Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിസ്സാൻ സംയുക്ത സംരംഭം: ഓഹരി അശോക് ലേയ്‌ലൻഡ് ഏറ്റെടുത്തു

ashok-leyland-dost Dost

ജപ്പാനിൽ നിന്നുള്ള നിസ്സാൻ മോട്ടോർ കമ്പനിയുമായി ചേർന്നു സ്ഥാപിച്ച സംയുക്ത സംരംഭങ്ങളിലെ ഓഹരി ഏറ്റെടുക്കാനുള്ള നടപടികൾ ട്രക്ക്, ബസ് നിർമാതാക്കളായ അശോക് ലേയ്‌ലൻഡ് ലിമിറ്റഡ് പൂർത്തിയാക്കി. നിസ്സാനും അശോക് ലേയ്‌ലൻഡും ചേർന്ന് മൂന്നു സംയുക്ത സംരംഭങ്ങളാണ് എട്ടു വർഷം മുമ്പ് സ്ഥാപിച്ചത്. നിയമപ്രകാരം ആവശ്യമുള്ള അനുമതികൾ ലഭിച്ച സാഹചര്യത്തിൽ മൂന്നു സംയുക്ത സംരംഭങ്ങളിലെയും ഓഹരികൾക്ക് മൂന്നു രൂപ നിരക്കിലാണ് ഇടപാടുകൾ പൂർത്തിയാക്കിയതെന്നു കമ്പനി അറിയിച്ചു.
ലഘു വാണിജ്യ വാഹന(എൽ സി വി) വ്യവസായം വളർച്ച നേടി മുന്നേറുകയാണെന്നും ഈ മേഖലയുടെ ഭാവി ശോഭനമാണെന്നും അശോക് ലേയ്‌ലൻഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ വിനോദ് കെ ദാസരി അഭിപ്രായപ്പെട്ടു.

സംയുക്ത സംരംഭങ്ങളുടെ പൂർണ ഉടമസ്ഥത കൈവന്നെങ്കിലും ‘ദോസ്ത്’, ‘പാർട്ണർ’, ‘മിത്ര്’ എന്നിവയുടെ സാങ്കേതിക വിദ്യയ്ക്കായി ഭാവിയിലും നിസ്സാനെ ആശ്രയിക്കും. ഇന്ത്യയിൽ മാത്രമല്ല വിദേശ വിപണികളിലും ഏറെ വിൽപ്പന സാധ്യതയുള്ള മോഡലുകളാണിവയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കമ്പനിയും നിസ്സാനുമായുള്ള ബന്ധം പുതിയ തലത്തിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിസ്സാന്റെ രൂപകൽപ്പനയുടെയും എൻജിനീയറിങ്ങിന്റെയും സാങ്കേതികവിദ്യയുടെയും പിൻബലമുള്ള പിക് അപ് ട്രക്കായ ‘ദോസ്ത്’, എൽ സി വികളായ ‘മിത്ര്’, ‘പാർട്ണർ’ എന്നിവ അശോക് ലേയ്‌ലൻഡ് തുടർന്നും നിർമിച്ചു വിൽക്കും. നിസ്സാനുമായുള്ള ലൈസൻസ് വ്യവസ്ഥയിലാവും ഈ വാഹനങ്ങൾ നിർമിക്കാൻ അശോക് ലേയ്‌ലൻഡിന് അനുമതി.

വാഹനങ്ങളുടെ വിൽപ്പനാന്തര സേവനത്തിനും സ്പെയർ പാർട്സ് ലഭ്യത ഉറപ്പാക്കാനുമായി ഇരുകമ്പനികളുമായി ടെക്നിക്കൽ സപ്പോർട്ട് എഗ്രിമെന്റും നിലവിലുണ്ട്. കൂടാതെ ഇന്ത്യൻ നിർമിത യന്ത്രഘടകങ്ങൾ നിസ്സാനു സമാഹരിച്ചു നൽകണമെന്നും വ്യവസ്ഥയുണ്ട്. അശോക് ലേയ്ലൻഡും നിസ്സാൻ മോട്ടോർ കമ്പനിയും ചേർന്നു മൂന്നു സംയുക്ത സംരംഭങ്ങളാണു 2008ൽ രൂപീകരിച്ചിരുന്നത്. ലഘുവാണിജ്യ വാഹന നിർമാണത്തിനുള്ള അശോക് ലേയ്‌ലൻഡ് നിസ്സാൻ വെഹിക്കിൾസിൽ അശോക് ലേയ്‌ലൻഡിന് 51% ഓഹരിയും നിസ്സാന് 49% ഓഹരിയുമാണ് ഉണ്ടായിരുന്നത്. അതേസമയം നിസ്സാൻ അശോക് ലേയ്‌ലൻഡ് പവർ ട്രെയ്നിൽ നിസ്സാനായിരുന്നു 51% ഓഹരി പങ്കാളിത്തം; ബാക്കി അശോക് ലേയ്‌ലൻഡിലും. നിസ്സാൻ അശോക് ലേയ്‌ലൻഡ് ടെക്നോളജീസിലാവട്ടെ ഇരു പങ്കാളികൾക്കും 50% വീതമായിരുന്നു ഓഹരി പങ്കാളിത്തം.

എന്നാൽ എൽ സി വി വ്യവസായത്തിൽ കരാർ വ്യവസ്ഥകൾ ലംഘിക്കുന്നതായി പരസ്പരം ആരോപിച്ചു രണ്ടു വർഷം മുമ്പാണ് ഇരുപങ്കാളികളും നിയമപോരാട്ടത്തിനു തുടക്കമിട്ടത്. തുടർന്നു രണ്ടു മാസം മുമ്പ് പ്രശ്നം രമ്യമായി പരിഹരിക്കാൻ ഇരുകൂട്ടരും ധാരണയിലെത്തുകയായിരുന്നു. ഈ ധാരണപ്രകാരമാണ് അശോക് ലേയ്‌ലൻഡ് നിസ്സാൻ വെഹിക്കിൾസ് ലിമിറ്റഡ്, നിസ്സാൻ അശോക് ലേയ്ലൻഡ് പവർട്രെയ്ൻ ലിമിറ്റഡ്, നിസ്സാൻ അശോക് ലേയ്ലൻഡ് ടെക്നോളജീസ് ലിമിറ്റഡ് എന്നിവയിലെ നിസ്സാന്റെ ഓഹരികൾ അശോക് ലേയ്ലൻഡ് ഏറ്റെടുത്തത്.  

Your Rating: