Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശോക് ലേയ്ലൻഡ്-ജോൺ ഡീയർ സഖ്യവും പ്രതിസന്ധിയിൽ‌

ashokleynad-johndeere

വിൽപ്പന കുത്തനെ ഇടിഞ്ഞതോടെ ഹിന്ദൂജ ഗ്രൂപ്പിൽപെട്ട വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്ലൻഡും കൺസ്ട്രക്ഷൻ ഉപകരണ നിർമാതാക്കളായ ജോൺ ഡീയറുമായുള്ള സംയുക്ത സംരംഭം പ്രവർത്തനം പരിമിതപ്പെടുത്തുന്നു. ഇതോടൊപ്പം സംയുക്ത സംരംഭത്തിന്റെ ഭാവിയെക്കുറിച്ചും പങ്കാളികൾ ചർച്ച തുടങ്ങിയിട്ടുണ്ട്. അശോക് ലേയ്‌ലൻഡ്, ജോൺ ഡീയർ ബ്രാൻഡുകളിൽ ബാക്ക്ഹോ ലോഡർ, ഫോർ വീൽ ഡ്രൈവ് ലോഡർ, എക്സ്കവേറ്റർ തുടങ്ങി നിർമാണ മേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമിക്കാനാണ് അശോക് ലേയ്‌ലൻഡും യു എസ് ആസ്ഥാനമായ ജോൺ ഡീയറും ചേർന്നു സംയുക്ത സംരംഭം സ്ഥാപിച്ചത്. ഉപകരണ നിർമാണവും വിൽപ്പനയും ഗണ്യമായി കുറച്ചെന്ന് അശോക് ലേയ്‌ലൻഡ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ ഗോപാൽ മഹാദേവൻ സ്ഥിരീകരിച്ചു. ഒപ്പം സംയുക്ത സംരംഭത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്കും തുടക്കമായിട്ടുണ്ട്. അന്തിമ തീരുമാനമെടുത്താലുടൻ കമ്പനിയുടെ ഭാവിയെക്കുറിച്ചുള്ള പ്രഖ്യാപനം പ്രതീക്ഷിക്കാമെന്നും മഹാദേവൻ വ്യക്തമാക്കി.

ജോൺ ഡീയറുമായുള്ള സംയുക്ത സംരംഭത്തിന്റെ ഉൽപ്പാദനശേഷി പര്യാപ്തമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. അതിനിടെ ജാപ്പനീസ് പങ്കാളികളായ നിസ്സാനുമായുള്ള ബന്ധം വഷളായതോടെ അശോക് ലേയ്‌ലൻഡ് നിയമയുദ്ധത്തിനു തുടക്കം കുറിച്ചിരുന്നു. ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ നിർമാണശാലയിൽ കമ്പനി സ്ഥാപിച്ച ഉപകരണങ്ങൾ നിസ്സാൻ ഉപയോഗിക്കുന്നതു വിലക്കണമെന്നാണു കാഞ്ചീപുരം ജില്ലാ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അശോക് ലേയ്‌ലൻഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ലഘു വാണിജ്യ വാഹന നിർമാണത്തിനായി അശോക് ലേയ്ലൻഡും നിസ്സാനും ചേർന്നു സ്ഥാപിച്ച സംയുക്ത സംരംഭം പരാജയപ്പെട്ടതാണ് നിയമപോരാട്ടത്തോളമെത്തിയത്. ഇരു കമ്പനികളും ചേർന്നു സ്ഥാപിച്ച അശോക് ലേയ്‌ലൻഡ് നിസ്സാൻ വെഹിക്കിൾസ് ചെറുട്രക്കായ ‘ദോസ്തി’നുള്ള എൻജിനുകൾ നിർമിച്ചിരുന്നത് ഒരഗടത്തെ റെനോ നിസ്സാൻ ഓട്ടമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്ലാന്റിലാണ്. ഇന്ത്യയിലും വിദേശ വിപണികളിലും വിൽക്കാനായി റെനോയും നിസ്സാനും വിവിധ മോഡലുകൾ നിർമിക്കുന്നതും ഒരഗടത്തെ ഇതേ ശാലയിൽ തന്നെ.

നിസ്സാനുമായുള്ള പ്രശ്നങ്ങൾ കോടതിയുടെ പരിഗണനയിലാതിനാൽ അതേപ്പറ്റി പ്രതികരിക്കാനില്ലെന്ന നിലപാടിലായിരുന്നു ഗോപാൽ മഹാദേവൻ. അശോക് ലേയ്‌ലൻഡിന്റെ നോട്ടീസ് ലഭിച്ചതായി സ്ഥിരീകരിച്ചതിനപ്പുറം നിസ്സാനും ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല. അശോക് ലേയ്‌ലൻഡ്, നിസ്സാൻ ബ്രാൻഡുകളിലായി രണ്ടര മുതൽ ഏഴര ടൺ വരെ ഭാരവാഹക ശേഷിയുള്ള വാണിജ്യ വാഹനങ്ങൾ വികസിപ്പിക്കാനും നിർമിച്ചു വിൽക്കാനുമായിരുന്നു ഇരുപങ്കാളികളുമായുള്ള ധാരണ. നിസ്സാനുമായുള്ള സംയുക്ത സംരംഭത്തിൽ ‘ദോസ്ത്’, ‘പാർട്ണർ’, ‘മിത്ര എന്നീ വാണിജ്യവാഹനങ്ങളാണ് അശോക് ലേയ്‌ലൻഡ് നിർമിച്ചു വിൽക്കുന്നത്. ഇതിൽ ‘ദോസ്ത്’ വിജയം കൊയ്തെങ്കിലും ആവശ്യക്കാരില്ലാതെ വന്നതോടെ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘സ്റ്റൈൽ’ പിൻവലിക്കേണ്ടിവന്നു. അതേസമയം നിസ്സാനെതിരെയുള്ള നിയമ നടപടിക്കിടയിലും ‘ദോസ്ത്’, ‘പാർട്ണർ’, ‘മിത്ര എന്നീ ലഘുവാണിജ്യ വാഹനങ്ങളുടെ നിർമാണവും വിൽപ്പനയും തുടരുന്നുണ്ടെന്നു മഹാദേവൻ അറിയിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.