Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിരോധ രംഗത്തു കൂടുതൽ അവസരം തേടി അശോക് ലേയ്‌ലൻഡ്

ashok-leyland-stallion--6x6

പ്രതിരോധ മേഖലയിൽ വൻവികസനം ലക്ഷ്യമിട്ടു വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്ലൻഡ്. ഇന്ത്യൻ സൈന്യത്തിനായി പീരങ്കി വഹിക്കാനുള്ള ഫീൽഡ് ആർട്ടിലറി ട്രാക്ടർ(എഫ് എ ടി) പ്ലാറ്റ്ഫോം, ഫോർ ബൈ ഫോർ കവചിത വാഹനം, ആംബുലൻസ് തുടങ്ങിയവ നിർമിക്കാനാണു കമ്പനി തയാറെടുക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് 800 കോടി രൂപ വിലമതിക്കുന്ന വിവിധ വാഹനങ്ങൾക്കുള്ള ഓർഡർ ആണു ഹിന്ദൂജ ഗ്രൂപ്പിൽപെട്ട അശോക് ലേയ്ലൻഡ് നേടിയത്. സിക്സ് ബൈ സിക്സ് എഫ് എ ടി 455 എണ്ണവും അത്യാധുനിക ആംബുലൻസ് 825 എണ്ണവും നിർമിച്ചു നൽകാൻ അശോക് ലേയ്ലൻഡിന് ഓർഡർ ലഭിച്ചു. കൂടാതെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽപെടുത്തി ‘സൂപ്പർ സ്റ്റാലിയൻ’ ശ്രേണിയിലെസിക്സ് ബൈ സിക്സ്, എയ്റ്റ് ബൈ എയ്റ്റ്, ടെൻ ബൈ ടെൻ മിലിറ്ററി ട്രക്കുകളും സൈന്യം അശോക് ലേയ്ലൻഡിൽ നിന്നു വാങ്ങുന്നുണ്ട്.

രണ്ടു വർഷത്തിനുള്ളിൽ സൈന്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുമെന്നു കമ്പനിയുടെ പ്രസിഡന്റ് (എൽ സി വി ആൻഡ് ഡിഫൻസ്) നിതിൻ സേത്ത് അറിയിച്ചു. ഇതുവരെ ഫോർ ബൈ ഫോർ ‘സ്റ്റാലിയൻ’ മാത്രമാണു കമ്പനി സൈന്യത്തിനായി നിർമിച്ചിരുന്നത്. ടെൻഡർ നടപടി പൂർത്തിയായതോടെ ‘സ്റ്റാലിയ’ന്റെ സിക്സ് ബൈ സിക്സ്, എയ്റ്റ് ബൈ എയ്റ്റ്, ടെൻ ബൈ ടെൻ വകഭേദങ്ങളും നിർമിച്ചു നൽകാനാണു കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, ‘സ്റ്റാലിയൻ’ ട്രക്കുകൾക്കു സൈന്യത്തിൽ നിന്നു സ്ഥിരമായി ഓർഡർ ലഭിക്കുന്നുണ്ടെന്നും സേത്ത് വെളിപ്പെടുത്തി. ടെൻഡറിൽ 14 വിഭാഗങ്ങളിലും പന്ത്രണ്ടിലും അശോക് ലേയ്ലൻഡായിരുന്നു കുറഞ്ഞ വില ക്വോട്ട് ചെയ്തതെന്നും തുടർന്നു നടന്ന ട്രയലിലും കമ്പനി വിജയിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.എയ്റ്റ് ബൈ എയ്റ്റ്, ടെൻ ബൈ ടെൻ വിഭാഗങ്ങളിൽ ചെക്ക് വാഹന നിർമാതാക്കളായ താത്രയിൽ നിന്നുള്ള ട്രക്കുകളാണു നിലവിൽ സൈന്യം ഉപയോഗിക്കുന്നത്.

തമിഴ്നാട്ടിലെ ഹൊസൂർ ശാലയിലാവും അശോക് ലേയ്ലൻഡ് സൈനിക ആവശ്യത്തിനുള്ള ‘സൂപ്പർ സ്റ്റാലിയൻ’ നിർമിക്കുക. ഉൽപ്പാദനശേഷി ഉയർത്താനായി ശാലയിൽ കൂടുതൽ ജീവക്കാരെ നിയോഗിക്കുമെന്നും സേത്ത് അറിയിച്ചു. ആഭ്യന്തരമായി വികസിപ്പിച്ച 155 എം എം ഹവിറ്റ്സർ ധനുഷ് പീരങ്കികൾ ഈ ‘സ്റ്റാലിയൻ’ ട്രക്കുകളിൽ ഘടിപ്പിക്കാനും അശോക് ലേയ്ലൻഡിനു പദ്ധതിയുണ്ട്. തോക്കുകളുടെ റീകോയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതത്തിൽ ട്രക്കുകളുടെ മേൽക്കൂര തകരുന്നില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നു സേത്ത് വിശദീകരിച്ചു. ഈ മൾട്ടി ബാരൽ തോക്കുകൾ സിക്സ് ബൈ സിക്സ് ‘സ്റ്റാലിയനി’ലാണു ഘടിപ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു. പ്രതിരോധ രംഗത്തു കൂടുതൽ മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ രാജ്യാന്തരതലത്തിലെ പ്രമുഖരായ ലോക്ഹീഡ് മാർട്ടിൻ, സാബ് തുടങ്ങിയ കമ്പനികളുമായി സഹകരിക്കാനും അശോക് ലേയ്ലൻഡ് തീരുമാനിച്ചിട്ടുണ്ട്. ഫോർ ബൈ ഫോർ ലഘു കവചിത വാഹനം വികസിപ്പിക്കാനുള്ള സാങ്കേതിക വിദ്യയ്ക്കു വേണ്ടിയാണു കമ്പനി ലോക്ഹീഡ് മാർട്ടിനുമായി സഹകരിക്കുക.

Your Rating: