Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഴ്സിഡീസ്: എല്ലാ മോഡലിനും പെട്രോൾ വകഭേദം സെപ്റ്റംബറോടെ

mercedes-benz

ഇന്ത്യയിൽ വിൽക്കുന്ന മോഡലുകളുടെയെല്ലാം പെട്രോൾ വകഭേദം സെപ്റ്റംബറോടെ ലഭ്യമാക്കുമെന്നു ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡീസ് ബെൻസ്. രണ്ടു ലീറ്ററിലെറെ എൻജിൻ ശേഷിയുള്ള ഡീസൽ എൻജിനുകൾക്ക് ഡൽഹി രാജ്യതലസ്ഥാന മേഖല(എൻ സി ആർ)യിൽ സുപ്രീം കോടതി ഏർപ്പെടുത്തിയ വിലക്ക് മറികടക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടി. മെഴ്സിഡീസ് ബെൻസ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാന വിപണിയാണ് എൻ സി ആർ. അതുകൊണ്ടുതന്നെ മേഖലയിലെ ഡീസൽ വിലക്ക് നീക്കാൻ നടപടികളുണ്ടാവുമെന്ന പ്രതീക്ഷയിലാണു കമ്പനി.

എങ്കിലും രണ്ടു മാസത്തിനകം ഇന്ത്യൻ മോഡൽ ശ്രേണിക്ക് പൂർണമായി തന്നെ പെട്രോൾ വകഭേദം അവതരിപ്പിക്കുമെന്നു മെഴ്സിഡീസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ റോളണ്ട് ഫോൾജർ അറിയിച്ചു. അടിസ്ഥാനപരമായി കമ്പനിയുടെ എല്ലാ മോഡലുകൾക്കും പെട്രോൾ വകഭേദം ലഭ്യമായതിനാൽ ഇതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഉപയോക്താക്കൾക്കു കൂടുതൽ വൈവിധ്യം ഉറപ്പാക്കാൻ കഴിഞ്ഞ വർഷം മധ്യത്തിൽതന്നെ ഇതുസംബന്ധിച്ച തീരുമാനം കമ്പനി സ്വീകരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. പോരെങ്കിൽ 10 വർഷം മുമ്പ് മെഴ്സിഡീസിന്റെ പക്കൽ പെട്രോൾ എൻജിനുകൾ മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇത്തരം വെല്ലുവിളികൾ കമ്പനിക്ക് അസ്വാഭാവികത സൃഷ്ടിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

എൻ സി ആർ മേഖലയിൽ നടപ്പായ ഡീസൽ എൻജിൻ വിലക്ക് മെഴ്സീഡിസിനും ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രീട്ടിഷ് ആഡംബര കാർ ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവറി(ജെ എൽ ആർ)നുമാണു കനത്ത തിരിച്ചടി സൃഷ്ടിച്ചത്. എങ്കിലും വിലക്ക് മൂലം ഈ മേഖലയിലെ ഡീലർഷിപ്പുകളിൽ തൊഴിൽനഷ്ടം സംഭവിച്ചിട്ടില്ലെന്നു ഫോൾജർ അവകാശപ്പെട്ടു. കഴിഞ്ഞ ആറു മാസത്തിനിടെ എൻ സി ആർ മേഖലയിൽ പെട്രോൾ മോഡലുകൾ കൂടുതലായി ലഭ്യമാക്കാൻ മറ്റു സ്ഥലങ്ങളിലെ ഡീലർമാർ സഹകരിച്ചിരുന്നു. ഇങ്ങനെ വിൽപ്പന കുത്തനെ ഇടിയാതെ നോക്കിയതിനാലാണു തൊഴിൽ നഷ്ടം ഒഴിവായതെന്നും അദ്ദേഹം വിശദീകരിച്ചു.