Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയപാതയിലെ 786 അപകടക്കെണി ഒഴിവാക്കുമെന്നു ഗഢ്കരി

nitin-gadkari

രാജ്യത്തെ ദേശീയ പാതകളിൽ എണ്ണൂറോളം അപകടക്കെണികൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഢ്കരി. അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഈ സ്ഥിരം അപകട മേഖലകളിലെ പോരായ്മകൾ പരിഹരിക്കാൻ നടപടിയുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ വിവിധ ദേശീയ പാതകളിലായി 786 അപകട മേഖലകളാണു നിലവിൽ തിരിച്ചറിഞ്ഞത്. 11,000 കോടിയോളം രൂപ ചെലവിൽ ഈ മേഖലകളെ സുരക്ഷിതമാക്കാനാണു സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നു ഗഢ്കരി വെളിപ്പെടുത്തി.

രാജ്യത്ത് ഒന്നര ലക്ഷത്തോളം ആളുകളാണ് ഓരോ വർഷവും റോഡ് അപകടങ്ങളിൽ കൊല്ലപ്പെടുന്നത്. സംസ്ഥാനങ്ങൾ കൂടി സഹകരിച്ചാൽ അപകട മരണങ്ങൾ 50% കുറയ്ക്കാനാവുമെന്നു ഗഢ്കരി പ്രതീക്ഷ പ്രകടിപ്പിച്ചു. റോഡുകളുടെ നിർമാണഘടനയിലെ പോരായ്മകളാണ് അപകടങ്ങളിൽ 70 — 80 ശതമാനത്തിനും വഴി വയ്ക്കുന്നത്. അതുകൊണ്ടുതന്നെ റോഡ് നിർമാണത്തിന് ഏറ്റവും മികച്ച എൻജിനീയറിങ് സംവിധാനങ്ങളും സാങ്കേതികവിദ്യയും ലഭ്യമാക്കാനാണു കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

കൂടാതെ ഡ്രൈവിങ് ലൈസൻസ് വിതരണം അഴിമതി വിമുക്തവും സുതാര്യവുമാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കും. വാഹന റജിസ്ട്രേഷനിൽ നിലനിൽക്കുന്ന പോരായ്മകൾ പരിഹരിക്കാനും നടപടിയുണ്ടാവുമെന്നു ഗഢ്കരി വ്യക്തമാക്കി. ഡ്രൈവർമാർക്കു മികച്ച പരിശീലനം നൽകാനായി എല്ലാ സംസ്ഥാനത്തും പരിശീലന, ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കും. ദേശീയപാതയിൽ അപകടത്തിൽപെടുന്നവർക്ക് സത്വര ചികിത്സ ലഭ്യമാക്കാൻ ആംബുലൻസ് സംവിധാനത്തിനൊപ്പം ട്രോമ കെയർ സെന്ററുകൾ തുറക്കുമെന്നും ഗഢ്കരി വെളിപ്പെടുത്തി. റോഡ് അപകട നിയന്ത്രണത്തിന് വിദ്യാഭ്യാസം, എൻജിനീയറിങ്, നിയമം നടപ്പാക്കൽ എന്നിവ സുപ്രധാനമാണെന്നു കേന്ദ്ര വാർത്താവിതരണ മന്ത്രി എം വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളെയും ഡ്രൈവർമാരെയും ബോധവൽക്കരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.