ADVERTISEMENT

ഇത് മനസിൽ പോലും വിചാരിക്കാത്ത ദാരുണ സംഭവം. ഇന്നലെ വൈകിട്ട് 4.10ന് തിരുവല്ല എംസി റോഡിൽ പെരുന്തുരുത്തിയിൽ നടന്ന അപകടത്തിന്റെ വിഡിയോ കണ്ടവരെല്ലാം ഇങ്ങനെയാകും വിശേഷിപ്പിക്കുക. നിയന്ത്രണം വിട്ട് സ്കൂട്ടർ യാത്രികരായ യുവാവിനെയും യുവതിയെയും ഇടിച്ചു തെറിപ്പിച്ച് കടയിലേക്ക് പാഞ്ഞുകയറിയ കെഎസ്ആർടിസി ബസ്. ഇതിന് അടിയിൽപെട്ട് സ്കൂട്ടർ യാത്രികരായ യുവാവും യുവതിയും മരിച്ചു.

റോഡരികിലൂടെ സാവകാശം പോകുകയായിരുന്ന സ്കൂട്ടറിന് അടുത്തെത്തിയപ്പോൾ ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറുന്ന സിസിടിവി ദൃശ്യങ്ങൾ അതിദാരുണമാണ്. കോട്ടയത്തുനിന്നു പത്തനംതിട്ടയിലേക്കു വരികയായിരുന്ന കോട്ടയം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസ് ആണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ 22 പേർക്ക് പരുക്കേറ്റു. റോഡരികിൽ കണ്ടു നിൽക്കുന്നവർ ഇത് കണ്ട് ഓടി മറയുന്നതും കാണാം. മുളക്കുഴ പിരളശേരി കാഞ്ഞിരംപറമ്പിൽ പരേതനായ രാജുവിന്റെ മകൻ ജയിംസ് ചാക്കോ (30), വെൺമണി പുലക്കടവ് ആൻസി ഭവനിൽ ജോൺസന്റെ മകൾ ആൻസി (26) എന്നിവരാണ് മരിച്ചത്.

പെരുന്തുരുത്തി, ഇടിഞ്ഞില്ലം പ്രദേശങ്ങളാണ് യാത്രക്കാർക്ക് ഭയാശങ്ക ഉയർത്തുന്നത്. റോഡ് ഉന്നത നിലവാരത്തിൽ നിർമിച്ചതോടെ ഈ ഭാഗത്ത് ആഴ്ചയിൽ 3 അപകടമെങ്കിലും പതിവാണ്. വാഹനങ്ങളുടെ അമിത വേഗമാണ് പ്രശ്നം. അപകടം ഉണ്ടാക്കിയതിൽ ഏറിയ പങ്കും കെഎസ്ആർടിസി ബസുകളാണ്. മരിച്ചവരിൽ കൂടുതലും ഇരുചക്ര വാഹന യാത്രക്കാരും.

എംസി റോഡിൽ ഈ ഭാഗത്ത് വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാൻ സംവിധാനമില്ല. വാഹനങ്ങളെ അലക്ഷ്യമായി മറികടക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുന്നു. നാൽക്കവലയായ ഇടിഞ്ഞില്ലത്തെ വീതിക്കുറവും പ്രശ്നമാണ്.

English Summary: Thiruvalla KSRTC Bus Accident Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com