ADVERTISEMENT

വാഹന വ്യവസായ മേഖലയിലെ വൈദഗ്ധ്യം വാനോളമുയർത്താൻ തയാറെടുക്കുകയാണു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട. രണ്ടു ദശാബ്ദത്തോളം മുമ്പ് വികസിപ്പിച്ച ചെറുവിമാനത്തിന് യാത്രക്കാരുമായി പറന്നുയരാൻ ആവശ്യമായ സാക്ഷ്യപത്രങ്ങളും അനുമതികളുമെല്ലാം ഇതിനോടകം ഹോണ്ട എയർക്രാഫ്റ്റ് കമ്പനി നേടിയെടുത്തുകഴിഞ്ഞു. രണ്ട് ചെറു വിമാനങ്ങളുള്ള ഹോണ്ട ജെറ്റിന്റെ നിരയിലേക്ക് ഹോണ്ടജെറ്റ് എലീറ്റ് എസ് എന്ന വിമാനം കൂടി. 

honda-jet-elite-s-3

ബിസിനസ് ജെറ്റ് ഉപയോക്താക്കളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും സഫലമാക്കും വിധമാണു ഹോണ്ടയുടെ പുത്തൻ വിമാനമായ ‘ഹോണ്ടജെറ്റ് എലീറ്റ് എസി’ന്റെ രൂപകൽപ്പന. കമ്പനി നിർമിക്കുന്ന മുന്തിയ കാറുകളിൽ ലഭ്യമായ ആഡംബരങ്ങളും ആർഭാടങ്ങളുമെല്ലാം സഹിതമാണു  ഹോണ്ട എയർക്രാഫ്റ്റ് കമ്പനി സ്വകാര്യ ആവശ്യങ്ങൾക്കായുള്ള ഈ ബിസിനസ് ജെറ്റും അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിറകിനു മുകളിൽ ഘടിപ്പിച്ച എൻജിൻ(ഒ ടി ഡബ്ല്യു ഇ എം അഥവാ ഓവർ ദ് വിങ് എൻജിൻ മൗണ്ട്) സഹിതമെത്തുന്നതിനാൽ  ‘ഹോണ്ടജെറ്റ് എലീറ്റ് എസി’ന് കൂടുതൽ ഭാരവും വഹിച്ചു പറന്നുയരാനാവുമെന്നാണു നിർമാതാക്കളുടെ സാക്ഷ്യം. 90 കിലോഗ്രാം ഭാരം കൂടി അധികമായി വഹിക്കാനോ അതല്ലെങ്കിൽ സഞ്ചാര പരിധി 225 കിലോമീറ്റർ കൂടി ദീർഘിപ്പിക്കാനോ ഈ രൂപകൽപന വിമാനത്തെ സഹായിക്കുമത്രെ.

honda-jet-elite-s

പറന്നുയരാനും ലാൻഡ് ചെയ്യാനുമായി വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് കൺട്രോളു(എ ടി സി)മായി ശബ്ദ സൂചന വഴി ബന്ധപ്പെടുന്നതിനു പകരം ടെക്സ്റ്റ് അധിഷ്ഠിത മെസേജിങ് സാധ്യമാക്കുന്ന എഫ് എ എ ഡാറ്റ കമ്യൂണിക്കേഷനും ‘എലീറ്റ് എസി’ൽ ഹോണ്ട ലഭ്യമാക്കുന്നു.ഒപ്പം വൈമാനികരുടെ അധ്വാനഭാരം കുറയ്ക്കാനായി സാധാരണ യാത്രാവിമാനങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ഓട്ടോ പൈലറ്റ് സംവിധാനത്തോടു കിട പിടിക്കുന്ന അഡ്വാൻസ്ഡ് സ്റ്റീയറിങ് ഓഗ്മെന്റേഷൻ സിസ്റ്റ(എ എസ് എ എസ്)വും ‘ഹോണ്ടജെറ്റ് എലീറ്റ് എസി’ലുണ്ട്. നിശ്ചിത ഉയരത്തിലെത്തിയശേഷം യാത്രാപഥവും വേഗവുമൊക്കെ ക്രമീകരിച്ചു നൽകിയാൽ വൈമാനികരുടെ ഇടപെടൽ കൂടാതെ വിമാനം സ്വയം പറക്കൽ തുടരുന്ന സംവിധാനമാണ് ഓട്ടോപൈലറ്റ്. 

സാങ്കേതികവിഭാഗത്തിനു പുറമെ കാഴ്ചപ്പകിട്ടിലും തെല്ലുംവിട്ടുവീഴ്ച ചെയ്യാതെയാണ് ‘ഹോണ്ടജെറ്റ് എലീറ്റ് എസി’ന്റെ വരവ്; ഗൺമെറ്റൽ, ലക്സ് ഗോൾഡ്, ഡീപ് സീ ബ്ലൂ നിറങ്ങളിലാണു വിമാനം ലഭിക്കുക.

honda-jet-elite-s-2

ബിസിനസ് ജെറ്റെന്ന നിലയിൽ ബിസിനസ് ക്ലാസിലെ ആഡംബരങ്ങളും സൗകര്യങ്ങളുമെല്ലാം തന്നെ ‘എലീറ്റ് എസി’ൽ ഹോണ്ട അണിനിരത്തുന്നു.  ക്രീം — ബീജ് വർണ സങ്കലനത്തിൽ കുഷ്യൻഡ് സീറ്റുകൾ, ക്രമീകരിക്കാവുന്ന ലൗഞ്ച് ടേബിൾ, ദിശ കേന്ദ്രീകരിക്കാവുന്ന ലൈറ്റിങ് സംവിധാനം, ഷേഡ് സഹിതം വലിപ്പമേറിയ വിൻഡോ തുടങ്ങിയവയൊക്കെ വിമാനത്തിലുണ്ട്. നിരത്തു വാഴുന്ന കാറുകളിലെ അകത്തളത്തോടു സാമ്യമുള്ള രീതിയിൽ തന്നെയാണു ഹോണ്ട ഈ വിമാനത്തിന്റെ ഉൾഭാഗവും സജ്ജീകരിച്ചിരിക്കുന്നത്. 

സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കൊത്തു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കു യോജിച്ച കൂട്ടാളിയാവും ‘എലീറ്റ് എസ്’ എന്നാണു ഹോണ്ട എയർക്രാഫ്റ്റ് കമ്പനിയുടെ അവകാശവാദം. 2018ൽ അരങ്ങേറ്റം കുറിച്ചതു മുതൽ ബിസിനസ് ജെറ്റ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കമ്പനിക്കു സാധിച്ചിട്ടുണ്ടെന്നും ‘എലീറ്റ് എസി’ന്റെ രംഗപ്രവേശത്തോടെ നില കൂടുതൽ മെച്ചപ്പെടുമെന്നും ഹോണ്ട എയർക്രാഫ്റ്റ് കമ്പനി പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മിചിമാസ ഫുജിനൊ കരുതുന്നു. 

English Summary: Honda Aircraft unveils HondaJet Elite S

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com