Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ വൻനിക്ഷേപത്തിനൊരുങ്ങി ഔഡി

Audi-A3

മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യയിലെ വിൽപ്പന ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്ന ജർമൻ ആഡംബര കാർ നിർമാതാക്കളായ വൻതോതിലുള്ള നിക്ഷേപത്തിനും തയാറെടുക്കുന്നു. മൂന്നു നാലു മാസത്തിനകം ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ഔഡിയിൽ നിന്നുള്ള വമ്പൻ നിക്ഷേപം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന.

ഉൽപ്പാദനശേഷി ഉയർത്താൻ ആവശ്യമായ വികസന പദ്ധതി സംബന്ധിച്ച് ആഭ്യന്തരതലത്തിൽ ചർച്ച പുരോഗമിക്കുകയാണെന്ന് ഔഡി ഇന്ത്യ മേധാവി ജോ കിങ് അറിയിച്ചു. 2018ൽ ഇന്ത്യയിലെ വാർഷിക വിൽപ്പന 20,000 യൂണിറ്റിലെത്തിക്കാനാണ് ഔഡി ലക്ഷ്യമിടുന്നത്. ഇതു മുൻനിർത്തിയുള്ള നിക്ഷേപ പ്രഖ്യാപനം ഏതാനും മാസത്തിനകം പ്രതീക്ഷിക്കാമെന്നും കിങ് വ്യക്തമാക്കി.

എന്നാൽ നിക്ഷേപത്തിന്റെ തോതോ വികസന പദ്ധതിയുടെ വിശദാംശങ്ങളോ കിങ് വെളിപ്പെടുത്തിയില്ല. അതുപോലെ ഗ്രൂപ് കമ്പനിയായ സ്കോഡയുടെ ഔറംഗബാദിലെ ശാല വികസിപ്പിക്കാനാണോ പുതിയതു സ്ഥാപിക്കാനാണോ ഔഡി പണം മുടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയില്ല. ഒറ്റ ഷിഫ്റ്റ് അടിസ്ഥാനത്തിൽ 14,000 യൂണിറ്റാണ് ഔഡി ഇന്ത്യയുടെ വാർഷിക അസംബ്ലിങ് ശേഷി.

ഇന്ത്യൻ വിപണിക്കായി ദീർഘകാല തന്ത്രങ്ങളാണ് ഔഡി മെനയുന്നതെന്നു കിങ് അറിയിച്ചു. ആഡംബര കാർ വിഭാഗത്തിലെ നേതൃസ്ഥാനം നിലനിർത്താൻ കഴിയുമെന്നും ഔഡി കണക്കുകൂട്ടുന്നു. പരമ്പരാഗത രീതിയിലുള്ള കണക്കെടുപ്പിൽ പോലും 2018ൽ വിൽപ്പന 20,000 യൂണിറ്റിലെത്തിക്കാനാവുമെന്നും കിങ് പ്രതീക്ഷ പ്രകടിപ്പിച്ചു. കാര്യമായി ശ്രമിച്ചാൽ അതിനു മുമ്പുതന്നെ ഈ ലക്ഷ്യം നേടാനാവും. ആ ഘട്ടത്തിലും ആഡംബര കാർ വിപണിയിലെ ഒന്നാം സ്ഥാനം ഔഡിക്കു തന്നെയാവുമെന്നും കിങ് അവകാശപ്പെട്ടു.

തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യയിൽ പതിനായിരത്തിലേറെ കാർ വിൽക്കാനായതാണ് ഔഡിക്ക് ആത്മവിശ്വാസം പകരുന്നത്. 2014ൽ 10,851 യൂണിറ്റായിരുന്നു കമ്പനിയുടെ വിൽപ്പന.

നിലവിൽ ഇന്ത്യയിലെ വിൽപ്പനയുടെ 96 ശതമാനവും പ്രാദേശികമായി അസംബ്ൾ ചെയ്ത മോഡലുകളുടെ വിഹിതമാണെന്നു കിങ് വിശദീകരിച്ചു. അതിനാലാണ് ഔഡിക്ക് തികച്ചും മത്സരക്ഷമമായ വില വാഗ്ദാനം ചെയ്യാൻ കഴിയുന്നത്. ഈ പിൻബലത്തിലാണ് ഔഡി ആഡംബര കാർ വിപണിയിൽ 34% വിഹിതം സ്വന്തമാക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ആഗോളതലത്തിൽ തന്നെ ഔഡിക്ക് ഏറ്റവും ഉയർന്ന വിപണി വിഹിതമുള്ള രാജ്യമാണ് ഇന്ത്യയെന്നും കിങ് ഓർമിപ്പിച്ചു.

VIEW FULL TECH SPECS
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.