Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

800 കോടിക്ക് അശോക് ലേയ്‌ലൻഡ് വാഹനം വാങ്ങാൻ കരസേന

ashok-leyland-stallion--6x6 Stallion 6x6

ടാറ്റ മോട്ടോഴ്സിനു പിന്നാലെ വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്‌ലൻഡിനും ഇന്ത്യൻ കരസേനയിൽ നിന്നു വൻ ഓർഡർ. 800 കോടി രൂപ വില മതിക്കുന്ന വാഹനങ്ങളാണു കരസേന അശോക് ലേയ്‌ലൻഡിൽ നിന്നു വാങ്ങുന്നത്. ലോജിസ്റ്റിക്സ് വിഭാഗത്തിന് ആവശ്യമായ വാഹനങ്ങൾ ലഭ്യമാക്കുന്നതിൽ സേനയുടെ ഏറ്റവും വലിയ സപ്ലയറാണ് അശോക് ലേയ്‌ലൻഡ്. ‘സിക്സ് ബൈ സിക്സ് ഫീൽഡ് ആർട്ടിലറി ട്രാക്ടർ’ അടക്കം ‘സൂപ്പർ സ്റ്റാലിയൻ’ ശ്രേണിയിലെ 450 വാഹനങ്ങളും ഓൾ വീൽ ഡ്രൈവുള്ള 825 ആംബുലൻസുകളുമാണു കരസേന അശോക് ലേയ്ലൻഡിൽ നിന്നു വാങ്ങുക. സാങ്കേതിക വിദ്യ പരിഷ്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു സൈന്യം കൂടുതൽ ‘ഫീൽഡ് ആർട്ടിലറി ട്രാക്ടർ സിക്സ് ബൈ സിക്സ്’, ‘ആംബുലൻസ് ഫോർ ബൈ ഫോർ’ എന്നിവ വാങ്ങുന്നതെന്ന് അശോക് ലേയ്‌ലൻഡ് മാനേജിങ് ഡയറക്ടർ വിനോദ് കെ ദാസരി വിശദീകരിച്ചു.

സേന നിഷ്കർഷിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള വാഹനങ്ങളുടെ നിർമാണത്തിൽ കമ്പനിക്കുള്ള മികവിന്റെ അംഗീകാരം കൂടിയാണു പുതിയ ഓർഡർ എന്നും ദാസരി അഭിപ്രായപ്പെട്ടു. അശോക് ലേയ്‌ലൻഡ് നിർമിച്ചു നൽകിയ എഴുപതിനായിരത്തോളം ‘സ്റ്റാലിയൻ’ ട്രക്കുകളാണു നിലവിൽ സൈനിക സേവനത്തിലുള്ളത്. ഇന്ത്യൻ സൈന്യത്തിനായി യുദ്ധ വാഹനങ്ങൾ വികസിപ്പിക്കാനായി യു എസ് ആസ്ഥാനമായ ലോക്ഹീഡ് മാർട്ടിൻ കോർപറേഷനും അശോക് ലേയ്‌ലൻഡ് ഡിഫൻസ് സിസ്റ്റംസ് (എ എൽ ഡി എസ്) ലിമിറ്റഡുമായി കഴിഞ്ഞ ആഴ്ച കരാർ ഒപ്പിട്ടിരുന്നു. ലോക്ഹീഡ് മാർട്ടിന്റെ കോംബാറ്റ് വാഹനങ്ങളുടെ അടിസ്ഥാന പ്ലാറ്റ്ഫോം ഉപയോഗിച്ച് ഇന്ത്യൻ സേനയ്ക്കായി ലൈറ്റ് ആമേർഡ് മൾട്ടി പർപ്പസ് വെഹിക്കിൾ നിർമിക്കാനുള്ള സാധ്യതയാണ് എ എൽ ഡി എസ് പരിശോധിക്കുന്നത്.

കരസേനയ്ക്കു കൂടുതൽ ഹൈ മൊബിലിറ്റി(എച്ച് എം വി) മൾട്ടി ആക്സിൽ ട്രക്ക് വിൽക്കാനുള്ള കരാർ കഴിഞ്ഞ ദിവസാണു ടാറ്റ മോട്ടോഴ്സ് സ്വന്തമാക്കിയത്. ടാറ്റ മോട്ടോഴ്സിൽ നിന്ന് 619 ട്രക്കുകൾ കൂടി വാങ്ങാനാണു കരസേന തീരുമാനിച്ചത്. ‘സിക്സ് ബൈ സിക്സ് എച്ച് എം വി’യുടെ 1,239 യൂണിറ്റ് ടാറ്റ മോട്ടോഴ്സിൽ നിന്നു വാങ്ങാൻ മുമ്പേ സൈന്യം തീരുമാനിച്ചിരുന്നതാണ്. കാഠിന്യമേറിയ ഓൺ റോഡ് — ഓഫ് റോഡ് സാഹചര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള മികവോടെയാണു ടാറ്റ മോട്ടോഴ്സ് ‘സിക്സ് ബൈ സിക്സ് എച്ച് എം വി’ സാക്ഷാത്കരിച്ചിരിക്കുന്നത്. ദുർഘട പാതകൾക്കു പുറമെ ചതുപ്പും വെള്ളക്കെട്ടുമൊക്കെ കീഴടക്കി മുന്നേറാനും വാഹനത്തിനു കഴിയുമെന്നാണു നിർമാതാക്കളുടെ അവകാശവാദം.