Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഔഡി ഇന്ത്യയെ നയിക്കാൻ ഇനി രാഹിൽ അൻസാരി

audi-car

ജർമൻ നിർമാതാക്കളായ ഔഡിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ രാഹിൽ അൻസാരിയെ നിയോഗിച്ചു. ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തോടെയാണ് അൻസാരിയെ ഔഡി ഇന്ത്യ മേധാവിയായി നിയമിച്ചത്. ഏതാനും മാസം മുമ്പ് ജർമനിയിലേക്കു മടങ്ങിയ ജോ കിങ്ങിന്റെ പിൻഗാമിയായാണ് അൻസാരിയുടെ വരവ്. നാട്ടുകാരായ മെഴ്സീഡിസ് ബെൻസിൽ നിന്നും ബി എം ഡബ്ല്യുവിൽ നിന്നുമടക്കം ഇന്ത്യയിൽ ഔഡി കനത്ത വെല്ലുവിളി നേടുന്ന സാഹചര്യത്തിലാണ് അൻസാരി കമ്പനിയുടെ സാരഥ്യം ഏറ്റെടുക്കുന്നത്.

മൂല്യമേറിയ നോട്ടുകൾ പിൻവലിച്ചത് ഔഡിയടക്കമുള്ള വാഹന നിർമാതാക്കൾക്കു കനത്ത തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്. ചില മോഡലുകളുടെ ലൈഫ്സൈക്കിളിൽ വരുത്തിയ മാറ്റങ്ങളും വിവിധ വാഹനങ്ങൾക്ക് പെട്രോൾ എൻജിൻ വകഭേദമില്ലാത്തതുമൊക്കെ കമ്പനിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് 20 ശതമാനത്തോളം ഇടിവോടെ ഔഡിയുടെ 2016ലെ വിൽപ്പന 8,500 യൂണിറ്റിലൊതുങ്ങുമെന്നാണു സൂചന. നിലവിൽ ഔഡി ആഫ്റ്റർ സെയിൽസ് ഡിവിഷനിൽ ജനുവൻ പാർട്സ് പ്രൈസിങ് ആഗോള മേധാവിയും ഇന്ത്യൻ വംശജനുമായ അൻസാരിക്ക് ഔഡിയിൽ വിൽപ്പന, വിൽപ്പനാന്തര, വിപണന ശൃംഖല വിപുലീകരണ മേഖലകളിൽ പ്രവർത്തിച്ചു പരിചയമുണ്ട്.

വാഹന വായ്പ വിതരണ വിഭാഗത്തിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആഗോളതലത്തിലെ പ്രവൃത്തി പരിചയത്തിനൊപ്പം ഇന്ത്യൻ വിപണിയെക്കുറിച്ചുള്ള വ്യക്തമായ ധാരണയും അൻസാരിക്കു തുണയാവുമെന്നു ഫോക്സ്വാഗൻ ഗ്രൂപ് സെയിൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ തിയറി ലസ്പിയോക് അഭിപ്രായപ്പെട്ടു. ഔഡിയിലെ സുദീർഘമായ പ്രവർത്തന പരിചയം ബ്രാൻഡിനെ ഇന്ത്യയിൽ ശക്തമായ നിലയിലെത്തിക്കാൻ അൻസാരിയെ സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.