Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2015: യു എസിൽ തിരിച്ചുവിളിച്ചത് 5.1 കോടി വാഹനങ്ങൾ

general-motors-us General Motors

നിർമാണ പിഴവുകളുടെ പേരിൽ കഴിഞ്ഞ വർഷം യു എസിൽ വിവിധ നിർമാതാക്കൾ ചേർന്ന് 868 അവസരങ്ങളിലായി തിരിച്ചു വിളിച്ചു പരിശോധിച്ചത് 5.13 കോടി വാഹനങ്ങൾ. രാജ്യത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കണക്കാണിതെന്നും നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ(എൻ എച്ച് ടി എസ് എ) അറിയിച്ചു. ഇതിനിടെ 124 മരണങ്ങൾക്ക് വഴിവച്ച ഇഗ്നീഷൻ സ്വിച് തകരാറുകളുടെ പേരിൽ ജനറൽ മോട്ടോഴ്സ് വാഹനങ്ങൾ തിരിച്ചു വിളിച്ചു പരിശോധിക്കാൻ അനന്തമായി വൈകിയതിന് എൻ എച്ച് ടി എസ് എയെയും വാഹന നിർമാതാക്കളെയും യു എസ് കോൺഗ്രസ് വിമർശിച്ചിരുന്നു. വാഹന സുരക്ഷയുടെ കാര്യത്തിൽ സ്വീകരിക്കുന്ന അയഞ്ഞ സമീപനത്തിന്റെ പേരിലാണ് കോൺഗ്രസ്, അഡ്മിനിസ്ട്രേഷനെയും വിവിധ നിർമാതാക്കളെയും പ്രതിക്കൂട്ടിലാക്കിയത്.

ഇതോടെ സുരക്ഷാ നടപടിക്രമങ്ങൾ അടിമുടി പൊളിച്ചെഴുതിയ എൻ എച്ച് ടി എസ് എ കൂടുതൽ പരിഷ്കാരങ്ങളും വാഗ്ദാനം ചെയ്തു. പിഴവുകൾ തിരിച്ചറിഞ്ഞാൽ സത്വരമായി വാഹനങ്ങൾ തിരിച്ചുവിളിക്കാൻ നിർമാതാക്കളിൽ സമ്മർദം ചെലുത്തിയതിനൊപ്പം എൻ എച്ച് ടി എസ് എ പിഴശിക്ഷയും കുത്തനെ കൂട്ടി. ഇതോടെ 2014ൽ വാഹനം തിരിച്ചുവിളിച്ചുള്ള പരിശോധനകളിൽ യു എസ് പുതിയ ചരിത്രം സൃഷ്ടിച്ചു; 803 അവസരങ്ങളിലായി 6.39 കോടി വാഹനങ്ങളായിരുന്നു തിരിച്ചുവിളിച്ചത്. ഇതിൽ 2.6 കോടി വാഹനങ്ങളും ജനറൽ മോട്ടോഴ്സ് നിർമിച്ചവ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.

തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയതും വിന്യാസ വേളയിൽ പൊട്ടിത്തെറിക്കുന്ന ഇൻഫ്ളേറ്ററുള്ള എയർബാഗുകളുടെ പേരിൽ 2014ൽ വിവിധ നിർമാതാക്കൾ തിരിച്ചു വിളിച്ച 1.2 കോടിയോളം വാഹനങ്ങൾ കഴിഞ്ഞ വർഷം വീണ്ടും പരിശോധിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിൽ വൻതോതിലുള്ള പരിശോധനകൾ പരമപ്രധാനമാണെന്ന് എൻ എച്ച് ടി എസ് എ അഡ്മിനിസ്ട്രേറ്റർ മാർക്ക് റോസ്കൈൻഡ് കരുതുന്നു. വാഹനങ്ങളിലെ നിർമാണ തകരാറുകൾ കണ്ടെത്താനുള്ള നടപടിക്രമങ്ങളിൽ കഴിഞ്ഞ വർഷം വ്യാപക പരിഷ്കാരം വരുത്തിയെന്നും ഇത്തരം ശ്രമങ്ങൾ തുടരുമെന്നും റോസ്കൈൻഡ് വ്യക്തമാക്കി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.