Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഡീസൽഗേറ്റ്’: ‘ഡ്യൂകാറ്റി’യെ വിൽക്കില്ലെന്ന് ഔഡി മേധാവി

ducati-959-panigale-3

യു എസിലെ ‘ഡീസൽഗേറ്റ്’ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഫോക്സ്‌വാഗൻ ഗ്രൂപ് ഇറ്റാലിയൻ മോട്ടോർ സൈക്കിൾ ബ്രാൻഡായ ‘ഡ്യുകാറ്റി’ വിറ്റേക്കുമെന്ന വാർത്തകൾ നിഷേധിച്ച് ഔഡി എ ജിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ റുപെർട് സ്റ്റാഡ്‌ലെർ. യോജിച്ചുള്ള പ്രവർത്തനം വഴി മികച്ച ഭാവി ഉണ്ടെന്നതിനാൽ ‘ഡ്യുകാറ്റി’യും ‘ലംബോർഗ്നി’യും ഫോക്സ്വാഗനിൽ തുടരുമെന്നു കഴിഞ്ഞ മാർച്ചിലും സ്റ്റാഡ്‌ലെർ വ്യക്തമാക്കിയിരുന്നു. ഗ്രൂപ്പിന്റെ ഭാവി തന്ത്രങ്ങൾ സംബന്ധിച്ച വിവരണങ്ങളിലും ഇരു ബ്രാൻഡുകളും വിൽക്കുന്നതിനെക്കുറിച്ചുള്ള സൂചനകളുമില്ലായിരുന്നു. ബ്രാൻഡ് എന്ന നിലയിൽ ഡ്യുകാറ്റി മികച്ച വിൽപ്പന കൈവരിച്ച വർഷമായിരുന്നു 2015; ആഗോളതലത്തിൽ 54,800 യൂണിറ്റായിരുന്നു കമ്പനിയുടെ വിൽപ്പന. 2014ലെ വിൽപ്പനയെ അപേക്ഷിച്ച് 9,683 യൂണിറ്റ്(അഥവാ 22%) അധികം. 16,000 യൂണിറ്റിന്റെ വിൽപ്പനയുമായി ‘ഡ്യുകാറ്റി സ്ക്രാംബ്ലർ’ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ചുരുക്കത്തിൽ ഉടമസ്ഥാവകാശം ഔഡിക്കു ലഭിച്ചതിൽ പിന്നെ മികച്ച പ്രകടനമാണു ഡ്യൂകാറ്റി കാഴ്ചവയ്ക്കുന്നത്. ഇതിനാലാവാം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള വഴികൾ തേടുമ്പോഴും ‘ഡ്യുകാറ്റി’യെ കൈവിടാൻ ഫോക്സ്‌വാഗനുള്ള വിമുഖത.

അതേസമയം ഗ്രൂപ്പിന്റെ മൊത്തം ആസ്തികൾ വിലയിരുത്തി പ്രതിസന്ധിയെ അതിജീവിക്കാനുള്ള വഴികളാണു ഫോക്സ്‌വാഗൻ ഗ്രൂപ് സി ഇ ഒ: മത്തിയാസ് മ്യുള്ളർ തേടുന്നത്. ‘ഡ്യുകാറ്റി’ക്കു പുറമെ വാണിജ്യ വാഹന ബ്രാൻഡുകളായ ‘മാൻ’, ‘സ്കാനിയ’ എന്നിവയും ഫോക്സ്‌വാഗൻ വിറ്റഴിക്കാനുള്ള സാധ്യത തെളിയുന്നതും അതുകൊണ്ടുതന്നെ. ഡ്യുകാറ്റിയിൽ നിന്നു കഴിഞ്ഞ വർഷം 70.2 കോടി യൂറോ(5,298 കോടി രൂപ)യാണു ഫോക്സ്വാഗനു ലഭിച്ച വരുമാനം; അറ്റാദായമാവട്ടെ 5.4 കോടി യൂറോ(407.53 കോടി രൂപ)യും. പക്ഷേ മലിനീകരണ നിയന്ത്രണത്തിൽ യൂറോ നാല് നിലവാരം കൈവരിക്കാനായി ഡ്യുകാറ്റിയുടെ ഗവേഷണ, വികസന വിഭാഗത്തിനു ഫോക്സ്വാഗൻ വൻതോതിൽ പണം നൽകേണ്ടിവന്നു. ഇത്രയൊക്ക നിക്ഷേപം നടത്തിയ സാഹചര്യത്തിലും ഗ്രൂപ്പിനു ഭേദപ്പെട്ട ലാഭം നേടിത്തരുന്ന കമ്പനിയെന്ന നിലയിലും ഡ്യുകാറ്റിയെ വിൽക്കാൻ തീരുമാനിക്കുക ഫോക്സ്‌വാഗനെ സംബന്ധിച്ചിടത്തോളം എളുപ്പമാവില്ല.

അതേസമയം 21,300 കോടി യൂറോ (ഏകദേശം 16,07,482.5 കോടി രൂപ) വാർഷിക വരുമാനമുള്ള ഫോക്സ്വാഗൻ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം മൊത്തം വരവിന്റെ 0.3% മാത്രമാണു ഡ്യുകാറ്റിയുടെ സംഭാവന എന്നതും വസ്തുതയാണ്. 74.7 കോടി യൂറോ(5637.51 കോടി രൂപ) മുടക്കിയാണ് ഔഡി എ ജി നേരത്തെ ഡ്യുകാറ്റിയെ സ്വന്തമാക്കിയത്. അതിനാൽ ലാഭക്ഷമതയുള്ള ബ്രാൻഡായ ഡ്യുകാറ്റിയെ നിലനിർത്തണോ അതോ കമ്പനി വിറ്റ് ആ തുക മറ്റു ബ്രാൻഡുകളുടെ പ്രവർത്തനത്തിനു വിനിയോഗിക്കണോ എന്നതാവും ഫോക്സ്‌വാഗൻ അഭിമുഖീകരിക്കുന്ന ചോദ്യം. ഇതിനുള്ള ഉത്തരം കണ്ടെത്തുകയാവട്ടെ എളുപ്പവുമല്ല.

Your Rating: