ച ഈ വിലയ്ക്കൊപ്പം മഹീന്ദ്രയുടെ തത്തുല്യമായ സംഭാവനയും ചേർത്തുള്ള തുക മിൻഡയുടെ നിർദേശപ്രകാരം സ്വദേശ് ഫൗണ്ടേഷനു കമ്പനി കൈമാറുകയും ചെയ്തു.

ലാഡർ ഫ്രെയിം ഷാസിയോടെ എത്തുന്ന 2020 ഥാറിനു കരുത്തേകാൻ രണ്ട് എൻജിനുകളാണു രംഗത്ത്. 152 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന, രണ്ടു ലീറ്റർ എം സ്റ്റാലിയൻ പെട്രോൾ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സുകളാണ്. 132 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാനാവുന്ന 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിനൊപ്പവും ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുകൾ ലഭ്യമാണ്. ഫോർ വീൽ ഡ്രൈവും മാനുവൽ ഷിഫ്റ്റ് ട്രാൻസ്ഫർ കേസും എല്ലാ വകഭേദത്തിലുമുണ്ട്.

സോഫ്റ്റ് ടോപ്, ഹാർഡ് ടോപ് സാധ്യതകളോടെ എ എക്സ്, എൽ എക്സ് ശ്രേണികളിലാണു പുതിയ ഥാർ വിൽപനയ്ക്കുള്ളത്.

English Summary: Mahindra Thar gets 6,500 bookings in December 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com