Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അര നൂറ്റാണ്ടിനൊടുവിൽ ഡാറ്റ്സൻ വീണ്ടും ലബനനിൽ

redigo

ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാൻഡായി തിരിച്ചെത്തിയ ഡാറ്റ്സൻ കൂടുതൽ വിപണികളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നു. മധ്യ പൂർവ രാജ്യങ്ങളിലേക്കുള്ള മടക്കത്തിന്റെ ഭാഗമായി ലബനനിൽ ഡാറ്റ്സൻ വിൽപ്പനയ്ക്കു തുടക്കമായി.  അര നൂറ്റാണ്ടോളം മുമ്പ് 1967ൽ ‘ബ്ലൂ ബേഡു’മായിട്ടായിരുന്നു ഡാറ്റ്സൻ ആദ്യമായി ലബനനിലെത്തുന്നത്. രണ്ടാം വരവിലാവട്ടെ ഇന്ത്യൻ വിപണിയിലുള്ള ‘ഗോ’യുടെയും ‘ഗോ പ്ലസി’ന്റെയും രൂപാന്തരങ്ങളായ ‘ഓൺ ഡു’, ‘മൈ ഡു’വുമാണു ഡാറ്റ്സനായി പട നയിക്കുക.

സ്വന്തം അഭിരുചികളോടു കിട പിടിക്കുന്ന ആധുനിക കാർ ആഗ്രഹിക്കുന്ന പുതുതലമുറ ലബനനിൽ ഉണ്ടെന്നു കമ്പനിയുടെ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ മേഖല ചെയർമാൻ ക്രിസ്ത്യൻ മാർഡ്രസ് അഭിപ്രായപ്പെട്ടു. ലബനനിലെ സഞ്ചാര സ്വാതന്ത്യ്രത്തിന്റെ ഭാവി തിരുത്തിയെഴുതാനാണു ഡാറ്റ്സന്റെ മടങ്ങിവരവെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വ്യത്യസ്ത അഭിരുചിയുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണു ലബനനിൽ മത്സരക്ഷമമായ വിലയോടെ ഡാറ്റ്സൻ രണ്ടു മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നത്. ‘ഓൺ ഡു’വിലൂടെ കുടുംബങ്ങളെ നോട്ടമിടുന്ന ഡാറ്റ്സൻ ഉല്ലാസപ്രിയരായ യുവതലമുറയ്ക്കു വേണ്ടിയാണു ‘മൈ ഡു’ അവതരിപ്പിച്ചിരിക്കുന്നത്. അര നൂറ്റാണ്ടായി നിസ്സാന്റെയും ഡാറ്റ്സന്റെയും ലബനനിലെ വിതരണക്കാരായ ആർ വൈ എം സി ഒ തന്നെയാണ് ‘ഓൺ ഡു’വും ‘മൈ ഡു’വും വിൽപ്പനയ്ക്കെത്തിക്കുന്നത്.

ലബനനിലേക്കുള്ള ഡാറ്റ്സന്റെ തിരിച്ചുവരവിനെ ചരിത്രമുഹൂർത്തമെന്നാണ് ആർ വൈ എം സി ഒ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഫയസ് റസംനി വിശേഷിപ്പിച്ചത്. നാളെയുടെ ലബനനെ യാഥാർഥ്യമാക്കുന്നവരെയാണു പുതുശ്രേണിയിലൂടെ ഡാറ്റ്സൻ ലക്ഷ്യമിടുന്നത്. ആധുനിക രൂപകൽപ്പനയുടെയും ദൃഢതയുള്ള എൻജിനീയറിങ്ങിന്റെയും പിൻബലമുള്ള ഈ മോഡലുകൾ ആദ്യമായി കാർ വാങ്ങുന്നവരെ ആകർഷിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സ്വപ്നം, ലഭ്യത, വിശ്വസനീയത തുടങ്ങി ഡാറ്റ്സൻ പ്രതിനിധീകരിക്കുന്ന മൂല്യങ്ങളാണ് ‘ഓൺ ഡു’, ‘മൈ ഡു’ മോഡലുകളിൽ പ്രതിഫലിക്കുന്നതെന്ന് ഡാറ്റ്സന്റെ ആഗോള മേധാവി വിൻസന്റ് കോബി അഭിപ്രായപ്പെട്ടു. ലബനനിലേക്കുള്ള മടക്കം ഡാറ്റ്സൻ ചരിത്രത്തിലെ സുപ്രധാന അധ്യായമാണെന്നും ഇത്തരം കൂടുതൽ അധ്യായങ്ങൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വെളിപ്പെടുത്തി.  

Your Rating: