Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ത്രീ ഡി വിമാനം

airbus-thor Photo Courtesy: Twitter

ത്രിമാന പ്രിന്റിങ് വഴി നിർമിച്ച വിമാനമെന്ന അപൂർവതയോടെ എയർബസിന്റെ ‘തോർ’ ബെർലിൻ എയർ ഷോയുടെ ശ്രദ്ധാകേന്ദ്രമായി. ലോകത്ത് ഇതാദ്യമായാണ് ത്രിമാന പ്രിന്റിങ് സാങ്കേതികവിദ്യയിലൂടെ വിമാനം സാക്ഷാത്കരിക്കുന്നതെന്നാണ് യൂറോപ്യൻ വിമാന നിർമാതാക്കളായ എയർബസിന്റെ അവകാശവാദം.
എയർ ഷോയിൽ അണിനിരന്ന വിമാനങ്ങളുമായി താരതമ്യം ചെയ്താൽ ‘തോർ’ വലിപ്പത്തിൽ ഏറെ പിന്നിലാണ്; നാലു മീറ്ററിൽ താഴെ നീളമുള്ള വിമാനത്തിനു വെറും 21 കിലോഗ്രാമാണു ഭാരം. വിമാന മാതൃകകളെ അനുസ്മരിപ്പിക്കുന്ന, വെള്ള നിറമുള്ള ‘തോറി’നു ജനലുകളില്ലെന്ന പ്രത്യേകതയുമുണ്ട്. ‘ടെസ്റ്റ് ഓഫ് ഹൈ ടെക് ഒബ്ജക്ടീവിസ് ഇൻ റിയാലിറ്റി’ എന്നതിന്റെ ചുരുക്കെഴുത്തായാണ് ഈ ഡ്രോണിന് എയർബസ് ‘തോർ’ എന്നു പേരിട്ടത്.

പൈലറ്റ് ആവശ്യമില്ലാത്ത ഈ വിമാനത്തിനു പ്രൊപ്പല്ലർ എൻജിനുകളാണു കരുത്തേകുന്നത്. ജർമൻ തലസ്ഥാനമായ ബെർലിനു തെക്കുള്ള ഷോൺഫെൽഡ് വിമാനത്താവളമാണു രാജ്യാന്തര ഏറോസ്പേസ് പ്രദർശനത്തിനും എയർ ഷോയ്ക്കും ആതിഥ്യമരുളുന്നത്. കാഴ്ചയിൽ കുഞ്ഞൻ ആണെങ്കിലും യൂറോപ്യൻ ഏറോസ്പേസ് രംഗത്തെ അതികായരായ എയർബസിനെ സംബന്ധിച്ചിടത്തോളം വിമാന നിർമാണത്തിൽ കൈവരിച്ച കുതിച്ചുചാട്ടത്തിന്റെ പ്രതീകമാണു ‘തോർ’. വിമാന നിർമാണത്തിൽ ത്രിമാന പ്രിന്റിങ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതോടെ സമയവും ഇന്ധനവും പണവുമൊക്കെ ലാഭിക്കാനാവുമെന്നതാണു നേട്ടം. ത്രിമാന പ്രിന്റിങ് സാങ്കേതികവിദ്യയുടെ സാധ്യതകളുടെ പരീക്ഷണമാണ് ഇപ്പോൾ പ്രദർശനത്തിലുള്ളതെന്ന് എയർബസിനായി ‘തോർ’ വികസിപ്പിച്ച സംഘത്തെ നയിച്ച ഡെറ്റ്ലെവ് കോണിഗൊർസ്കി അഭിപ്രായപ്പെട്ടു.

അതതു യന്ത്രഘടകങ്ങൾക്കു പകരം മൊത്തം സിസ്റ്റത്തിന്റെ തന്നെ വികസനത്തിൽ ത്രിമാന പ്രിന്റിങ് ഉപയോഗിക്കാൻ കഴിയുമോ എന്നായിരുന്നു എയർബസ് പരീക്ഷിച്ചത്. ഈ ശ്രമം വിജയിച്ചാൽ വികസനത്തിനു വേഗം വർധിപ്പിക്കാനാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘തോറി’ൽ വൈദ്യുതോപകരണങ്ങൾ ഒഴികെയുള്ള ഭാഗങ്ങളെല്ലാംപോളിഅമൈഡ് എന്ന വസ്തുഉപയോഗിച്ചു ത്രിമാന പ്രിന്റിങ് വഴി നിർമിച്ചതാണ്. വലിപ്പത്തിൽ ചെറുതെങ്കിലും ‘തോർ’ മികച്ച സ്ഥിരതയോടെ മനോഹമായി പറക്കുമെന്നു ചീഫ് എൻജിനീയർ ഗുണ്ണാർ ഹസി സാക്ഷ്യപ്പെടുത്തുന്നു. ജർമനിയുടെ വടക്കൻ മേഖലയിലുള്ള ഹാംബർഗ് നഗരത്തിൽ കഴിഞ്ഞ നവംബറിലായിരുന്നു ‘തോറി’ന്റെ ആദ്യ പരീക്ഷണപ്പറക്കൽ.

Your Rating: