Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രക്ക് — ബസ് റേഡിയൽ നിർമാണം ഇരട്ടിയാക്കാൻ അപ്പോളൊ

apollo-tyres

ട്രക്ക്, ബസ് റേഡിയൽ ഉൽപ്പാദന ശേഷി ഇരട്ടിയോളമായി വർധിപ്പിക്കാൻ 3,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അപ്പോളൊ ടയേഴ്സ് ചെയർമാൻ ഓംകാർ എസ് കൺവർ. വില കുറഞ്ഞ ചൈനീസ് ടയറുകളുടെ അനിയന്ത്രിത ഇറക്കുമതി ഇന്ത്യൻ ടയർ നിർമാതാക്കൾക്കു കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ വിപണിയുടെ 35 ശതമാനത്തോളം ചൈനീസ് ടയറുകൾ കയ്യടക്കിയതായും കമ്പനിയുടെ വാർഷിക പൊതുയോഗത്തിനായി എത്തിയ അദ്ദേഹം ആരോപിച്ചു.

ചെന്നൈ ശാലയിലെ ട്രക്ക് — ബസ് റേഡിയൽ നിർമാണശേഷി പ്രതിദിനം 6,000 യൂണിറ്റിൽ നിന്ന് 12,000 യൂണിറ്റായി ഉയർത്താനാണ് അപ്പോളൊ ടയേഴ്സ് ലക്ഷ്യമിടുന്നത്. ഇതിനായി 2,700 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്; വികസന പദ്ധതിയുടെ ആദ്യഘട്ടം ഒക്ടോബറോടെ പൂർത്തിയാക്കാനാവുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ. ഇറക്കുമതി വഴിയെത്തുന്ന, ഗുണനിലവാരമില്ലാത്ത ചൈനീസ് ബസ് — ട്രക്ക് റേഡിയൽ ടയറുകൾ വിപണിയുടെ 30 — 35% കയ്യടക്കിക്കഴിഞ്ഞു. ഇത്തരം ടയറുകളുടെ വ്യാപനം വിപണിക്കു തന്നെ തിരിച്ചടിസ ഷ്ടിക്കുന്നുണ്ട്. പ്രശ്നത്തിന്റെ ഗൗരവം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും കൺവർ വെളിപ്പെടുത്തി.

യു എസ് പോലുള്ള രാജ്യങ്ങൾ ചൈനയിൽ നിന്നുള്ള ടയർ ഇറക്കുമതിക്ക് 35% ചുങ്കം ഏർപ്പെടുത്തി. ഇതു പോലെ മറ്റു രാജ്യങ്ങളും ചൈനയിൽ നിന്നുള്ള ഇറക്കുമതി നിരുത്സാഹപ്പെടുത്താൻ നടപടി സ്വീകരിക്കുന്നുണ്ട്. അതേസമയം, ഇന്ത്യയാവട്ടെ ചൈനീസ് ടയറുകൾക്കായി ആഭ്യന്തര വിപണി തുറന്നുകൊടുക്കുകയാണെന്ന് കൺവർ ആരോപിച്ചു. ഗുഡ്ഇയർ, ബ്രിജ്സ്റ്റോൺ, കോണ്ടിനെന്റൽ തുടങ്ങിയ വമ്പൻ നിർമാതാക്കളെല്ലാം ഇന്ന് ഇന്ത്യയിൽ മത്സരിക്കുന്നുണ്ട്. ഇത്തരം മത്സരം നേരിടാൻ ഇന്ത്യൻ നിർമാതാക്കൾ ബാധ്യസ്ഥരുമാണ്.

എന്നാൽ വിപണി സമ്പദ്വ്യവസ്ഥയുടെ ഭാഗമല്ലാത്ത മത്സരവും ഇതോടൊപ്പം നേരിടണമെന്നത് അന്യായമാണെന്നു ചൈനീസ് ടയറുകളുടെ ഇറക്കുമതി ചൂണ്ടിക്കാട്ടി കൺവർ അഭിപ്രായപ്പെട്ടു. പ്രതികൂല സാഹചര്യങ്ങൾ അതിജീവിച്ചും കഴിഞ്ഞ വർഷം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അപ്പോളൊ ടയേഴ്സിനു കഴിഞ്ഞു. കമ്പനിയുടെ മൊത്തം വരുമാനം 11,700 കോടി രൂപയായപ്പോൾ അറ്റാദായം 317 കോടി രൂപയായി ഉയർന്നു. ഇരുചക്ര വാഹന ടയറുകൾ കൂടിയ അവതരിപ്പിച്ചതോടെ അപ്പോളൊയുടെ ശ്രേണി സമ്പൂർണമായെന്നും കൺവർ അഭിപ്രായപ്പെട്ടു.  

Your Rating: