Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെണ്‍കരുത്തിൽ മെരുങ്ങി ഹാർലി ഡേവിഡ്സണ്‍

anjaly-7 അഞ്ജലി രാജൻ

ബൈക്കുകളുടെ കൂട്ടത്തിലെ താരരാജാവ്, സൂപ്പർ ബൈക്ക്, ക്രൂസർ ബൈക്ക് തുടങ്ങിയ ഓമനപ്പേരുകളിൽ നിന്ന് തന്നെ മനസിലാകും ഇവന്റെ പവർ, അതെ പറഞ്ഞു വരുന്നത് തികച്ചും വിദേശിയായ ഹാർലി ഡേവിഡ്സനെക്കുറിച്ചാണ്. ബൈക്ക് റൈഡർമാരുടെ സ്വപ്ന വാഹനമായ ഈ സുന്ദരനെ കേരളത്തിൽ അടുത്തായി സ്വന്തമാക്കിയിരിക്കുന്നത് ഒരു പെണ്‍കുട്ടിയാണ്, അഞ്ജലി രാജൻ. ബൈക്കുകളോട് ഉള്ള താല്പര്യം അനുസരിച്ച് അത് ഓടിക്കുന്നവരോടും നമുക്ക് ഒരു ബഹുമാനവും സ്നേഹവും ഒക്കെ തോന്നും. അങ്ങനെയെങ്കിൽ, ഹാർലി ഓടിക്കുന്ന ഈ പെണ്‍കുട്ടിയെ നമ്മൾ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും. കരുത്തുറ്റ കൈകളിൽ മാത്രം ഇണങ്ങി ശീലമുള്ള ഹാർലി, ഒരിക്കലും സ്ത്രീകൾക്ക് യോജിച്ച ഇരുചക്ര വാഹനമല്ല. എന്നാൽ, ബൈക്ക് ഹരം തലയ്ക്കു പിടിച്ചപ്പോൾ, അഞ്ജലി ഹാർലി എന്ന ഈ ഒറ്റയാനെയും എളുപ്പത്തിൽ മെരുക്കി. തന്റെ സ്വപ്ന വാഹനമായ ഹാർലി ഡേവിഡ്സണ്‍ സ്വന്തമാക്കിയ അഞ്ജലി തിരുവനന്തപുരം മുതൽ അഹമ്മദാബാദ് വരെ ഹാർലി ഓടിച്ച് റെക്കോർഡ് സൃഷിടിച്ചിരിക്കുകയാണ്.

anjaly-8 അഞ്ജലി രാജൻ

ചെറുപ്പം മുതൽ ബൈക്കുകൾ ഹരമായ അഞ്ജലി സ്വന്തമാക്കുന്ന നാലാമത്തെ ബൈക്കാണ് ഹാർലി. സാഹസിക ബൈക്ക് യാത്രയുമായി ഹാർലിയിൽ ലോകം ചുറ്റുക എന്നതാണ് മലയാളിയും അഹമ്മദാബാദിൽ സ്ഥിര താമസക്കാരിയുമായ അഞ്ജലിയുടെ ആഗ്രഹം. മനസ്സുണ്ടെങ്കിൽ ബൈക്ക് ഓടിക്കുക എന്നത് ഏതൊരു സ്ത്രീക്കും അനായാസമാണ്, 55 കിലോ മാത്രം ഭാരമുള്ള ഞാൻ, 200 കിലോക്ക് മുകളിൽ ഭാരമുള്ള ഹാർലി അനായാസേന കൊണ്ടു പോകുന്നത് മനസ്സിൽ അത്രക്ക് ആഗ്രഹം ഉള്ളത് കൊണ്ട് മാത്രമാണെന്ന് അഞ്ജലി പറയുന്നു. ഇന്ന് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന വനിതാ ബൈക്ക് റൈഡറാണ് അഞ്ജലി. സാഹസിക ബൈക്ക് യാത്രയുടെ ചേരുവ അഞ്ജലി രാജൻ മനോരമ ഒൺലൈനിനോട് പങ്കുവയ്ക്കുന്നു.

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ബൈക്ക് ക്രേസ്

കൃത്യമായി പറഞ്ഞാൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി ഒരു ബൈക്ക് ഓടിക്കുന്നത്. അതിനു മുൻപ് സൈക്കിൾ കൈനറ്റിക് ഹോണ്ടാ എന്നിവയിലായിരുന്നു അഭ്യാസം മുഴുവനും. ഒരു സുസൂക്കി ബൈക്ക് ആണ് ആദ്യമായി ഓടിച്ചത്. ബൈക്കുകളോട് പണ്ട് മുതൽ തന്നെ വല്ലാത്ത സ്നേഹമായിരുന്നു. പിന്നീട് ഞാൻ പതിനേഴാം വയസ്സിൽ ഒരു സുസുക്കി സ്പ്ളണ്ടർ സ്വന്തമാക്കി. ഇടുപതാം വയസ്സിൽ അവെഞ്ച്വർ വാങ്ങി. അതിനു ശേഷം ഇപ്പോൾ 27 ആം വയസ്സിൽ എന്റെ സ്വപ്ന വാഹനമായ ഹാർലിയും.

anjaly-3 അഞ്ജലി രാജൻ

ഹാർലിയും സ്ത്രീകൾക്ക് ഇണങ്ങും

സന്തോഷം എന്നല്ലാതെ എന്തു പറയാൻ. പൊതുവെ ബൈക്കുകൾ, പ്രത്യേകിച്ച് ഹാർലി പോലുള്ള ക്രൂസർ ബൈക്കുകൾ സ്ത്രീകൾക്ക് ഇണങ്ങാത്ത വാഹനമാണ് എന്നാണ് പറയാറ്. എന്നാൽ ഇത് തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം. ആഗ്രഹമുണ്ടെങ്കിൽ ഈ ഭീമൻ ബൈക്കുകളെ എളുപ്പത്തിൽ മെരുക്കിയെടുക്കാം. പാഷൻ, സ്കിൽ, കോണ്‍ഫിഡൻസ് എന്നീ മൂന്നു ഘടകങ്ങളാണ് ബൈക്ക് സഫാരിയിൽ ആവശ്യം. തുടക്കത്തിൽ ഭയം എല്ലാവരിലും ഉണ്ടാകും. എനിക്കും ഉണ്ടായിരുന്നു. എന്നാൽ സാവധാനം ഇത് മാറി പോകുകയും ചെയ്യും.

anjaly-5 അഞ്ജലി രാജൻ

ഹാർലിയുമായുള്ള ആദ്യ യാത്രയുടെ അനുഭവങ്ങൾ

2015 ഫെബ്രുവരിയിൽ ആണ് ഞാൻ ഹാർലി ഡേവിഡ്സണ്‍ എന്ന ഈ സ്വപ്ന വാഹനം സ്വന്തമാക്കുന്നത്. ഹാർലി ഒരിക്കലും ഒരു സാധാരണ വാഹനമല്ല, ചെറുകിട യാത്രകൾക്കോ പറ്റിയ വണ്ടിയല്ല. ഇതൊരു സൂപ്പർ ബൈക്കാണ് , അതുകൊണ്ട് തന്നെ എന്റെ ടെസ്റ്റ്‌ ഡ്രൈവ് തന്നെ അഹമ്മദാബാദ് - ഗോവ, ഗോവ - അഹമ്മദാബാദ് ആയിരുന്നു. ഈ യാത്രയിൽ ഏകദേശം 4000 കിലോമീറ്റർ ആണ് ഞാൻ പിന്നിട്ടത്.വളരെ പവർഫുൾ ആയിട്ടുള്ള ബൈക്കാണിത്. യാത്ര വളരെയേറെ കംഫർട്ടബിൽ ആണ് എന്ന് പ്രത്യേകം പറയണ്ടല്ലോ. ഞാൻ ഹാർലി ഓടിക്കുന്ന കണ്ട് ഒരുപാട് സ്ത്രീകൾ ഇപ്പോൾ ബൈക്ക് ഓടിക്കാൻ പഠിക്കുന്നതിനായി മുന്നോട്ടു വരുന്നുണ്ട്. അവരിലും എന്റെ ബൈക്ക് യാത്ര ആത്മവിശ്വാസം നൽകുന്നു. ഒരു ടു സിലിണ്ടർ ബൈക്ക് ഓടിക്കാൻ കഴിയുക എന്നത് വലിയ ഒരു ത്രില്ല് തന്നെയാണ്.

anjaly-6 അഞ്ജലി രാജൻ

അഞ്ജലി റൈഡർനി എന്ന് കണ്ടല്ലോ, എന്താണ് റൈഡർനി

ഞാൻ കഴിഞ്ഞ കുറെ കാലങ്ങളായി അഹമ്മദാബാദിൽ സ്ഥിരതാമസമാണ്‌ . ഇവിടെ സ്ത്രീകൾ ബൈക്ക് എന്നല്ല ഇരു ചക്ര വാഹനങ്ങൾ ഓടിക്കുന്നത് തന്നെ വളരെ വിരളമാണ്. ഇതിന് ഒരു മാറ്റം വരണം എന്ന് ആഗ്രഹിച്ചപ്പോൾ ഞാൻ തുടങ്ങിയ സംഘടനയാണ് റൈഡർനി. സ്ത്രീകളെ ഇരുചക്ര വാഹനം ഓടിക്കാൻ പഠിപ്പിക്കുന്ന ഒരു കൂട്ടായ്മയാണ് ഇത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി റൈഡർനി മികച്ച രീതിയിൽ തന്നെ പ്രവർത്തിച്ച് വരുന്നു.

anjaly-4 അഞ്ജലി രാജൻ

തിരുവനന്തപുരം - അഹമ്മദാബാദ് ബൈക്ക് യാത്ര

എന്റെ ഹാർലിയുടെ പവർ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച യാത്രയായിരുന്നു ഇത് . 2231 കിലോമീറ്റർ ആണ് ഞാൻ ഈ യാത്രയിൽ പിന്നിട്ടത് . ഏകദേശം 7 ദിവസമെടുത്ത് പല സ്ഥലങ്ങളിൽ താമസിച്ചാണ് ഞാൻ അഹമ്മദാബാദിൽ എത്തിയത്. എന്നാൽ ബാംഗ്ലൂർ മുതൽ മുംബൈ വരെയുള്ള 900 കിലോമീറ്റർ ദൂരം ഞാൻ ഒറ്റയിരുപ്പിൽ ഓടിച്ചെത്തി.

യാത്രകൾ ഒറ്റയ്ക്ക്

കഴിയുന്നതും എന്റെ എല്ലാ യാത്രകളും ഒറ്റക്കാണ്. അച്ഛനും അമ്മയും തരുന്ന പിന്തുണയാണ് എന്റെ വിജയത്തിന്റെ രഹസ്യം. അമ്മ റിട്ടയഡ്‌ പ്രിൻസിപ്പാൾ ആണ്.എന്നാൽ ഒരു അധ്യാപികയെ പോലെ അല്ല. എന്റെ താല്പര്യങ്ങൾ അറിയുന്ന ഒരു സുഹൃത്തിനെ പോലെയാണ് അമ്മ എന്റെ സാഹസീക യാത്രകൾ കാണുന്നത് .

anjaly-1 അഞ്ജലി രാജൻ

അടുത്ത യാത്ര?

അടുത്ത യാത്ര ഞാൻ പ്ലാൻ ചെയ്യുകയാണ്. പക്ഷെ ഇത് ഞാൻ ഒറ്റക്കായിരിക്കില്ല. ഡൽഹി ആസ്ഥാനമായി സാഹസിക ബൈക്ക് യാത്രകൾ ഇഷ്ടമുള്ള ആർമി ഉദ്യോഗസ്ഥരുടെ ഒരു ഗ്രൂപ്പ് ഉണ്ട്. റ്റ്രിംഫ് എന്ന ആ ഗ്രൂപ്പിനൊപ്പം ആയിരിക്കും എന്റെ അടുത്ത യാത്ര. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ദൂരമാണ് അടുത്ത ലക്ഷ്യം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.