Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

6 വൈദ്യുത വാഹനം പുറത്തിറക്കുമെന്നു ഡെയ്മ്‌ലർ

daimler-logo

വൈദ്യുതിയിൽ ഓടുന്ന ആറു കാറുകളെങ്കിലും പുറത്തിറക്കുമെന്നു ജർമൻ കാർ നിർമാതാക്കളായ ഡെയ്മ്‌ലർ. യു എസിൽ നിന്നുള്ള ടെസ്‌ല മോട്ടോഴ്സിനോടും ജർമനിയിൽ നിന്നു തന്നെയുള്ള ഫോക്സ്‌വാഗനോടും മത്സരിക്കാൻ ലക്ഷ്യമിട്ട് ഒൻപതു വൈദ്യുത വാഹന മോഡലുകൾ വരെ വികസിപ്പിക്കാൻ പദ്ധതിയുണ്ടെന്നും കമ്പനി സൂചിപ്പിച്ചു.

അടുത്ത മാസം നടക്കുന്ന പാരിസ് മോട്ടോർ ഷോയിൽ അദ്യ വൈദ്യുത കാർ അവതരിപ്പിക്കാനാണു മെഴ്സീഡിസ് ബെൻസ് ശ്രേണിയിലെ ആഡംബര കാറുകൾ നിർമിക്കുന്ന ഡെയ്മ്‌ലറിന്റെ പദ്ധതി. നിലവിൽ ടെസ്‌ല മോട്ടോഴ്സിന് ആധിപത്യമുള്ള പ്രീമിയം വൈദ്യുത കാർ വിഭാഗത്തിൽ പ്രവേശിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തിയതായി കഴിഞ്ഞ ജൂലൈയിലാണു ഡെയ്മ്‌ലർ പ്രഖ്യാപിച്ചത്. 2018 മുതൽ 2024 വരെയുള്ള കാലത്തിനിടെ കുറഞ്ഞത് ആറ് വൈദ്യുത കാറുകളെങ്കിലും പുറത്തിറക്കുമെന്നാണു കമ്പനി ഇപ്പോൾ വ്യക്തമാക്കുന്നത്.

ഇന്ധന സെല്ലിൽ നിന്ന് ഊർജം കണ്ടെത്തുന്ന പ്ലഗ് ഇൻ ഹൈബ്രിഡ് എൻജിനുള്ള സ്പോർട് യൂട്ടിലിറ്റി വാഹനം വികസിപ്പിക്കാൻ മെഴ്സിഡീസ് ബെൻസിനും പദ്ധതിയുണ്ടെന്നാണു സൂചന. ബാറ്ററിയിലെ ഊർജത്താൽ 50 കിലോമീറ്റർ വരെ ഓടുന്ന ഈ എസ് യു വിയുടെ തുടർന്നുള്ള യാത്ര ഇന്ധനസെല്ലിലെ ഹൈഡ്രജൻ സൃഷ്ടിക്കുന്ന വൈദ്യുതിയുടെ സഹായത്താലാവും. ഉയർന്ന വിലയും പരിമിതമായ ദൂരപരിധി(റേഞ്ച്)യും പോരായ്മകളായി പരിഗണിക്കപ്പെട്ടിരുന്നതിനാൽ വൈദ്യുത വാഹനങ്ങളോടു വിപണി നേരത്തെ പ്രതിപത്തി കാട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം വാഹനങ്ങളുടെ വികസനത്തിനു ജർമൻ വാഹന നിർമാതാക്കളും കാര്യമായ പരിഗണന നൽകിയിരുന്നില്ല.

എന്നാൽ ഡീസൽ എൻജിനുള്ള വാഹനങ്ങൾ പരിസ്ഥിതിക്കു സൃഷ്ടിക്കുന്ന കനത്ത ആഘാതം ആഗോളതലത്തിൽ ചർച്ചയായതോടെ നിലപാട് മാറാൻ നിർമാതാക്കൾ നിർബന്ധിതരാവു കയായിരുന്നു. ഒപ്പം ദൂരപപരിധിയിൽ 50% വരെ വർധന സാധ്യമാവുംവിധത്തിൽ ബാറ്ററി സാങ്കേതികവിദ്യയിലെ മുന്നേറ്റവും വൈദ്യുത വാഹനങ്ങളോടുള്ള അവഗണന ഇല്ലാതാക്കാൻ സഹായിച്ചു. ഇതോടെ ഡെയ്മ്‌ലറിനു പുറമെ ജർമനിയിൽ നിന്നുള്ള ഫോക്സ്‌വാഗനും സപ്ലയർമാരായ ബോഷും കോണ്ടിനെന്റലുമൊക്കെ ഈ രംഗത്തു വൻതോതിൽ നിക്ഷേപത്തിനു സന്നദ്ധരുമായി.

Your Rating: