Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീസൽ വിലക്കു മൂലം നഷ്ടമായത് 5000 തൊഴിലവസങ്ങൾ

Air pollution from vehicle exhaust pipe on road

ദേശീയ തലസ്ഥാന മേഖല(എൻ സി ആർ)യിൽ രണ്ടു ലീറ്ററിലേറെ ശേഷിയുള്ള ഡീസൽ എൻജിനുള്ള കാറുകൾക്കും സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)കൾക്കും ഏർപ്പെടുത്തിയ വിലക്ക് മൂലം രാജ്യത്ത് അയ്യായിരത്തോളം തൊഴിലവസരങ്ങൾ നഷ്ടമായെന്നു ഇന്ത്യൻ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം). കഴിഞ്ഞ ഡിസംബർ 16നു പ്രാബല്യത്തിലെത്തിയ വിലക്കിന്റെ ഫലമായി 2016 ഏപ്രിൽ 30 വരെയുള്ള കാലത്തിനിടെ11,000 യൂണിറ്റിന്റെ ഉൽപ്പാദനനഷ്ടവുണ്ടെന്നു ‘സയാം’ കണക്കാക്കുന്നു. ഇത്രയും ഉൽപ്പാദനഷ്ടത്തിന്റെ ഫലമായാണ് 5,000 തൊഴിലുകൾ ഇല്ലാതായതെന്നും ‘സയാം’ സുപ്രീം കോടതിയിൽ ബോധിപ്പിച്ചു.

പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ടു സുപ്രീം കോടതി നടപ്പാക്കിയ ഡീസൽ വാഹന വിലക്ക് സൃഷ്ടിച്ച പ്രത്യാഘാതങ്ങളാണു ‘സയാം’ വിശദീകരിച്ചത്. സമാന വിലക്ക് രാജ്യവ്യാപകമായിരുന്നെങ്കിൽ നാലു മാസത്തിനിടെ ഒരു ലക്ഷത്തോളം വാഹനങ്ങളുടെ ഉൽപ്പാദനനഷ്ടം നേരിടുമായിരുന്നെന്നും ‘സയാം’ കോടതിയെ ബോധിപ്പിച്ചു. ഇതോടെ 47,000 തൊഴിലവസരങ്ങൾ നഷ്ടമാവുമെന്നും ‘സയാം’ കണക്കാക്കുന്നു.
ശേഷിയേറിയ ഡീസൽ എൻജിനുള്ള കാറുകളും എസ് യു വികളും അനിശ്ചിതമായി സ്റ്റോക്ക് ചെയ്യാനുള്ള സാമ്പത്തിക ഭദ്രത ഡീലർമാർക്കില്ല. അതുകൊണ്ടുതന്നെ എൻ സി ആർ മേഖലയിൽ ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് ഇത്തരം വാഹനങ്ങൾ രാജ്യത്തിന്റെ അന്യ ഭാഗങ്ങളിലെ ഡീലർഷിപ്പുകൾക്കു കൈമാറിയതായും ‘സയാം’ വെളിപ്പെടുത്തി.ഡീസൽ വാഹനങ്ങൾക്കു പരിസ്ഥിതി നഷ്ടപരിഹാര ചാർജ്(ഇ സി സി) ഏർപ്പെടുത്താനുള്ള നീക്കത്തോടും ‘സയാം’ വിയോജിച്ചു. ഇ സി സി നടപ്പാക്കിയാൽ വാഹന വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കൂടുതൽ ആളുകൾക്കു ജോലി നഷ്ടമാവുമെന്നായിരുന്നു സൊസൈറ്റിയുടെ നിലപാട്. എൻ സി ആറിനു പുറത്തേക്കും ഇ സി സി വ്യാപിപ്പിക്കുന്നതു സ്ഥിതിഗതി കൂടുതൽ സങ്കീർണമാക്കുമെന്നും ‘സയാം’ വിലയിരുത്തി.

ഡീസൽ എൻജിനുള്ള യാത്രാവാഹനങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെടുന്ന ധാരാളം പൊതുതാൽപര്യ ഹർജികൾ രാജ്യത്തെ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുണ്ട്. ഈ വിഷയത്തിൽ സുപ്രീം കോടതി മാതൃക പിന്തുടർന്ന് ഹൈക്കോടതികളും ഡീസൽ വാഹനങ്ങളെ വിലക്കിയാൽ വാഹന നിർമാണ മേഖല തന്നെ പ്രതിസന്ധിയിലാവും. ഒപ്പം രാജ്യവ്യാപകമായി പ്രത്യക്ഷമായും പരോക്ഷമായും വാഹന വ്യവസായവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ തൊഴിൽഭദ്രതയും അനിശ്ചിതത്വത്തിലാവുമെന്നു ‘സയാം’ വിശദീകരിച്ചു. ദീർഘകാലത്തേക്കുള്ള, സമഗ്ര നയരൂപീകരണമില്ലാതെ ഇത്തരം നടപടികൾ സ്വീകരിക്കുന്നത് വാഹന വ്യവസായ മേഖലയിലെ തൊഴിൽ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നും ‘സയാം’ സുപ്രീം കോടതിയിൽ ബോധിപ്പിച്ചു. എൻജിൻ ശേഷിയും പരിസ്ഥിതി മലിനീകരണവുമായി ബന്ധിപ്പിക്കാൻ നിലവിൽ തെളിവൊന്നുമില്ലെന്നും ‘സയാം’ വാദിച്ചു.