Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പറക്കുംകാർ’: പരീക്ഷണ മാതൃക ഇക്കൊല്ലമെന്ന് എയർബസ്

city-airbus Artist’s impression of the multipropeller CityAirbus vehicle, Image Source:Airbus

സ്വയം നിയന്ത്രിക്കാൻ ശേഷിയുള്ള ‘പറക്കുംകാറി’ന്റെ ആദ്യ മാതൃക ഇക്കൊല്ലം അവസാനത്തോടെ പരീക്ഷണസജ്ജമാവുമെന്നു യൂറോപ്യൻ വിമാന നിർമാതാക്കളായ എയർബസ് ഗ്രൂപ്. നഗരത്തിരക്കുകൾ ഒഴിവാക്കി യാത്ര ചെയ്യാൻ അവസരം ലഭിക്കുമെന്നതാണ് എയർ ബസ് ഗ്രൂപ് രൂപകൽപ്പന ചെയ്യുന്ന ‘പറക്കുംകാറി’ന്റെ പ്രധാന സവിശേഷത. കഴിഞ്ഞ വർഷ കമ്പനി രൂപീകരിച്ച അർബൻ എയർ മൊബിലിറ്റി വിഭാഗമാണു പുതിയ പരീക്ഷണങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. വ്യക്തിഗത യാത്ര സാധ്യമാക്കുന്ന വാഹനമോ ഒന്നിലേറെ പേർക്കു യാത്രാസൗകര്യം വാഗ്ദാനം ചെയ്യുന്ന ഹെലികോപ്റ്റർ പോലുള്ള ആകാശ യാനമോ ആണ് എയർബസിന്റെ സങ്കൽപ്പത്തിലുള്ളത്.

ഇപ്പോഴുള്ള ഓൺലൈൻ റൈഡ് ഹെയ്ലിങ് കമ്പനികളെ പോലെ മൊബൈൽ ആപ്ലിക്കേഷൻ വഴി ഈ ‘പറക്കുംകാർ’ സേവനം ആവശ്യക്കാരിലെത്തിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. നൂറ്റാണ്ട് മുമ്പ് നഗരഗതാഗതം പുതുവഴികൾ തേടി ഭൂമിക്ക് അടിയിലേക്കു പോയെന്ന് എയർബസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ടോം എൻഡേഴ്സ് ഓർമിപ്പിച്ചു. ഇപ്പോഴാവത്തെ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ നഗരഗതാഗതത്തിനു പറന്നുയരാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരാൾക്കു യാത്രാസൗകര്യം ലഭ്യമാക്കുന്ന ആകാശയാനത്തിന്റെ മാതൃക ഇക്കൊല്ലം അവസാനിക്കുംമുമ്പ് യാഥാർഥ്യമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

നിലവിൽ ഈ വാഹനം തീർത്തും പരീക്ഷണഘട്ടത്തിലാണ്. എന്നാൽ ‘പറക്കുംകാർ’ വികസനത്തെ കമ്പനി തികച്ചും ഗൗരവത്തോടെയാണു സമീപിക്കുന്നതെന്നും എൻഡേഴ്സ് വ്യക്തമാക്കി. നഗരങ്ങളെ കൂടുതൽ മലിനമാക്കാത്ത, പൂർണമായും പരിസ്ഥിതി സൗഹദമായ സാങ്കേതികവിദ്യകളെയാണു പദ്ധതിക്കായി പരിഗണിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. യാത്രയ്ക്കായി ആകാശമാർഗം തിരഞ്ഞെടുക്കുന്നത് അടിസ്ഥാന സൗകര്യ വികസന ചെലവ് ഗണ്യമായി കുറയ്ക്കും. ‘പറക്കുംകാറി’ലെ യാത്രയ്ക്ക് കോൺക്രീറ്റ് നിർമിത പാലങ്ങളോ റോഡുകളോ ആവശ്യമില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. അതേസമയം ഈ പദ്ധതിയുടെ വികസന ചെലവിനെക്കുറിച്ച് പ്രതികരിക്കാൻ കമ്പനി തയാറായിട്ടില്ല.