Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ ഡീസൽ കാറുകൾ നിരോധിക്കും ?

delhi-ban

മലിനീകരണ തോത് വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഡീസൽ കാറുകൾ ഡൽഹിയിലെ നിരത്തുകളിൽ നിരോധിക്കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയാണ് മലിനീകരണം കുറയ്ക്കാൻ തലസ്ഥാന നഗരിയിൽ ഡീസൽ കാറുകൾക്ക് നിരോധനം ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

അടുത്ത ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂറിന്റെ അധ്യക്ഷതയിലുള്ള ബഞ്ചായിരിക്കും ഹർജി പരിഗണിക്കുക. ഡൽഹിയിൽ നിരത്തുകളിൽനിന്നും ഡീസൽ വാഹനങ്ങൾ സമ്പൂർണമായി നിരോധിക്കണോ അതോ ഡീസൽ വാഹനങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ മതിയോ തുടങ്ങിയ കാര്യങ്ങളാകും ബെഞ്ചിന്റെ പരിഗണനയ്ക്ക് വരിക. അതേസമയം, ഡൽഹിയിലെ നിരത്തുകളിൽ ട്രക്കുകൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തുകയെന്ന വാദത്തോട് സുപ്രീം കോടതിയും യോജിച്ചു.

ഡൽഹിയിൽ ഒന്നിടവിട്ട ദിവങ്ങളി‍ൽ സ്വകാര്യ വാഹനങ്ങൾ നിരോധിച്ച ‍ഡൽഹി സർക്കാരിന്റെ തീരുമാനത്തെക്കുറിച്ച് പരാമർശിച്ച സുപ്രീം കോടതി, പ്രശ്നപരിഹാരത്തിന് ഒരു മാർഗം മാത്രമായി പിന്തുടരാനാവില്ലെന്നും നിരീക്ഷിച്ചു. പകരം, പലതലങ്ങളിലുള്ള നീക്കത്തിലൂടെ മാത്രമേ തലസ്ഥാന നഗരിയിൽ മലിനീകരണത്തോത് കുറയ്ക്കാനാകൂവെന്നും കോടതി ചൂണ്ടിക്കാട്ടി.