Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ് ടി യു വിഭാഗത്തിൽ 3,600 ബസ് വിൽക്കാൻ അശോക് ലേയ്‌ലൻഡ്

ashok-leyland-bus

രാജ്യത്തെ പൊതുമേഖല ട്രാൻസ്പോർട് കോർപറേഷനുകളിൽ നിന്ന് ഇക്കൊല്ലം 3,600 ബസ്സുകൾക്കുള്ള ഓർഡർ ലഭിച്ചതായി വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്‌ലൻഡ്. പത്തിലേറെ സ്റ്റേറ്റ് ട്രാൻസ്പോർട്(എസ് ടി യു) അണ്ടർടേക്കിങ്ങുകളിൽ നിന്നാണ് ഇത്രയും ഓർഡർ ലഭിച്ചതെന്നും ഹിന്ദൂജ ഗ്രൂപ്പിൽ പെട്ട അശോക് ലേയ്‌ലൻഡ് വെളിപ്പെടുത്തി. ഷാസികൾക്കു പുറമെ പൂർണമായും നിർമിച്ച ബസ്സുകളും അശോക് ലേയ്‌ലൻഡ് എസ് ടി യുകൾക്കു നൽകുന്നുണ്ട്. ജവഹർലാൽ നെഹൃ നഗര നവീകരണ(ജൻറം) പദ്ധതി പ്രകാരം ലഭിച്ചതിനു പുറമെയാണ് എസ് ടി യുകൾക്ക് ബസ് നൽകാനുള്ള ഓർഡർ എന്നു കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫിസർ ഗോപാൽ മഹാദേവൻ വിശദീകരിച്ചു. വിവിധ എസ് ടി യുകൾ ഫ്ളീറ്റ് വികസന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അശോക് ലേയ്‌ല‌ൻഡിൽ നിന്നു ബസ് വാങ്ങുന്നത്. ഇടത്തരം — ഭാര വാണിജ്യ വാഹന(എം ആൻഡ് എച്ച് സി വി) വിഭാഗം വിൽപ്പന വളർച്ച വീണ്ടെടുക്കുന്നതിന്റെ സൂചനകൾ പ്രകടിപ്പിക്കുന്നതിനിടയിലാണ് അശോക് ലേയ്‌ലൻഡിന് ഇത്രയും ബസ്സുകൾക്കുള്ള ഓർഡർ ലഭിച്ചിരിക്കുന്നത്.

രാജ്യത്തെ ബസ് വിപണിയിൽ നേതൃസ്ഥാനമുള്ള അശോക് ലേയ്‌ലൻഡ് നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 36% വിഹിതമാണ് അവകാശപ്പെടുന്നത്. 2015 — 16ന്റെ അവസാന പാദത്തിൽ കമ്പനിയുടെ വിപണി വിഹിതം 33% ആയിരുന്നു. ജൂൺ 30ന് അവസാനിച്ച ത്രൈമാസത്തിലെ വിൽപ്പനയിൽ എം ആൻഡ് എച്ച് സി വി വിഭാഗത്തിൽ അശോക് ലേയ്ലൻഡ് 19% വളർച്ച നേടിയിരുന്നു; വ്യവസായത്തിന്റെ ശരാശരി വളർച്ച 15% ആയിരുന്നു.എം ആൻഡ് എച്ച് സി വി വിൽപ്പനയിൽ ഈ വളർച്ച നിലനിർത്താനാവുമെന്ന് അശോക് ലേയ്‌ലൻഡ് മാനേജിങ് ഡയറക്ടർ വിനോദ് കെ ദാസരി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇക്കൊല്ലം ഈ വിഭാഗത്തിലെ വിൽപ്പനയിൽ 15 — 20% വളർച്ചയാണു വാഹന വ്യവസായം പ്രതീക്ഷിക്കുന്നത്. പുതിയ മോഡലുകൾ അവതരിപ്പിച്ചും വിപണന ശൃംഖല വിപുലീകരിച്ചും ഉപഭോക്തൃ കേന്ദ്രീകൃത നടപടികൾ സ്വീകരിച്ചുമൊക്കെ ഈ വിഭാഗത്തിലെ നേതൃസ്ഥാനം നിലനിർത്താനാണ് അശോക് ലേയ്‌ലൻഡ് ലക്ഷ്യമിടുന്നതെന്നും ദാസരി വിശദീകരിച്ചു. കയറ്റുമതി, പ്രതിരോധ സേനകൾക്കുള്ള വിൽപ്പന, മികച്ച വിൽപ്പനാന്തര സേവനം എന്നീ രംഗങ്ങളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. അതേസമയം, ഇന്റർമീഡിയറ്റ് വാണിജ്യ വാഹന(ഐ സി വി) വിഭാഗത്തിൽ കമ്പനി പുതിയ ബസ് പുറത്തിറക്കുമന്ന് ഗോപാൽ മഹാദേവൻ അറിയിച്ചു. ബസ് വിൽപ്പനയിൽ വളർച്ച കൈവരിക്കാൻ ഈ അവതരണവും സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.  

Your Rating: