Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഔഡി ചെയർമാൻ സ്ഥാനവും മത്തിയാസ് മ്യുള്ളർക്ക്

audi-new-chairman

ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡിയുടെ പുതിയ ചെയർമാനായി മത്തിയാസ് മ്യുള്ളർ നിയമിതനായി. യു എസിൽ മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ കൃത്രിമം കാട്ടിയതിനു ‘ഡീസൽഗേറ്റ്’ വിവാദത്തിൽ കുടുങ്ങി സ്ഥാനം നഷ്ടമായ ഫോക്സ്‌വാഗന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ മാർട്ടിൻ വിന്റർകോണിന്റെ പിൻഗാമിയായാണ് മ്യുള്ളർ ഫോക്സ്‌വാഗനെ നയിക്കാനെത്തിയത്. ഈ നിയമനത്തോടെ ഔഡി ചെയർമാൻ പദവിയിലും വിന്റർകോണിന്റെ പകരക്കാരനാവുകയാണ് അദ്ദേഹം. ‘ഡീസൽഗേറ്റ്’ വിവാദം കത്തിപ്പടർന്നതോടെ നവംബറിലാണു വിന്റർകോൺ ഔഡിയുടെ ചെയർമാൻ സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ ദിവസം ചേർന്ന ഔഡി സൂപ്പർവൈസറി ബോർഡ് യോഗമാണു ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ സി ഇ ഒയായ മ്യുള്ളറെ കമ്പനിയുടെ പുതിയ ചെയർമാനായി പ്രഖ്യാപിച്ചത്.

ഇതോടൊപ്പം സാങ്കേതിക വിഭാഗത്തിൽ അൾറിച് ഹാക്കെൻബർഗിന്റെ പിൻഗാമിയായി എൻജിൻ വികസന വിഭാഗം മേധാവി സ്റ്റെഫാൻ നിർഷിനെയും ഔഡി നിയോഗിച്ചിട്ടുണ്ട്. ‘പുകമറ’ സോഫ്റ്റ്‌വെയറിന്റെ പേരിൽ വിവാദകേന്ദ്രമായ ‘ഇ എ 189’ എൻജിനുകളുടെ വികസനത്തിന് നേതൃത്വം നൽകിയ ഹാക്കനെബെർഗിനെയും മറ്റു രണ്ട് എക്സിക്യൂട്ടീവുകളെയും രണ്ടു മാസം മുമ്പ് കമ്പനി സസ്പെൻഡ് ചെയ്തിരുന്നു. അതിനിടെ യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ സോഫ്റ്റ്വെയർ സഹായം തേടിയതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഔഡി ഡപ്യൂട്ടി ചെയർമാൻ ബെർത്തൊൾഡ് ഹ്യുബർ അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം അനിവാര്യതയും ശുഭസൂചനയുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കമ്പനിയുടെ മൂന്നു ലീറ്റർ, വി സിക്സ് ഡീസൽ എൻജിനിൽ മലിനീകരണ നിയന്ത്രണ പരിശോധന ജയിക്കാനുള്ള സോഫ്റ്റ്‌വെയറിന്റെ സാന്നിധ്യമുണ്ടെന്ന് രണ്ടാഴ്ച മുമ്പ് ഔഡി സ്ഥിരീകരിച്ചിരുന്നു. മലിനീകരണ നിയന്ത്രണ പരിശോധനയെ മറികടക്കാൻ സോഫ്റ്റ്വെയർ സഹായം തേടുന്നതു യു എസിൽ നിയമവിരുദ്ധമാണെന്നതാണ് ഔഡിയും മാതൃസ്ഥാപനമായ ഫോക്സ്വാഗനും നേരിടുന്ന പ്രതിസന്ധി. ജർമനിയിലെ നെക്കർസം ഫാക്ടറിയിലായിരുന്നു ഈ മൂന്നു ലീറ്റർ, വി സിക്സ് ഡീസൽ എൻജിന്റെ രൂപകൽപ്പനയും നിർമാണവും. ഫോക്സ്വാഗൻ, ഔഡി, പോർഷെ ബ്രാൻഡുകളിലായി 2009 — 2016 കാലത്ത് 85,000 പ്രീമിയം കാറുകളിൽ ഈ എൻജിൻ ഇടംപിടിച്ചിട്ടുണ്ട്.

ഫോക്സ‌്‌വാഗൻ ഗ്രൂപ്പിന്റെ ലാഭത്തിൽ 40 ശതമാനത്തോളമാണ് ഇംഗോൾസ്റ്റാഡ് ആസ്ഥാനമായ ഔഡിയുടെ സംഭാവന. അതുകൊണ്ടുതന്നെ മൂന്നു ലീറ്റർ ഡീസൽ എൻജിനിൽ ‘പുകമറ’ സോഫ്റ്റ്‌വെയറിന്റെ സാന്നിധ്യമുണ്ടെന്ന കമ്പനിയുടെ കുമ്പസാരം ഒൻപതു വർഷമായി ഔഡിയെ നയിക്കുന്ന ചീഫ് എക്സിക്യൂട്ടീവ് റൂപർട് സ്റ്റാഡ്ലർക്കും സമ്മർദം സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഔഡി സൂപ്പർവൈസറി ബോർഡിന്റെ ചോദ്യം ചെയ്യൽ നേരിട്ട സ്റ്റാഡ്ലർ ഇനി മറുപടി നൽകേണ്ടി വരിക ഫോക്സ്വാഗന്റെ 20 അംഗ കൺട്രോളിങ് പാനലിനെയാണ്. ‘ഡീസൽഗേറ്റി’ന്റെ പശ്ചാത്തലത്തിൽ ഔഡി പ്രഖ്യാപിച്ച അന്വേഷണത്തെപ്പറ്റി ഒൻപതിനു ഹാജരായി വിശദീകരിക്കാനാണു സ്റ്റാഡ്ലർക്കുള്ള നിർദേശം. വിവാദത്തെക്കുറിച്ചുള്ള ഇടക്കാല അന്വേഷണ റിപ്പോർട്ട് അടുത്ത ആഴ്ച പ്രസിദ്ധീകരിക്കാനുള്ള തീവ്രശ്രമത്തിലാണു ഫോക്സ്‌വാഗൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.