Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുചക്രവാഹന ബാറ്ററി നിർമാണം വർധിപ്പിക്കാൻ അമര രാജ

amararaja

രണ്ടു വർഷത്തിനകം ഇരുചക്രവാഹന ബാറ്ററി ഉൽപ്പാദന ശേഷി 2.20 കോടി യൂണിറ്റിലെത്തിക്കുമെന്ന് ‘അമറോൺ’ ബ്രാൻഡിന്റെ നിർമാതാക്കളായ അമര രാജ ബാറ്ററീസ് ലിമിറ്റഡ്. നിലവിലുള്ള ഉൽപ്പാദനശേഷിയായ 1.10 കോടി അടുത്ത സാമ്പത്തിക വർഷം വരെയുള്ള ആവശ്യം നിറവേറ്റാൻ പര്യാപ്തമാണ്. എന്നാൽ തുടർന്നുള്ള വർഷങ്ങളിലെ ആവശ്യം നിറവേറ്റാൻ ഉൽപ്പാദന ശേഷി ഉയർത്തേണ്ടത് അനിവാര്യതയാണ്. ഇരുചക്രവാഹന ബാറ്ററി വിഭാഗത്തിൽ പ്രതിവർഷം 1.10 കോടി യൂണിറ്റിന്റെ ആവശ്യമാണു കണക്കാക്കുന്നതെന്നും അമര രാജ ഗ്രൂപ് ചെയർമാൻ രാമചന്ദ്ര എൻ ഗല്ല അറിയിച്ചു.

ഉൽപ്പാദനശേഷി ഉയർത്താനുള്ള നടപടികൾ പൂർത്തിയാക്കാൻ 18 മാസം വേണ്ടിവരും. അതിനാൽ പുതിയ ശാലയ്ക്കുള്ള സാങ്കേതികവിദ്യയും രൂപകൽപ്പനയുമെല്ലാം പുരോഗമിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ഉൽപ്പദാനശേഷി ഉയർത്താനുള്ള ചെലവിനെപ്പറ്റി അദ്ദേഹം സൂചനയൊന്നും നൽകിയില്ല. നിർദിഷ്ട ശാല രാജ്യത്തിന്റെ ഉത്തര മേഖലയിലെ പശ്ചിമ മേഖലയിലോ സ്ഥാപിക്കാനാണ് അമര രാജ ബാറ്ററീസ് ആലോചിക്കുന്നത്.

വിവിധ സാധ്യതകൾ പരിഗണിച്ചു വരികയാണ്. ഉൽപ്പാദനം കൂട്ടാനായി ഒറ്റ ശാലയാണോ ഒന്നിലേറെ ശാലകളാണോ സ്ഥാപിക്കുക എന്നതു സംബന്ധിച്ചു തീരുമാനമായിട്ടില്ലെന്നു ഗല്ല അറിയിച്ചു. എന്തായാലും ശാലയ്ക്കായി മികച്ച സാങ്കേതികവിദ്യയാവും തിരഞ്ഞെടുക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

അതിനിടെ ആന്ധ്ര പ്രദേശിലെ ചിറ്റൂർ ജില്ലയിലെ നുനെഗുണ്ട്ലപള്ളി ഗ്രാമത്തിൽ അമര രാജ സ്ഥാപിച്ച നാലു ചക്രവാഹന ശാല ബാറ്ററി നിർമാണശാല ഉദ്ഘാടനത്തിനൊരുങ്ങി. പ്രതിവർഷം 22.50 ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയള്ള ശാല ഉദ്ഘാടനം ചെയ്യുന്നത് ആന്ധ്ര മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവാണ്.

പുതിയ ശാല കൂടിയാവുന്നതോടെ അമര രാജയുടെ മൊത്തം ബാറ്ററി ഉൽപ്പാദനശേഷി 82.50 ലക്ഷം യൂണിറ്റിലെത്തും. നിലവിൽ മഹീന്ദ്ര, ഹോണ്ട, ഹീറോ മോട്ടോ കോർപ് തുടങ്ങിയ നിർമാതാക്കൾക്ക് അമര രാജ ബാറ്ററി ലഭ്യമാക്കുന്നുണ്ട്. ബജാജ് ഓട്ടോ ലിമിറ്റഡുമായി ഇരുചക്രവാഹന ബാറ്ററി വിതരണത്തിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുമുണ്ട്. കയറ്റുമതി വിഭാഗത്തിൽ ദക്ഷിണ പൂർവ ഏഷ്യൻ രാജ്യങ്ങളിലാണു കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിംഗപ്പൂർ വിപണിയിൽ കമ്പനിക്ക് ആധിപത്യമുണ്ടെന്ന് ഗല്ല അവകാശപ്പെട്ടു. ആസിയാൻ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാർ പ്രയോജനപ്പെടുത്താൻ ഈ മേഖലയിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനി ആലോചിക്കുന്നുണ്ടെന്നും ഗല്ല വെളിപ്പെടുത്തി.