Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈക്കുകളിൽ എ ബി എസ് നിർബന്ധം

ABS & CBS Mandatory On 2-Wheelers

ഗതാഗത മേഖലയിൽ കർശന നിയമങ്ങൾ ഏർപ്പെടുത്തുന്നതും അവ ഫലപ്രദമായി നടപ്പാക്കുന്നതുമൊന്നും ഇന്ത്യയുടെ പതിവു രീതിയല്ല. എന്നാൽ തായ്‌ലൻഡും ഇന്തൊനീഷയും പോലെ ഇരുചക്രവാഹന പെരുപ്പം നേരിടുന്ന രാജ്യങ്ങളാവട്ടെ നേരത്തെ തന്നെ ആന്റിലോക്ക് ബേക്കിങ് സംവിധാനം(എ ബി എസ്) പോലുള്ള സുരക്ഷാക്രമീകരങ്ങൾ മുമ്പേ ഏർപ്പെടുത്തിക്കഴിഞ്ഞു. ഇരുചക്രവാഹനങ്ങളുടെ എൻജിൻ ശേഷി നിശ്ചിത പരിധിക്കു മുകളിലാണെങ്കിലാണ് ഈ രാജ്യങ്ങളിൽ എ ബി എസ് നിർബന്ധം. വൈകിയാണെങ്കിലും ഇന്ത്യയിലും ഈ പാത പിന്തുടരാനുള്ള ഒരുക്കത്തിലാണ്.ഇന്ത്യൻ നിരത്തുകൾ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഇപ്പോൾ എ ബി എസ് കർശനമാക്കുന്നത്. ഘട്ടം ഘട്ടമായി ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മോട്ടോർ സൈക്കിളുകളിലും സ്കൂട്ടറുകളിലും എ ബി എസ് നിർബന്ധമാക്കാനാണു പദ്ധതി.

തുടക്കമെന്ന നിലയിൽ 125 സി സിയിലേറെ എൻജിൻ ശേഷിയുള്ള ഇരുചക്രവാഹനങ്ങളിലാണ് എ ബി എസ് നടപ്പാക്കുന്നത്. 2018 ഏപ്രിൽ മുതൽ ഇത്തരം മോട്ടോർ സൈക്കിളുകൾക്കെല്ലാം എ ബി എസ് നിർബന്ധമാണെന്നാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വിജ്ഞാപനം. ഓപ്ഷനൽ വ്യവസ്ഥയിലല്ല, നിർബന്ധമായി തന്നെ ഇത്തരം ബൈക്കുകളിൽ എ ബി എസ് ലഭ്യമാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. എൽ ടു വിഭാഗ(അതായത് എൻജിൻ ശേഷി 125 സി സിയോ അധികമോ, പരമാവധി കരുത്ത് 11 കിലോവാട്ട്(അഥവാ 16.09 ബി എച്ച് പി), പവർ ടു വെയ്റ്റ് അനുപാതം 0.1 കിലോവാട്ട് പ്രതി കിലോഗ്രാം(അഥവാ 0.134 ബി എച്ച് പി പ്രതി കിലോഗ്രാം)ത്തിൽ ഇടംപിടിക്കുന്ന മോട്ടോർ സൈക്കിളുകളിൽ 2018 ഏഫ്രിൽ ഒന്നു മുതൽ ഐ എസ്:14664:2010 നിലവാരമുള്ള ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനമോ കംബൈൻഡ് ബ്രേക്കിങ് സംവിധാന(സി ബി എസ്)മോ നിർബന്ധമായും ഘടിപ്പിച്ചിരിക്കണമെന്നാണു പുതിയ നിബന്ധന. 125 സിസിയിൽ താഴെ എൻജിൻ ശേഷിയുള്ള മോഡലുകളിൽ എ ബി എസോ സി ബി എസോ ഏതെങ്കിലുമൊന്നു ലഭ്യമാക്കിയാൽ മതിയാവും.

ഇന്ത്യൻ നിരത്തുകളിൽ അപകടമരണങ്ങൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം കർശന നടപടികൾ അനിവാര്യമാണെന്ന തിരിച്ചറിവിലാണു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. അപകട മരങ്ങളിൽ 26% ആണ് ഇരുചക്രവാഹന വിഭാഗത്തിന്റെ വിഹിതം. 2012ൽ മാത്രം മുപ്പത്തി ആറായിരത്തോളം പേരാണ് ഇരുചക്രവാഹന അപകടങ്ങളിൽ കൊല്ലപ്പെട്ടതെന്നാണു കണക്ക്.  എ ബി എസ് പോലുള്ള സംവിധാനങ്ങൾ കർശനമാക്കുക വഴി ഇന്ത്യയിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെട്ട അപകടങ്ങളിൽ മൂന്നിലൊന്നോളം തടയാനാവുമെന്നു ജർമൻ നിർമാതാക്കളായ ബോഷ് കരുതുന്നു. കൂടാതെ ബ്രേക്കിങ് കൂടുതൽ കാര്യക്ഷമമാവുന്നതോടെ അപകടവേളയിൽ ഇരുചക്രവാഹനങ്ങളുടെ വേഗം കുറയുന്നതും ആഘാതം കുറയ്ക്കുമെന്നു ബോഷ് വിശദീകരിക്കുന്നു.  

Your Rating: